എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Thursday, March 25, 2010

വീട്

കുരിയാടി വീട്
ആനമങ്ങാട് പി. ഒ.
മലപ്പുറം ജില്ല 679357


യു. പി. സ്കൂളിന്‍റെ അടുത്തുള്ള ഇടവഴിയില്‍ കാണുന്ന ആദ്യത്തെ വീട്.


പടി കടന്നു വേണം പോകാന്‍.  മുകളിലെ അഴിക്കു മാത്രം കുറച്ചു വീതിയുണ്ട്.  മുന്നിലെ ഗ്രൌണ്ടില്‍ ഫുട്ബോള്‍ കളി നടക്കുമ്പോള്‍ ഇതായിരുന്നു ഞങ്ങളുടെ VIP ഗ്യാലറി.  കളിയൊന്നും മനസ്സിലായില്ലെങ്കിലും മതിലുകളില്‍ സ്ഥലം കിട്ടാന്‍ അടികൂടുന്ന കുട്ടികളുടെ മുന്നില്‍ അതില്‍ ഞാനും ബാല്‍മാമയും മാത്രം ഇരിക്കുന്നത് ഒരു ഗമ തന്നെയായിരുന്നു.  പടി കടന്നു മണ്ണുകൊണ്ട് ചെത്തി തേച്ച ചവിട്ടുപടികള്‍ കടന്നു വേണം വീടിന്റെ മുറ്റത്ത് എത്താന്‍.  കയറി ചെല്ലുന്നത്‌ പൂമുഖത്തേക്ക്‌.  തലയല്‍പം ചരിച്ചു ചെറിയൊരു പുഞ്ചിരിയും തൂകി നില്‍ക്കുന്ന അച്ചച്ചന്റെ ഫോട്ടോയാണ് ആദ്യം കാണുക.  ഒരു ചുമര് മുഴുവന്‍ ദമ്പതികളുടെ ഫോട്ടോകള്‍.  അച്ഛമ്മയുടെ മക്കള്‍ ഭാര്യാ ഭര്‍തൃ സമേതം.  പിന്നെ അവരുടെ കുട്ടികളും ...പിന്നെ വരാന്ത .. അതില്‍ നിന്നു കേറിയാല്‍ പടിഞ്ഞാറ്റിയും വടക്കേ അറയും.  ഗോവണി കയറിയാല്‍ മുകളിലെ മുറി.  അവിടെ അധികവും വിരുന്നു കാര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ള കോസടിയും മറ്റും ചുരുട്ടി വച്ചിരിക്കും.  പിന്നെ കൂറ്റന്‍ മണ്‍ ഭരണികളില്‍ തേന്‍ ഊറുന്ന പുളിയുരുണ്ടകള്‍... അവിടെന്നു നോക്കിയാല്‍ തൊടിയും പറമ്പും ഇടവഴികളും അയല്‍ പക്കത്തെ വീടുകളും കാണാം.


വീടിന്റെ മുറ്റത്ത്‌ കുറച്ചു ഇടത്തോട്ടു മാറി ഒരു തുളസിത്തറയുണ്ട് .. അല്ലെങ്കില്‍ മുല്ലത്തറ.. അതിലെപ്പോഴും മുല്ലയായിരുന്നു.  അവിടെയായിരുന്നു ദീപം വച്ചിരുന്നതും.  അതിനിപ്പുരമുള്ള വിറകുപുരയുടെ അടുത്താണ് ഞങ്ങളുടെ ആട്ടിന്‍കുട്ടിയെ കെട്ടിയിരുന്നത്. വിറകുപുരയുടെ ഉള്ളില്‍ അടുക്കളയില്‍ നിന്നു ഇറങ്ങുന്നവിടെ ആട്ടുകല്ല്... അതെപ്പോഴും ഒരു കുന്താണി കൊണ്ട് മൂടി വക്കും.  വീടിന്റെ പിന്നിലാണ് കോഴിക്കൂട്.  അതിനപ്പുറം ഉരലുപുര.


