എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Monday, March 29, 2010

പരമേശ്വരന്‍ ആശാരി


മോളെ.. ഇതാണ് ഞാന്‍ പറഞ്ഞ പരമേശ്വരന്‍ ആശാരി.. കാറല്‍ മണ്ണേന്ന് ഇപ്പൊ എത്തിയെ ഉള്ളൂ..

ഇവിടെ ഈ മേശ മുതല്‍ കഴുക്കോല്‍ വരെ ദാ ഈ ഉളി ഉഴിഞ്ഞതാ ... അദ്ദേഹം ആ ഉളി നീട്ടി കാണിച്ചു കൊണ്ട് അഭിമാനപൂര്‍വം പറഞ്ഞു. ഇത് തേക്ക്... ഇത് പ്ലാവ് ... ഇത് ആഞ്ഞിലി ... ഇത് നല്ല കരിവീട്ടി ... വീട്ടിലെ ഓരോ മര ഉരുപ്പടികളും തട്ടി നോക്കി കൂടെ വന്ന ശിഷ്യന്‍ മാരോട് തന്‍റെ വൈദഗ്ധ്യം വിവരിച്ചു കൊടുക്കുകയായിരുന്നു അദ്ദേഹം...

പരശുരാമന്‍ മാമേ... ഭക്ഷണം വിളമ്പി വച്ചിട്ടുണ്ട് ... അച്ഛമ്മ വിളിക്കുന്നു...

ഹൈ... കുട്ടീ ഞാന്‍ പരശുരാമനല്ല... പരമേശ്വരന്‍....

ശിഷ്യന്മാരുടെ ചിരി മൂപ്പര്‍ക്ക് അത്ര പിടിച്ചില്ല ...
കുട്ടി ഊണ് കഴിക്കാന്‍ വിളിച്ചത് കേട്ടില്ലേ? അതിനെങ്ങനെയാ ... ഊണിനു വിളിച്ചാല്‍ ആശാരി മുട്ടെടാ മുട്ട് ന്ന് കേട്ടിട്ടില്ലേ .. അതാ കഥ ...

കുട്ടീ .. കുട്ടി എന്നെ രാവിലേം വിളിച്ചു പരശു രാമന്‍ ന്ന് ... ന്‍റെ പേര് പരമേശ്വരന്‍ .. ദാ ഇത് കണ്ടോ .. ഈ ഉളി ആയുധമായിട്ടുള്ളവന്‍...

ആ മഴു കണ്ടോ.. അത് ആയുധമായിട്ടുള്ളവന്‍ പരശു രാമന്‍..

ഓ.. അത് ശരി...... അപ്പോ ആ മാമേം ഇന്ന് പണിക്കു വരുന്നുണ്ടോ?

ആര്?

ആ മഴു ആയുധമായിട്ടുള്ള പരശു രാമന്‍ മാമ!

ശിഷ്യന്മാര്‍ ഉറക്കെ ചിരിക്കാന്‍ തുടങ്ങി.. പിന്നെ അതിലൊരു ശിഷ്യന്‍ എനിക്ക് വിവരിച്ചു തന്നു.. കുട്ടീ .. ഇത് ആ മാമ ഈ പ്രദേശത്തേക്ക് എറിഞ്ഞ മഴുവാണ്... കുട്ടീടെ അച്ഛമ്മ അതെടുത്തു കൊണ്ട് വന്ന്‌ ഇവിടെ ഈ കോഴിക്കൂടിന്റെ മേലെ ചാരി വച്ചതാണ്..!

ഛെ.. ഈ അച്ഛമ്മ..

അച്ഛമ്മ എന്തിനാ വല്ലോര്ടെം മഴു നമ്മടോടെ കൊട്‌ന്നു വച്ചത്?

ഏതു മഴു?

ആ ആശാരി മാമ പറഞ്ഞല്ലോ പരശു രാമന്‍ മാമ ഇങ്ങോട്ടെറിഞ്ഞ മഴു അച്ഛമ്മ ഇവിടെ കൊണ്ടന്നു ഒളിപ്പിച്ചു വച്ചതാണെന്ന്..

