എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Monday, February 22, 2010

ഒരു സുപ്രഭാതം

"കുന്ന് കുലുങ്ങിയാലും കുഞ്ഞാച്ചു കുലുങ്ങില്ല!! കുട്ട്യേ ..ഒന്നെണീക്കൈയ്..ഇങ്ങനെണ്ടോ ഒരു കുംഭകര്‍ണസേവ!!!"
മിക്കവാറും ദിവസങ്ങളില്‍ ഇതായിരുന്നു എന്‍റെ സുപ്രഭാതം. എന്‍റെ മാത്രമല്ല .. അയല്പക്കക്കാരുടെയും... ഇത് പാടുന്ന എമ്മെസ് സുബ്ബലക്ഷ്മി വേറാരുമല്ല .. എന്‍റെ അച്ഛമ്മ! സാക്ഷാല്‍ കുരിയാടി ചിന്നമ്മു.
ജ്ജെന്തിനാ ചിന്നമ്മ്വോ ഈ രണ്ടാം ക്ലാസ്സില്‍ പഠിക്കണ കുട്ടീനെ അഞ്ചു മണിക്ക് എണീപ്പിക്കണ്? അയിന് ഒമ്പത് മണിക്കല്ലേ ഉസ്കൂള് ?
അത് വല്യുമ്മ... ശരിക്കും പേരറിയില്ല ... ഹജ്ജുമ്മ എന്നും ചിലര്‍ വിളിക്കും ... വെളുത്ത കുപ്പായം .. കറുത്ത മുണ്ട്.. അത് നല്ല വീതിയുള്ള ഒരു വെള്ളി അരപ്പട്ട കൊണ്ട് മുറുക്കി ഉടുത്തിട്ടുണ്ടാവും. വായില്‍ എപ്പോഴും വെറ്റില മുറുക്കിയതിന്റെ അടയാളം.... കയ്യിലൊരു വെറ്റിലചെല്ലം... തലയിലൊരു വെളുത്ത തുണി കൊണ്ട് മടക്കി വച്ച മക്കന... എല്ലാരോടും സ്നേഹം.. അതായിരുന്നു വല്യുമ്മ ...
രാവിലെ വെറുതെ വരും .. കുറച്ചു നേരം സൊറ പറഞ്ഞു തിരിച്ചു പോകും.. അന്നും അങ്ങനെ പതിവ് പോലെ വന്നതാണ്.
അതിനെങ്ങനെയാ ..അഞ്ചു മണിക്ക് തൊടങ്ങിയാലെ അവള്‍ ഏഴു മണിക്ക് എണീക്കൂ .. എന്നിട്ടോ അവിടേം ഇവിടേം ഒക്കെ ഒരു സ്ഥാപിക്കലാണ് ... പല്ല് തേച്ചു വരുമ്പോഴേക്കും സമയം ഒമ്പത്..
അച്ഛമ്മ എന്നെ സ്കൂളിലേക്ക് പുറപ്പെടീക്കുന്ന തിരക്കിലാണ്.
ഇനിയെനിക്ക് ചാക്ക് നൂലോണ്ട് മുടി കെട്ടി തരരുത് ട്ടോ!.. എല്ലാരും എന്നെ കളിയാക്കുന്നു...
ഇക്കിങ്ങനേ പറ്റൂ .. എനിക്കാ റിബ്ബണ്‍ കയ്യിന്നു വഴുക്കി കളിക്കും ... അല്ലെങ്കില് ഇനി ഒറ്റയ്ക്ക് മുടി കെട്ടാന്‍ പഠിച്ചോ...
അടുത്തത് കുറിയാണ്. കുറി തൊടാതെ എങ്ങോട്ടും പോകുന്നത് അച്ഛമ്മക്ക്‌ ഇഷ്ടമല്ല.
ഒരു വാഴയിലക്കഷണം എന്‍റെ നെറ്റിയില്‍ വച്ച് അതില്‍ നിന്ന് ഓരോ വരി വിട്ടു ഇലചീന്തു കീറിക്കളയും .. എന്നിട്ട് ആ വിടവുകളിലൂടെ ചന്ദനം പൂശും .. ഇലയെടുതല്‍ കിറുകിറുത്യം മൂന്നു നീണ്ട ചന്ദന വരകള്‍ (നെറ്റിയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ).. എന്നിട്ടതിന്റെ നടുവില്‍ ഒരു കുങ്കുമ പൊട്ട്!!!
എല്ലാം കഴിഞ്ഞു അതിലേക്കു നോക്കി സ്വന്തം കഴിവില്‍ അഭിമാനിക്കും ... അച്ഛമ്മയുടെ ചെറുപ്പത്തില്‍ ഏതോ ഒരു "കുട്ടി" അങ്ങനെ കുറി തൊട്ടു വന്നിരുന്നത് അച്ഛമ്മ ഇടയ്ക്കു പറയാറുണ്ട് (അത് കഴിഞ്ഞു രണ്ടു തലമുറ കടന്നു പോയതു അച്ഛമ്മ മനപൂര്‍വം മറന്നു!)..
സ്കൂളിലേക്ക് കയറിയതും അപ്പൂട്ടന്‍ മാഷ് !!
"എന്തേ കുട്ടീ ചന്ദന കിണ്ണത്തില് തല കുത്തി വീണോ?"
ചുറ്റുമുണ്ടായിരുന്ന കുട്ട്യോള്‍ക്ക് ചിരിക്കാന്‍ നല്ല വക. അതും ഫലിതം പൊട്ടിച്ചത് ഹെഡ് മാഷ് ..
ചിരിക്കാതിരിക്കരുതല്ലോ!!... ആരും കാണുന്നതിനു മുന്‍പ് കണ്ണും ഒപ്പം ചന്ദനക്കുറിയും പാവാട തലപ്പ് കൊണ്ട് തുടച്ച് ക്ലാസ്സിലേക്ക് കയറി!