പ്ലാവും, മാവും, പുളിയും, തെങ്ങും, പനയും, തേക്കും, മുരിക്കും... അങ്ങിനെ എല്ലാ മരങ്ങളും നിറഞ്ഞു നില്‍ക്കുന്ന തൊടിയാണ് വീടിനു ചുറ്റും.  വീടിന്റെ വടക്ക് കിഴക്ക് വശത്തുള്ള നാടന്‍ മാവിന്റെ ചുവടായിരുന്നു ഞാന്‍ ഏറ്റവും അധികം ചിലവഴിച്ച സ്ഥലം.. ഇല്ലി വേലിയുടെ അപ്പുറത്തും ഇപ്പുറത്തും നിന്നു ഞാനും മുംതാസും കഥകളും തമാശകളും പറഞ്ഞു ഇടയ്ക്കു വീഴുന്ന മാങ്ങ കല്ലില്‍ തല്ലി പതപ്പിച്ചു .. ആരാണ് ഏറ്റവും നന്നായി പതപ്പിച്ചതെന്നു മത്സരിച്ചിരുന്നത് അവിടെയാണ്.. ഇടയ്ക്കു അസീസും സലീമും കല്ലെറിഞ്ഞിട്ടും .. മാങ്ങ വീണേ എന്ന് പറഞ്ഞു ഞങ്ങളെ പറ്റിച്ചു ചിരിചിരുന്നതും അവിടെയാണ്.  വീടിന്റെ നേരെ മുന്നിലൊരു മാവുണ്ട്.  പക്ഷെ അത് എപ്പോഴെങ്കിലുമോക്കെയെ കായ്ക്കുള്ളൂ.  "ഇതെന്‍റെ ഗോപാലന്‍ സേലത്തുന്നു കൊണ്ടന്നതാ" .. എന്ന് പറഞ്ഞു അച്ഛമ്മ എപ്പോഴും വെള്ളം ഒഴിച്ചിരുന്ന മല്‍ഗോവ ഒരിക്കല്‍ പോലും പൂത്തിരുന്നില്ല.. പിന്നീടാരോ പറഞ്ഞു അത് ഒട്ടുമാവ് ആണെന്ന് .. എങ്കിലും അച്ഛമ്മ വെള്ളം ഒഴിക്കല്‍ നിര്‍ത്തിയിരുന്നില്ല.  പിന്നെയുള്ളത് പടിക്കലുള്ള ഗോമൂചിയാണ്.  അവന്‍റെ വളഞ്ഞു ചരിഞ്ഞുള്ള നില്‍പ്പ് തന്നെ പ്രൌഡ ഗംഭീരമാണ്.  ഈ ചാഞ്ഞ മരത്തില്‍ സത്യമായിട്ടും വലിഞ്ഞു കേറാമായിരുന്നു.  ഗ്രൌണ്ടിലെ കളി കഴിഞ്ഞാല്‍ കുട്ടികള്‍ ഈ ഗോമൂചിയിലെ വലിയ പൊത്ത് പന്തും ബാറ്റും സൂക്ഷിക്കുന്ന ലോക്കര്‍ ആയി ഉപയോഗിച്ചിരുന്നു.  പക്ഷെ ഇതിലെ പഴങ്ങളും ഞങ്ങള്‍ക്ക് കിട്ടില്ല.. അണ്ണാനും .. കാക്കയും തിന്നതിന്റെ ബാക്കി ഗ്രൌണ്ടിലെ പിള്ളേരും എറിഞ്ഞു വീഴ്ത്തും.  രാവിലെ പോയി നോല്‍ക്കിയാല്‍ പോലും അണ്ണാന്‍ കടിക്കാത്ത ഒരു മാമ്പഴവും കിട്ടില്ല.. ഗോമാങ്ങക്ക് ഗുരുത്വാകര്‍ഷണം തടയാനുള്ള കഴിവുണ്ടോ... പക്ഷെ അതിലേക്കു നോക്കി അധികം വെള്ളമിറക്കി നില്‍ക്കാനൊന്നും അച്ഛമ്മ സമ്മതിക്കില്ല... 


കുട്ടീ.. ഇയ്യ്‌ അവിടെ തപസ്സു തുടങ്ങിയോ .. വല്ലോരും പെറുക്കണേന്‍റെ മുമ്പേ ആ പുളിയൊക്കെ പെര്‍ക്കി കൊട്ന്നൂടെ?