അച്ഛമ്മ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി.. പിന്നെ ചിരി ചുമയായി.. കുട്ടീ നീ ദീപം കൊളുത്തി വാ .. ആ കഥ പറഞ്ഞു തരാം... അച്ഛമ്മ പിന്നേം ചിരിക്കാന്‍ തുടങ്ങി..

അല്ലെങ്കില്‍ വേണ്ട... എന്തോ വലിയ ചിരിക്കുള്ള കഥയാണെന്ന് തോന്നുന്നു.. ആ ആശാരിമാരും കുറെ ചിരിച്ചു എന്നോട് ഈ സത്യം പറഞ്ഞപ്പോള്‍..അച്ഛമ്മ കുറെ ചിരിച്ചാല്‍ പിന്നെ ചുമയും വലിവുമൊക്കെ വരും .... പിന്നെ ഈ നേരത്ത് കുഞ്ഞായിശുമ്മാനെ വിളിക്കാന്‍ പോണ്ടി വരും .. നാളെ പകല് ചോദിക്കാം ...

ദീപം ... ദീപം... ദീപം...

Thursday, March 25, 2010

വീട്

കുരിയാടി വീട്
ആനമങ്ങാട് പി. ഒ.
മലപ്പുറം ജില്ല 679357


യു. പി. സ്കൂളിന്‍റെ അടുത്തുള്ള ഇടവഴിയില്‍ കാണുന്ന ആദ്യത്തെ വീട്.


പടി കടന്നു വേണം പോകാന്‍.  മുകളിലെ അഴിക്കു മാത്രം കുറച്ചു വീതിയുണ്ട്.  മുന്നിലെ ഗ്രൌണ്ടില്‍ ഫുട്ബോള്‍ കളി നടക്കുമ്പോള്‍ ഇതായിരുന്നു ഞങ്ങളുടെ VIP ഗ്യാലറി.  കളിയൊന്നും മനസ്സിലായില്ലെങ്കിലും മതിലുകളില്‍ സ്ഥലം കിട്ടാന്‍ അടികൂടുന്ന കുട്ടികളുടെ മുന്നില്‍ അതില്‍ ഞാനും ബാല്‍മാമയും മാത്രം ഇരിക്കുന്നത് ഒരു ഗമ തന്നെയായിരുന്നു.  പടി കടന്നു മണ്ണുകൊണ്ട് ചെത്തി തേച്ച ചവിട്ടുപടികള്‍ കടന്നു വേണം വീടിന്റെ മുറ്റത്ത് എത്താന്‍.  കയറി ചെല്ലുന്നത്‌ പൂമുഖത്തേക്ക്‌.  തലയല്‍പം ചരിച്ചു ചെറിയൊരു പുഞ്ചിരിയും തൂകി നില്‍ക്കുന്ന അച്ചച്ചന്റെ ഫോട്ടോയാണ് ആദ്യം കാണുക.  ഒരു ചുമര് മുഴുവന്‍ ദമ്പതികളുടെ ഫോട്ടോകള്‍.  അച്ഛമ്മയുടെ മക്കള്‍ ഭാര്യാ ഭര്‍തൃ സമേതം.  പിന്നെ അവരുടെ കുട്ടികളും ...പിന്നെ വരാന്ത .. അതില്‍ നിന്നു കേറിയാല്‍ പടിഞ്ഞാറ്റിയും വടക്കേ അറയും.  ഗോവണി കയറിയാല്‍ മുകളിലെ മുറി.  അവിടെ അധികവും വിരുന്നു കാര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ള കോസടിയും മറ്റും ചുരുട്ടി വച്ചിരിക്കും.  പിന്നെ കൂറ്റന്‍ മണ്‍ ഭരണികളില്‍ തേന്‍ ഊറുന്ന പുളിയുരുണ്ടകള്‍... അവിടെന്നു നോക്കിയാല്‍ തൊടിയും പറമ്പും ഇടവഴികളും അയല്‍ പക്കത്തെ വീടുകളും കാണാം.


