എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Saturday, April 10, 2010

ഇത്ത

ഇത്ത!
ഞാനും അച്ഛമ്മയും അല്ലാതെ ആ വീട്ടില്‍ അന്നുണ്ടായിരുന്ന മറ്റൊരു മനുഷ്യ ജീവി.
ഞങ്ങളെ സഹായിക്കാന്‍ വന്നിരുന്നതാണ്..ആ കാലത്ത് മാത്രമല്ല... അവര്‍ അതിനു മുന്‍പും .. പിന്നീട് വെല്യാ ന്റിയും ബാല്‍ മാമയും അവിടെ വന്നപ്പോഴുമൊക്കെ ഞങ്ങളുടെ വീട്ടിലെ അംഗമായിരുന്നു...
ഇത്ത ...
രേവിയുടെയും മുണ്ടിച്ചിയുടെയും മകള്‍...
താമസം പകല്‍ മുഴുവന്‍ ഞങ്ങളുടെ വീട്ടില്‍...
കറുത്തു മെലിഞ്ഞ ശരീരം... ഏതെങ്കിലും കണ്ണഞ്ചിപ്പിക്കുന്ന നിറത്തില്‍ ഉള്ള ഒരു ബ്ലൌസും വെള്ള മുണ്ടും വേഷം..  ബ്ലൌസിനുള്ള തുണി ഏതെങ്കിലും "ചേമമാര്‍" അവര്‍ക്ക് കൊടുത്തതാണ് .... അത് കയ്യില്‍ കിട്ടുമ്പോള്‍ അതിന്റെ നിറത്തിന്‍റെ തോതനുസരിച്ച് ഇത്തയുടെ മുഖം വിടരും ... മങ്ങിയ നിറം ആണെങ്കില്‍ മുഖവും മങ്ങുമെന്ന് മാത്രമല്ല ... പിന്നെ കൊടുത്ത ആളെ തിരിഞ്ഞു നോക്കുക പോലുമില്ല ... എന്നെ പോലെ ഓണവും വിഷുവും വരുവാന്‍ കാത്തിരിക്കുമായിരുന്നു ഇത്ത .. കോയമ്പത്തൂര് നിന്നും സുമചേമ, വാല്പാരയില്‍ നിന്നു ലീല ചേമ, ചെറുകരയില്‍ നിന്നു കമല ചേമ, കല്‍ക്കത്തയില്‍ നിന്നു തങ്ക ചേമ, തൃക്കടീരിയില്‍ നിന്നു രാധ ചേമ... ഏറ്റവും കൂടുതല്‍ ഇഷ്ടം  "നെയ്യുട്ടനും മൊങ്ങുട്ടനും" (നിജൂട്ടനും മോനുട്ടനും)... കാരണം അവര്‍ തിരിച്ചു പോകുമ്പോള്‍ ഇത്തയ്ക്ക് പച്ച നോട്ടും (അഞ്ചു രൂപ) ചോന്ന നോട്ടും (രണ്ടു രൂപ) കൊടുക്കുമായിരുന്നു ...   
സമ്പാദ്യം.. ഇത്തക്ക്‌ ഒരു ഇരുമ്പ് പെട്ടിയുണ്ടായിരുന്നു... അതിന്റെ ഒരു വശത്ത്‌ വെള്ള മുണ്ടുകള്‍ അലക്കി മടക്കി വച്ചിരിക്കും മറു വശത്ത്‌ പല നിറങ്ങളിലുള്ള ബ്ലൗസുകള്‍ .. ഒരു കഷണം 501 ബാര്‍ സോപ്പ്.. ഒരു രാധാസ് സോപ്പ്.. ഒരു കണ്ണാടി ...കുറെ പച്ച നോട്ടും .. ചോന്ന നോട്ടും ...പിന്നെ ഒരു വളയന്‍ കാലന്‍ കുട പെട്ടിക്കു മുകളില്‍ .. ഇത്ര മാത്രം .. പക്ഷെ പിന്നീട് ഇത്തക്ക്‌ ബാല്‍ മാമ പോസ്റ്റ്‌ ആഫീസില്‍ ജോലി വാങ്ങി കൊടുത്ത ശേഷം.. സ്വര്‍ണ കമ്മലും മറ്റും വാങ്ങിയിരുന്നു.. പക്ഷെ ആദ്യ കാലങ്ങളില്‍ ഇത്രയെ ആ പെട്ടിയിലുണ്ടായിരുന്നുള്ളൂ ...