പോട്ടെ..പുളി പെറുക്കാനുണ്ട് .. .....ആദ്യം തെക്കേ പുളീലെ പുളി.. ഇടവഴീടെ അടിത്തായതോണ്ട് വഴീക്കൂടി പോണ ചെക്കമ്മാര് പെറുക്കും അല്ലെങ്കില്.      നല്ല ദശക്കട്ടിയുള്ള പുളിയാണത്       .. ഇതിന്റെ ചെനച്ച പുളിക്ക് നല്ല രുചിയാണ്.. പടിഞ്ഞാറേലെ പുളിക്ക് ദശക്കട്ടിയില്ല .. ഒട്ടിയിരിക്കും .. കുരു കളയാനും നല്ല പാടാണ്.  പക്ഷെ ഉണങ്ങിയാല്‍ ഇത്ര മധുരമുള്ള പുളി വേറെയില്ല... ഇതോണ്ട്  ഓണത്തിനു അച്ഛമ്മ ഉണ്ടാക്കുന്ന പുളിയിഞ്ചി ... ഹോ .. വായില്‍ വെള്ളമൂറുന്നു...


കിഴക്കേ തൊടിയില്‍ കാണുന്ന പ്ലാവ് വരിക്കയാണ്.. എപ്പഴെങ്കിലും ഒക്കെയേ കായ്ക്കൂ.. പക്ഷെ അവന്‍ തേന്‍ വരിക്കയാണ് സാധനം...  എന്‍റെ ആട്ടിന്‍ കുട്ടിക്ക് കൊടുക്കാന്‍ പ്ലാവില ഞങ്ങള്‍ ഇതില്‍ നിന്നാണ് പറിക്കുക.  പടിഞ്ഞാറെ തൊടിയുടെ മൂലയില്‍ കാപ്പ്രക്കാരുടെ  (കാവല്‍ പുര വീട് അല്ലെങ്കില്‍ KP മന്‍സില്‍ ) വീടിന്റെ അടുത്തുള്ളതു പഴംചക്ക പ്ലാവാണ്.  ഇതിലെ ചക്കകളും ഇടവഴിയിലെ വഴിപോക്കര്‍ക്കു സ്വന്തം.  ഇതിന്റെ ചോട്ടിലായിരുന്നു ഇടിവെട്ടുമ്പോള്‍ കൂണ്‍ പൊട്ടി മുളച്ചിരുന്നത്.


പക്ഷെ ഇവിടെ ഒറ്റയ്ക്ക് വരാന്‍ എനിക്ക് പേടിയാ.  ഇവിടെ വേറൊരു സായിപ്പുണ്ട്.. ഒരു കോല് നാരായണന്‍... ഞാന്‍ പോട്ടെ.. പിന്നെ വരാം.....

20 comments:

Tomaag said...

mmmmmm hats off yar. Reminds meof the old vacations I spent with my maternal grand parents. Lovely

journeycalledlife said...

nostalgia gal...!!!! i remember the puli maram and how i used to pluck the puli and eat, and ammamma used to say "kozhalu vekkum"!!!... salim - aaaah my childhood sweetheart (he he he).. we used to share the same mango and kakka used to sit and "rassikkya" the whole scene... and the football ground and the boys... oooooooohhhhhh... i miss those good old days!!

raj said...