വീടിന്റെ മുറ്റത്ത്‌ കുറച്ചു ഇടത്തോട്ടു മാറി ഒരു തുളസിത്തറയുണ്ട് .. അല്ലെങ്കില്‍ മുല്ലത്തറ.. അതിലെപ്പോഴും മുല്ലയായിരുന്നു.  അവിടെയായിരുന്നു ദീപം വച്ചിരുന്നതും.  അതിനിപ്പുരമുള്ള വിറകുപുരയുടെ അടുത്താണ് ഞങ്ങളുടെ ആട്ടിന്‍കുട്ടിയെ കെട്ടിയിരുന്നത്. വിറകുപുരയുടെ ഉള്ളില്‍ അടുക്കളയില്‍ നിന്നു ഇറങ്ങുന്നവിടെ ആട്ടുകല്ല്... അതെപ്പോഴും ഒരു കുന്താണി കൊണ്ട് മൂടി വക്കും.  വീടിന്റെ പിന്നിലാണ് കോഴിക്കൂട്.  അതിനപ്പുറം ഉരലുപുര.


പ്ലാവും, മാവും, പുളിയും, തെങ്ങും, പനയും, തേക്കും, മുരിക്കും... അങ്ങിനെ എല്ലാ മരങ്ങളും നിറഞ്ഞു നില്‍ക്കുന്ന തൊടിയാണ് വീടിനു ചുറ്റും.  വീടിന്റെ വടക്ക് കിഴക്ക് വശത്തുള്ള നാടന്‍ മാവിന്റെ ചുവടായിരുന്നു ഞാന്‍ ഏറ്റവും അധികം ചിലവഴിച്ച സ്ഥലം.. ഇല്ലി വേലിയുടെ അപ്പുറത്തും ഇപ്പുറത്തും നിന്നു ഞാനും മുംതാസും കഥകളും തമാശകളും പറഞ്ഞു ഇടയ്ക്കു വീഴുന്ന മാങ്ങ കല്ലില്‍ തല്ലി പതപ്പിച്ചു .. ആരാണ് ഏറ്റവും നന്നായി പതപ്പിച്ചതെന്നു മത്സരിച്ചിരുന്നത് അവിടെയാണ്.. ഇടയ്ക്കു അസീസും സലീമും കല്ലെറിഞ്ഞിട്ടും .. മാങ്ങ വീണേ എന്ന് പറഞ്ഞു ഞങ്ങളെ പറ്റിച്ചു ചിരിചിരുന്നതും അവിടെയാണ്.  വീടിന്റെ നേരെ മുന്നിലൊരു മാവുണ്ട്.  പക്ഷെ അത് എപ്പോഴെങ്കിലുമോക്കെയെ കായ്ക്കുള്ളൂ.  "ഇതെന്‍റെ ഗോപാലന്‍ സേലത്തുന്നു കൊണ്ടന്നതാ" .. എന്ന് പറഞ്ഞു അച്ഛമ്മ എപ്പോഴും വെള്ളം ഒഴിച്ചിരുന്ന മല്‍ഗോവ ഒരിക്കല്‍ പോലും പൂത്തിരുന്നില്ല.. പിന്നീടാരോ പറഞ്ഞു അത് ഒട്ടുമാവ് ആണെന്ന് .. എങ്കിലും അച്ഛമ്മ വെള്ളം ഒഴിക്കല്‍ നിര്‍ത്തിയിരുന്നില്ല.  പിന്നെയുള്ളത് പടിക്കലുള്ള ഗോമൂചിയാണ്.  അവന്‍റെ വളഞ്ഞു ചരിഞ്ഞുള്ള നില്‍പ്പ് തന്നെ പ്രൌഡ ഗംഭീരമാണ്.  ഈ ചാഞ്ഞ മരത്തില്‍ സത്യമായിട്ടും വലിഞ്ഞു കേറാമായിരുന്നു.  ഗ്രൌണ്ടിലെ കളി കഴിഞ്ഞാല്‍ കുട്ടികള്‍ ഈ ഗോമൂചിയിലെ വലിയ പൊത്ത് പന്തും ബാറ്റും സൂക്ഷിക്കുന്ന ലോക്കര്‍ ആയി ഉപയോഗിച്ചിരുന്നു.  പക്ഷെ ഇതിലെ പഴങ്ങളും ഞങ്ങള്‍ക്ക് കിട്ടില്ല.. അണ്ണാനും .. കാക്കയും തിന്നതിന്റെ ബാക്കി ഗ്രൌണ്ടിലെ പിള്ളേരും എറിഞ്ഞു വീഴ്ത്തും.  രാവിലെ പോയി നോല്‍ക്കിയാല്‍ പോലും അണ്ണാന്‍ കടിക്കാത്ത ഒരു മാമ്പഴവും കിട്ടില്ല.. ഗോമാങ്ങക്ക് ഗുരുത്വാകര്‍ഷണം തടയാനുള്ള കഴിവുണ്ടോ... പക്ഷെ അതിലേക്കു നോക്കി അധികം വെള്ളമിറക്കി നില്‍ക്കാനൊന്നും അച്ഛമ്മ സമ്മതിക്കില്ല... 