ഇത്തയ്ക്ക് ചെറുനാക്കില്ലായിരുന്നു... മുന്‍ വശത്ത്‌ പല്ലും ഉയര്‍ന്നിരിക്കും .. അത് കൊണ്ട് ഇത്ത പറയുന്നത് അധികം ആര്‍ക്കും മനസ്സിലാവില്ല ... പക്ഷെ ഇന്നും ഞങ്ങള്‍ക്കൊക്കെ ഇത്തയുടെ ചില വാക്കുകളുടെ ഉപയോഗങ്ങള്‍ മറക്കാനാവില്ല...

എല്ല് മുറിയെ പണിയെടുക്കും ... ചെറിയ തമാശകള്‍ക്ക് പോലും പൊട്ടി പൊട്ടി ചിരിക്കും ... പക്ഷെ പറയുന്ന ആളെ ഇത്തയ്ക്ക് ഇഷ്ടമാണെങ്കില്‍ മാത്രം .. അല്ലെങ്കില്‍ വെടി പൊട്ടിച്ചാലും ഇത്ത തിരിഞ്ഞു നോക്കില്ല ...

ഇത്തയെ എല്ലാര്‍ക്കും ഇഷ്ടമാണ് .. പക്ഷെ ഇത്തയ്ക്ക് ഇഷ്ടമില്ലാത്ത കുറെ കാര്യങ്ങളുണ്ട്... ഇത്തയെ ചെറുമീന്ന്  ആരെങ്കിലും വിളിക്കുന്നത്‌ ഇത്തയ്ക്ക് ഇഷ്ടമല്ല ... അങ്ങനെ ആരെങ്കിലും വിളിച്ചാല്‍ ഇത്തയുടെ ദേഷ്യം കാണണം ... അങ്ങനെ ഇത്തയെ വിളിച്ചു ഇത്തയുടെ കോപത്തിനിരയായ ഒരു അയല്‍ വാസിയെ എനിക്കറിയാം..
പിന്നെ കയ്പ്പക്ക ഇത്തയ്ക്ക് ഇഷ്ടമല്ല ... കയ്പ്പക്ക കൂട്ടാനാണെന്ന് പറഞ്ഞാല്‍ രണ്ടു കൈ കൊണ്ടും തടസ്സം വച്ച് പറയും..."കപ്പങ്ങ മാങ്ക!!" ഇന്നും വീട്ടില്‍ കയ്പ്പക്ക ഉണ്ടാക്കുമ്പോള്‍ ഞങ്ങളൊക്കെ പറയും "കപ്പങ്ങ മാങ്ക!"

ഇത്തയുടെ കുടുംബം.. കൂടുതല്‍ പേരെയൊന്നും എനിക്കറിയില്ല ... ഇത്തയുടെ ആരൊക്കെയാണ് ഇവരെന്നൊന്നും അറിയില്ല .. പക്ഷെ ചിലരെയൊക്കെ പരിചയപെടുത്താം...
അച്ഛന്‍ - രേവി.
ചെത്തിലേക്ക് പോകുമ്പോള്‍ മാത്രം കുപ്പായം ഇടും ... അല്ലാത്ത നേരത്ത് ഒരു മുഷിഞ്ഞ തോര്‍ത്തും തോളില്‍ ഒരു മന്വേട്ടിയും.. വട്ട മുഖം . ആ മുഖം മുഴുവന്‍ വസൂരിക്കല ..
ഞങ്ങളുടെ വീട്ടില്‍ കിളയ്ക്കാനും മറ്റു കല്‍പണികള്‍ക്കൊക്കെ രേവിയാണ് വരുക ... അച്ചമ്മയുണ്ടാക്കിയിരുന്ന വെണ്ടയ്ക്കും, മഞ്ഞളിനും, ഇഞ്ചിക്കും, ചീരയ്ക്കും, കാവത്തിനും, പയറിനും  മറ്റും .. അതതിനനുസരിച്ചു.. മണ്‍തടം കീറിത്തരും.. നടാനും സഹായിക്കും ... വെണ്ട നടാന്‍ ഞാനും കൂടും .. ഓരോ ചാണ്‍ വിട്ടു അച്ഛമ്മ നടുവിരല്‍ കൊണ്ട് കുഴിയുണ്ടാക്കും .. ഞാനതില്‍ ഈരണ്ടു വിത്ത്‌ വീതം ഇട്ടു മൂടും .. പിന്നെ ദിവസവും നനച്ചു കൊടുക്കും ... ഓണത്തിനു പൂക്കളമിടാനുള്ള തറയുണ്ടാക്കി തന്നിരുന്നതും രേവിയാണ് ...