സാധാരണ ചൂടും ചൂരുമുള്ള വിഷയങ്ങളിലാണു കമന്റ് എഴുതാൻ എനിക്ക് താല്പര്യം. എന്നിരുന്നാലും ഇതിലെ വരികൾ മനസ്സിനെ വല്ലാതെ പിടിച്ഛിരുത്തൂന്നു.നൊസ്റ്റാൾജിയ.. അതു ഒരു തരം വല്ലാത്ത ഫീലിങ്ങ് തന്നെയാണു.തൊടിയും പറമ്പുകളും കാവും കുളവും. ഹൊ.ഏകദേശം മുപ്പതു വർഷങ്ങൾക്ക് ശേഷം ഈയിടെ ഞാൻ എന്റെ അമ്മയുടെ തറവാട്ടിൽ പോയി.മൂന്നു തട്ടുകളായി കിടന്നിരുന്ന പറമ്പ്, ഇടത്തട്ടിൽ തറവാട്, താഴത്തെ തട്ടിൽ ഒരു വലിയ കുളം, ചേർന്ന് വയലും.ബാല്യകാലത്ത് വെക്കേഷൻ സമയത്ത് അവിടെ പോയി താമസിച്ഛ് കസിൻസ്ന്റെ കൂടെയൊക്കെ ഇടിയും ഇട്ട് പറമ്പിലെ മാവിലും പ്ലാവിലും കയറി ഇറങ്ങി നടന്നിരുന്ന കാലം.. പക്ഷെ ഇപ്പോൾ അതൊന്നും ഇല്ല.. തറവാടൊക്കെ പുതുക്കിപ്പണിതു. തെക്കുവശത്തുള്ള കുരിയാല മാത്രം ഇപ്പോഴും ഉണ്ട്.. അടുത്ത വീടുകളിലെ പലരേയും ഞാൻ ഓർക്കുന്നുണ്ട്. പക്ഷെ പേരൊക്കെ മറന്നു പോയി, അവരുടെ മക്കളും മറ്റും.. അവരാരും എന്നെ അറിഞ്ഞില്ല്.ഒരമ്മാവന്റെ മക്കളാണു തറവാട്ടിൽ താമസം, അവരുടെ സന്തതികൾക്കും എന്നെ മനസ്സിലായില്ല.. അമ്മാ‍വിക്കു മാത്രം എന്നെ മനസ്സിലായി.തെക്കുവശത്തെ കുരിയാലയുടെ മുൻപിൽ പോയി നിന്നപ്പോൾ എന്തൊരു ഫീലിങ്ങ് ആയിരുന്നു.. തോളിൽ രണ്ടാം മുണ്ടും ഇട്ടു നെഞ്ചു വിരിച്ഛ് നിൽക്കുന്ന അപ്പൂപ്പനെ മനസ്സു കൊണ്ട് സ്മരിക്കുമ്പോൾ നിറഞ്ഞു വന്ന കണ്ണുനീർ മറയ്ക്കാൻ എനിക്ക് കുറെ പ്രയാസപ്പെടേണ്ടി വന്നു....
ഹ പോകട്ടെ.. ഞാൻ നിങ്ങളെ ബോറടിപ്പിച്ഛില്ല്ലല്ലൊ.. ബോറടിപ്പിച്ഛെങ്കിൽ അങ്ങ് സഹിച്ചോ, ഇത്തരം വിഷയങ്ങൾ പോസ്റ്റിയിട്ടല്ലെ..

raj said...

ശരിയാണു, ഗൃഹാതുരത്വം ഒരുതരം വിങ്ങലാണു , വേദനയാണു.എല്ലാവർക്കും മനസ്സിലാക്കാൻ കഴിയാത്ത ഒരു പ്രത്യേക വികാരം.. അത് എന്താണെന്നു തൊട്ടറിഞ്ഞവർക്കെ അതെപറ്റി ഹൃദയസ്പർശിയായിപ്പറയാനും അതു മനസ്സിലാക്കുവാനും കഴിയൂ.. ഈയിടെയിറങ്ങിയ Google buzz അറിഞ്ഞോ അറിയാതെയോ നമ്മളിൽ ആരോ ആരെയോ follow ചെയ്യാൻ ഇടയായി.അങ്ങനെ ആ ലിങ്ക് കിട്ടി അങ്ങനെയാണു താങ്കളുടെ ബ്ലോഗിൽ എത്തിപ്പെട്ടത്..അതുകൊണ്ടെന്താ, നല്ല ഒരു ബ്ലോഗ് വായിക്കാനും എന്നെ കണ്ണുകളെ ഈറനണിയിക്കാനും കഴിഞ്ഞില്ലെ.. നന്ദി.. നമോവാകം..എല്ലാവിധ ആശംസകളും

മാണിക്യം said...

പ്ലാവും, മാവും, പുളിയും, തെങ്ങും, പനയും, തേക്കും, മുരിക്കും... അങ്ങിനെ എല്ലാ മരങ്ങളും നിറഞ്ഞു നില്‍ക്കുന്ന തൊടിയിലൂടെ... മനോഹരമായ വര്‍ണന! കൈപിടിച്ച് നടത്തി ഇതാ എന്നെയും ഇവിടെ എത്തിച്ചു അല്ലെ?. ഉണങ്ങിയാല്‍ ഇത്ര മധുരമുള്ള പുളി വേറെയില്ല ഹോ പുളി ഒക്കെ തിന്നിട്ട് നാളെത്ര ആയി കൊതിപ്പിച്ചല്ലോ കുട്ടീ.