കുട്ടീ.. ഇയ്യ്‌ അവിടെ തപസ്സു തുടങ്ങിയോ .. വല്ലോരും പെറുക്കണേന്‍റെ മുമ്പേ ആ പുളിയൊക്കെ പെര്‍ക്കി കൊട്ന്നൂടെ?


പോട്ടെ..പുളി പെറുക്കാനുണ്ട് .. .....ആദ്യം തെക്കേ പുളീലെ പുളി.. ഇടവഴീടെ അടിത്തായതോണ്ട് വഴീക്കൂടി പോണ ചെക്കമ്മാര് പെറുക്കും അല്ലെങ്കില്.      നല്ല ദശക്കട്ടിയുള്ള പുളിയാണത്       .. ഇതിന്റെ ചെനച്ച പുളിക്ക് നല്ല രുചിയാണ്.. പടിഞ്ഞാറേലെ പുളിക്ക് ദശക്കട്ടിയില്ല .. ഒട്ടിയിരിക്കും .. കുരു കളയാനും നല്ല പാടാണ്.  പക്ഷെ ഉണങ്ങിയാല്‍ ഇത്ര മധുരമുള്ള പുളി വേറെയില്ല... ഇതോണ്ട്  ഓണത്തിനു അച്ഛമ്മ ഉണ്ടാക്കുന്ന പുളിയിഞ്ചി ... ഹോ .. വായില്‍ വെള്ളമൂറുന്നു...


കിഴക്കേ തൊടിയില്‍ കാണുന്ന പ്ലാവ് വരിക്കയാണ്.. എപ്പഴെങ്കിലും ഒക്കെയേ കായ്ക്കൂ.. പക്ഷെ അവന്‍ തേന്‍ വരിക്കയാണ് സാധനം...  എന്‍റെ ആട്ടിന്‍ കുട്ടിക്ക് കൊടുക്കാന്‍ പ്ലാവില ഞങ്ങള്‍ ഇതില്‍ നിന്നാണ് പറിക്കുക.  പടിഞ്ഞാറെ തൊടിയുടെ മൂലയില്‍ കാപ്പ്രക്കാരുടെ  (കാവല്‍ പുര വീട് അല്ലെങ്കില്‍ KP മന്‍സില്‍ ) വീടിന്റെ അടുത്തുള്ളതു പഴംചക്ക പ്ലാവാണ്.  ഇതിലെ ചക്കകളും ഇടവഴിയിലെ വഴിപോക്കര്‍ക്കു സ്വന്തം.  ഇതിന്റെ ചോട്ടിലായിരുന്നു ഇടിവെട്ടുമ്പോള്‍ കൂണ്‍ പൊട്ടി മുളച്ചിരുന്നത്.