അമ്മ മുണ്ടിച്ചി... 
ഇവര്‍ ഞങ്ങളുടെ വീട്ടില്‍ പണിക്കൊന്നും വന്നിട്ടില്ല.  പക്ഷെ ചേരങ്ങോട്ടില്‍ കൊയ്ത്തും മെതിയും
നടക്കുന്ന കാലത്ത് അവിടെ കണ്ടിട്ടുണ്ട്  .. കഴുത്തില്‍ പല നിറത്തിലുള്ള കല്ലേം മാലേം ..
കാതിലെ ഓട്ടയില്‍ ഒരു കൊഴികുഞ്ഞിനു കേറിയിരിക്കാം .. അതില്‍ തൂങ്ങികിടക്കുന്ന കല്ല്‌ വച്ച കമ്മല്‍ ... വായില്‍ എപ്പോഴും മുറുക്കാന്‍ … ഇത്തയ്ക്ക് പക്ഷെ മുണ്ടിചിയെ ഇഷ്ടമില്ലായിരുന്നു …

അനുജത്തി രാധ 
ഇവളെ ഇത്തയ്ക്ക് വലിയ ഇഷ്ടമായിരുന്നു … 
പക്ഷെ വീട്ടില്‍ എല്ലാവര്‍ക്കും അവളെ മാത്രമേ
ഇഷ്ടമുണ്ടായിരുന്നുള്ളൂ എന്ന പരിഭവവും ഉണ്ടായിരുന്നു.. 

അമ്മായി നീലി 
ഇവര്‍ എനിക്ക് ഇന്നും ഒരു അദ്ഭുതമാണ്‌  .. സ്ത്രീ ശരീരമുള്ള ആണ്‍ജന്മം …
ഒരു വാസന സോപ്പിനു പകരം ഏതു മരവും കേറും.. കൂടുതല്‍ കാശ് കിട്ടിയാല്‍ കള്ളും കുടിക്കും ..
കുട്ടിയ്ക്ക് പനങ്കരിക്ക് ഇഷ്ടമാണോ? 
അതാ ആ പനയില്‍ നല്ല കായുണ്ട്  .. അച്ചമ്മനോട് പറ ഇനിക്ക് കാശുതരാന്‍ .. ഞാന്‍ കേറി ഇട്ടു തരാം ... 
അച്ഛമ്മ സമ്മതിച്ചു ....
മുണ്ടിന്റെ ഒരറ്റം നടുവിലൂടെ വലിച്ചു പിന്നില്‍ കുത്തി... ഒരു തെരിക വച്ച് നീണ്ടു നില്ക്കുന്ന
ആ പനയുടെ മണ്ട വരെ അനായാസം കേറി..
പിന്നീട് താഴെ വന്ന്‌ ആ പനങ്കരിക്ക് മുഴുവന്‍ ചെത്തി തന്നു.. ആദ്യമായിട്ടായിരുന്നു അങ്ങനെ കഴിക്കുന്നത്‌ .. സാധാരണ അതവിടെ താഴെ വീണു മുളപൊട്ടിയ ശേഷം  .. പൊങ്ങ് ആയതിനു ശേഷം ഞാനും മുംതാസും കൂടി തിന്നലാണ് പതിവ്.
അമ്മായിയുടെ മകള്‍ രമണി 
ഒരു ഓണക്കാലത്താണ് രമണിയെ ആദ്യം കണ്ടത്... രമണി ഊഞ്ഞാല് കെട്ടിയിട്ടുണ്ടെന്നു പറഞ്ഞ് എന്നെ അവരുടെ സ്ഥലത്തേക്ക് കൊണ്ട് പോയി .. ഒരു മുളയുടെ അറ്റം നെടുകെ കീറി അവിടെ വേറൊരു മുളക്കഷണം വച്ച് അതൊരു മരത്തില്‍ കെട്ടി തൂക്കിയിരുന്നു ... രമണി വളരെ ഉയരെ ഊഞ്ഞാലില്‍ ആടുന്നത് കണ്ടു ഞാന്‍ വായും പൊളിച്ചു ഇരുന്നു പോയി... നീലിയുടെയല്ലേ മകള്‍!.. ഊഞ്ഞാലില്‍ മാത്രമല്ല ചില ഓണക്കളികളും കണ്ടു അന്നവിടെ .. രണ്ടു വശത്തായി പെണ്‍കുട്ടികള്‍ വരിയായി പുറകിലൂടെ കൈ കോര്‍ത്തു പാട്ട് പാടി താളത്തിനൊത്ത് ചുവടു വച്ച്..  "പൂപറിക്കാന്‍ പോരിണോ പോരിണോ ..."
ഇവരുടെ കൊയ്ത്തു പാട്ടുകള്‍ കേള്‍ക്കാനും നല്ല രസമാണ് ...
   "അന്‍റെ ചെരമ്മനും കന്നൂട്ടാരന്‍
    ഇന്റെ ചെരമ്മനും കന്നൂട്ടാരന്‍ 
    പിന്നെന്താടി മുണ്ടിച്യെ 
    ഞമ്മള് തമ്മില് മുണ്ട്യാല് ..."