പക്ഷെ ഇവിടെ ഒറ്റയ്ക്ക് വരാന്‍ എനിക്ക് പേടിയാ.  ഇവിടെ വേറൊരു സായിപ്പുണ്ട്.. ഒരു കോല് നാരായണന്‍... ഞാന്‍ പോട്ടെ.. പിന്നെ വരാം.....

Friday, March 12, 2010

കഥ തുടങ്ങുന്നു ...

"വര്ണ വഴിയാ ല്ലേ?"

"ഇന്നെത്തിയെ ള്ളൂ?"... 

ഒന്നുമല്ലെങ്കില്‍ തല കുലുക്കി ഒരു "ങ്ഹാ"...   എന്തെങ്കിലും ചോദിക്കാതെ ആനമങ്ങാട്ടുകാര്‍ ഒരിക്കലും മുന്നോട്ടു പോകില്ല ... അയല്പക്കത്ത് ഒരപകടം നടന്നാലും തിരിഞ്ഞു നോക്കാത്ത പട്ടണ വാസികള്‍ക്ക് അതൊരു പുതുമയായിരിക്കും...

എല്ലാവരോടും അതെ  അതെ എന്ന് മറുപടി പറഞ്ഞു കൊണ്ട് പെട്ടിയും പിടിച്ചു അച്ഛന്‍ മുന്നില്‍ നടക്കുന്നു... കുഞ്ഞനിയനെ ഒക്കത്ത് വച്ച് ഒരു കയ്യില്‍ എന്നെയും പിടിച്ചു അമ്മ പുറകില്‍... 

ആനമങ്ങാട് ബസ്സിറങ്ങി യു. പി. സ്കൂളിന്റെ അടുത്തുള്ള  വഴിയിലൂടെ സ്കൂള്‍ ഗ്രൌണ്ടും കഴിഞ്ഞു ടൈറോസ് ക്ലബ്‌ സ്ടേജിന്റെ പിന്നിലെ ഇടവഴിയിലൂടെ നടന്നാല്‍ ആദ്യത്തെ വീട്..(ഇന്നവിടെ മാറ്റങ്ങള്‍ ഉണ്ടായിരിക്കണം ...) അന്ന് ഗൂഡല്ലൂരില്‍ നിന്ന് അവിടെ വന്നിറങ്ങുമ്പോള്‍ എനിക്കറിയില്ലായിരുന്നു പിന്നെ അങ്ങോട്ടുള്ള നാലു വര്‍ഷം അവിടെയായിരിക്കും എന്ന്.

കുട്ടിയെ ഒന്നാം ക്ലാസ്സില്‍ ഇവിടെ എല്‍. പി. സ്കൂളില്‍ ചേര്‍ത്താം.  തുണക്ക് ചേറങ്ങോട്ടിലെ പുഷ്പയും ജയയും ഒക്കെ ണ്ടല്ലോ.. പേടിക്കാനൊന്നുമില്ല... 


അങ്ങനെ ആ ജൂണില്‍ ആനമങ്ങാട് എല്‍. പി. സ്കൂളില്‍ ചേര്‍ന്നു.  അടിക്കാത്ത മറിയ ടീച്ചറുടെ ക്ലാസ്സ്‌... മായ, സീന, റഹ്മത്ത്, രജനി, ശ്രീവിദ്യ, ശ്രീജ, .. അങ്ങനെ കുറെ കൂട്ടുകാര്‍ ... സ്കൂളിലേക്ക് പോകാനും വരാനും ചേച്ചിമാര്‍ കൂടെ.. സ്കൂളും, സ്കൂളിനു പുറത്തെ അബുക്കാന്റെ ചോരക്കട്ട പെന്‍സില്‍ കിട്ടുന്ന കടയും, ഉച്ചക്ക് തരുന്ന ഉപ്പുമാവും, സേവന വാരത്തിന്റെ ദിവസങ്ങളിലെ "സേവനങ്ങളും," വെള്ളിയാഴ്ചകളിലെ സാഹിത്യ സമാജം മത്സരങ്ങളും, ഒന്നാം ക്ലാസ്സിന്റെ ഇപ്പുറം മൂത്രപ്പുരക്ക്‌ പോകുന്ന വഴിയിലെ കുഞ്ഞു മൈതാനത്ത് നടക്കുന്ന ഓട്ട മത്സരങ്ങളും, വെള്ളത്തണ്ടും, മുളം തണ്ടും, ഓണപ്പൂക്കളങ്ങളും..എനിക്കവിടം വല്ലാതെ ഇഷ്ടപ്പെട്ടു... 