   "കൊയ്ത്തൊക്കെ കയിഞ്ഞപ്പള്
    കോതക്കൊരു പൂതിയുദിച്ച്
    കൊജ്ജാനും മെതിക്കാനും 
    പറ്റുന്നൊരു പെണ്ണ് ..
    
   പുഗ്ഗല്ലേ പുഗ്ഗല്ലേ 
   ചെമ്പരുത്തി പുഗ്ഗല്ലേ ...
  മായംപിണ്ടിക്കൊത്ത കജ്ജില് 
  ബളയുമിട്ട് ...."    

14 comments:

Sranj said...

ഈയിടെ അവിടെ പോയിരുന്ന "മോങ്ങുട്ടനോട്‌" ഞങ്ങളെ എല്ലാവരെയും ഇത്ത അന്വേഷിച്ചൂന്നു പറഞ്ഞപ്പോ സന്തോഷം തോന്നി.. അവന്‍ കൊടുത്ത നൂറു രൂപ നോട്ടിലേക്ക്‌ നോക്കുമ്പോള്‍ ഇത്തയ്ക്ക് കണ്‍ നിറഞ്ഞത്രെ..
കാണണം .. ഒരു ദിവസം അവിടെ ചെന്ന് കാണണം..

Anonymous said...

i saw her just after vellyachchan's demise... dunno why i went there, dont remember the occasion, but went with mom to anamangad.. she cried hearing the news of vellyachchan's death, since he was her "god on earth"... would like to meet her again... hope i do..

smitha

മാണിക്യം said...

ഇത്തയെ കണ്മുന്നില്‍ കണ്ടപോലെ ..കുറെ നേരം ഇത്തയെ മനസ്സില്‍ കൊണ്ട് നടക്കാം നല്ല വര്‍ണ്ണന ... നമ്മള്‍ വീടും നാടും വിട്ടു പോരുമ്പോള്‍ ഇങ്ങനെ കുറെ ആള്‍ക്കാര്‍ കു‌ടെ പോരും. ഒരിക്കലും നമ്മെ വിട്ടു പോവാതെ
അവരുടെ ഓര്‍മ്മകള്‍ തരുന്ന ആ പോസിറ്റീവ് എനര്‍ജി അവയ്ക്ക് പകരം വയ്ക്കാന്‍ ഒന്നും ഇല്ലാ .....
വലിയ പഠിപ്പും പത്രാസും ഉള്ളവര്‍ പറഞ്ഞതിനെക്കാള്‍ ഇവരൊക്കെ പറഞ്ഞത് ജീവിതത്തില്‍ നിറഞ്ഞു നില്‍ക്കും...ചെറിയ കാര്യങ്ങളില്‍ അവര്‍ കണ്ടിരുന്ന സംതൃപ്തി, ഒരു കുഞ്ഞു കാര്യം എന്നു കരുതുന്നത് അവരില്‍ വരുത്തുന്ന സങ്കടം ശരിക്കും നിഷ്കളങ്കമായ മനസ്സ് ഒരു ബ്ലൌസിന്റെ നിറത്തില്‍ മഴവില്ല് മനസ്സില്‍ വിരിയിക്കുന്ന “ഇത്ത”യെ വളരെ ഇഷ്ടമായി....

jayanEvoor said...

നല്ല പോസ്റ്റ്.
കാലമെത്ര മാഞ്ഞാലും ഇത്തരം കഥപാത്രങ്ങൾ മനസ്സിൽ മിഴിവോടെ നിൽക്കും....
നമ്മളെയൊക്കെ വച്ചു നോക്കിയാൽ എത്രയോ നിഷ്കളങ്കജന്മങ്ങൾ.
വല്ലപ്പോഴും ചെല്ലുമ്പോഴുള്ള ഒരു നോക്ക്... ഒരു വാക്ക്...അത്രയൊകെ മതി അവർക്ക് സ്വർഗം കിട്ടാൻ!

ശ്രീ said...

നാട്ടിന്‍പുറങ്ങളുടെ സ്വന്തമായ ശൂദ്ധകഥാപാത്രങ്ങള്‍... നല്ല പോസ്റ്റ്!

രവി ചെമ്മേരി said...

Similar "Itha"s and "Velliammas" lived in our neighbourhood also, but I was not thinking of them at all till I saw you post. Yes when rewinding my memory, though the pictures I am getting are like an old, spoiled black and white movie, it is worth to cherish.
Congratulations.....except for the alphabet problem, the blog was fantastic. I love it. And your responsibility increases now. Your next blog should be better.

Unknown said...

yeah, gud post. we have these "ithas" in our childhood. but our children miss them... they can't think about this type of characters.. they miss all the good things.. thank u for the post.. oru nashtabodham ullil.....

Nishad Gopal said...

Itha.. very well described her.

Thanks to Balmama now she is an employee of the Postal Department.

She hardly (never) knew how to count money and I'm told that she has now got better bank balance.

I happened to speak to her over phone couple of weeks back when my cousin Jijith who is now building a house in Anamangad saw her. But she never accepted it was me and would only approve if she sees me again and wanted me to visit her.

Should go someday. Now that this blog is creating some nostalgia all over may go in the near future itself.

Sranj said...

നന്ദി ... ഇവിടെ വന്നതിനും രണ്ടു വാക്ക് ഇവിടെ കുറിച്ചിടാന്‍ സന്മനസ്സു കാണിച്ചതിനും എല്ലാവര്‍ക്കും നന്ദി..

ഒരു നുറുങ്ങ് said...

ഇതെന്‍റെ സ്വന്തം ഇത്തയുടെ പുനര്‍ജന്മം...!
അവരെ ഞാന്‍ വിളിച്ചിരുന്നത് “കാക്കമ്മ”എന്നാണ്.
“ഇത്ത”മാര്‍ ഇനിയുമിനിയും ജീവിക്കട്ടെ..!

Sranj said...

നുറുങ്ങു ജീ.... എല്ലാ പണിയും ചെയ്തു.. കുടുംബത്തിലെ ഒരാളെപ്പോലെ ജീവിക്കുന്ന ... ഇത്തമാരും കാക്കമ്മ മാരും ഇന്നില്ല...

ഇന്നത്തെ കഥ ഏകദേശം ഇങ്ങനെ - http://ranjusanju.blogspot.com/2009/11/we-are-maid-for-each-other.html

Mohamedkutty മുഹമ്മദുകുട്ടി said...

നാട്ടിന്‍ പുറങ്ങളില്‍ ഇത്തരം കഥാ പാത്രങ്ങള്‍ ധാരാളമുണ്ടായിരുന്നു പണ്ട്.ഇന്ന് കഥയൊക്കെ മാറി.പുതിയ തലമുറക്ക് ഇതൊക്കെ മനസ്സിലാകുമോ ആവോ?. ഗൃഹാതുരത്വം തുളുമ്പുന്ന പോസ്റ്റിങ്ങ്.ഇവിടെയുംനോക്കാം.

Sranj said...

നന്ദി മമ്മൂട്ടിക്കാ .. ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ അറിയിച്ചതിനും ...
ഓര്‍മ്മചെപ്പ് ഒരു തലക്കുന്ന് വായിക്കാന്‍ തൊടങ്ങി ട്ടോ .. ആകപ്പാടെ ഒരു കടലിലെത്തിപ്പെട്ട പോലെ ...

കലികാലം said...

samayam pole vaayicholaam..enthayalum oru nokkinu nalla chanthamundu..thalayil aal thamasamundennu thonnunnu..