രണ്ടാം ക്ലാസ്സിലെ ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞ ദിവസം... ഞാന്‍ കാര്‍ത്യായനി ടീച്ചറോട്‌ പറഞ്ഞു.. ടീച്ചറേ, ഞാന്‍ ഈയാഴ്ച കൂടിയേ ഇവിടെ വരൂ ... പിന്നെ ഞങ്ങള്‍ കോയമ്പത്തൂര്‍ക്ക് പോവും ... 

അതേ? സ്കൂളില്‍ പറഞ്ഞിട്ടില്ലല്ലോ? കുട്ടീടെ ടീസീം വാങ്ങീട്ടില്ല .. പിന്നെങ്ങനെ?

അതെനിക്കറിയില്ല .. അച്ഛന്‍ കുഞ്ഞാന്‍ കാക്കയോടു പറയണത് ഞാന്‍ കേട്ടു.  ഞങ്ങള്‍ എല്ലാരും കോയമ്പത്തൂര്‍ക്ക് പോവാണ് ന്ന്.

എല്ലാരും തിരക്കിലാണ് പെട്ടി ഒരുക്കലും തുണി മടക്കലും .... "കുട്ട്യേ ... യ്യ്  ന്റ്റൊപ്പം ഒന്ന് വാ .. മ്മക്ക് മുന്താസിന്റെ (മുംതാസ്) വീട് വരെ ഒന്ന് പോകാം ... " അച്ഛമ്മയാണ്...

ഞാന്‍ ഇന്നലെ തന്നെ അവളോട്‌ പറഞ്ഞതാ ഇന്ന് പോകും ന്ന്.. സാരലല്യ.. പോയി പറയാം .. ഇനി എപ്പഴാ കാണാന്‍ പറ്റുകന്നറിയില്ലല്ലോ ....

പക്ഷെ അപ്പോഴേക്കും അമ്മ കരയുന്നത് കേട്ടു അച്ഛമ്മ ഉള്ളിലേക്ക് തന്നെ കയറി ... എല്ലാരും അമ്മയെ ആശ്വസിപ്പിക്കുന്നു ... എന്തോ പന്തികേടുണ്ടെന്ന് മനസ്സിലായി ... 

അച്ഛമ്മ എന്‍റെ കൈ പിടിച്ചു അടുത്തേക്ക് നിര്‍ത്തി ... "നീയും കൂടി പോയാല്‍ അച്ഛമ്മക്ക്‌ ആരാ? അതുകൊണ്ടാ നീ പോകാത്തത് ട്ടോ?... നീ അച്ഛമ്മയുടെ കുട്ടിയല്ലേ?... അച്ഛന് തീരെ സുഖമില്ലത്തതോണ്ടാ അമ്മ പോണത് ...നമുക്ക് അടുത്ത ലീവിന് പോവാം കൊയമ്പത്തൂര്‍ക്ക് ട്ടോ?"

"......."

അവര്‍ രണ്ടു പേരും അനിയനേം പിടിച്ചു നടന്നു പടി കടന്നു പോകുന്നത് നോക്കി കുറെ നേരം നിന്നു...

അന്ന് കരഞ്ഞോ എന്ന് ഓര്‍മയില്ല .. പക്ഷെ ഒരു ഇരുമ്പുണ്ട തൊണ്ടയില്‍ കുരുങ്ങിയ പോലെ ഒരു വേദന ..... അതെനിക്കിപ്പോഴും ഓര്‍മയുണ്ട്..