Nishad Gopal said...

Again Puliyum, Go moochiyum, I hope I commented about the gomoochi in your first post itself. Unfortunately its not there now.

Also the way you have mentioned to that house(now it belongs to somebody else) has changed.

Visit and have a look what it is like now.

I'm very eager to read about ITHA! I hope she is your next post.

Unknown said...

NISHA, ORO DIVASSAVUM ENTHENKILUM PUTHIYAYHUNDONNA THIRACHILILA NJANIPPOL

Sranj said...

Thanks Magi..!

Sranj said...

Sumi,

ha ha ha.. so this nostalgia is contageous!!!!.. you are hit with it too!!!

Sranj said...

നന്ദി രാജ് ഗോപന്‍... ഈ ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും ഇത്രയും നല്ല/വലിയ കമന്റ്‌ ഇട്ടതിനും.. പിന്നെ പറഞ്ഞത് 100 % സത്യം! ഇന്നലെ ആ വീടും പറമ്പും ഇപ്പോള്‍ എങ്ങനെയാണെന്ന ഒരു ചെറിയ വീഡിയോ ക്ലിപ്പ് എന്‍റെ അനുജന്‍ അയച്ചു തന്നു. മാവും, പ്ലാവും നിന്നിരുന്ന സ്ഥലത്തൊക്കെ കുറെ വീടുകള്‍... പടിയും നടവഴിയും എവിടെയായിരുന്നെന്ന് പോലും പിടി കിട്ടുന്നില്ല ... സങ്കടം വന്നു .. പക്ഷെ പറഞ്ഞിട്ട് കാര്യമില്ലല്ലോ....

Sranj said...

മാണിക്യം ചേച്ചി...
താങ്കളുടെ കവിതകളും ബ്ലോഗുകളും വായിച്ചിട്ടുണ്ട് .... എന്‍റെ ഈ എളിയ ബ്ലോഗില്‍ താങ്കള്‍ സന്ദര്‍ശിക്കുമെന്നും അഭിപ്രായം അറിയിക്കുമെന്നും സ്വപ്നേപി വിചാരിച്ചിരുന്നില്ല... എന്‍റെ വലിയ സന്തോഷം ചെറിയ വാക്കുകളില്‍ അറിയിക്കാന്‍ പറ്റുന്നില്ല...

Sranj said...

Capri,

Itha will of course be a main part of this blog... the only other human being there with me other than Achamma in those days...

pakshe Sanjutti manasu vakkanam .. adutha post idanamenkil...! She just does not like me sitting here...

Sranj said...

Maya..

ഒരുപാടുണ്ട് ... മനസ്സില്‍ തിങ്ങി വിങ്ങി നില്‍ക്കുന്ന ഓര്‍മ്മകള്‍ ... സമയം കിട്ടുമ്പോള്‍ മുഴുവനാക്കണം.. ഒന്ന് രണ്ടെണ്ണം ഡ്രാഫ്റ്റ്‌ ആക്കി വച്ചിടുണ്ട്...
പുത്രന് പരീക്ഷയാണ്‌... പുത്രി എന്‍റെ ക്ഷമക്ക് പരീക്ഷ തരുന്നു... ഇതിനിടയില്‍ വേണം സമയം കണ്ടെത്താന്‍...

raj said...

അതെ അതൊന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല..പുരോഗമനം മാത്രം ലക്ഷ്യം വെച്ഛുകൊണ്ട് എല്ലം തച്ഛുടക്കുമ്പോൾ ഇങ്ങനെയൊക്കെ നഷ്ട്ടപ്പെട്ടുപോകുന്ന നന്മകൾ പലർക്കും മനസ്സിലാവാതെ പോകുന്നു..മനസ്സിലാവുന്ന ചുരുക്കം പേർക്കൊ ഒന്നും ചെയ്യാനാവാത്ത അവസ്ഥയും.. പാടവും പറമ്പും പുഴയും മാവും പ്ലാവും , അവിടെയൊക്കെ ഓടിക്കളിക്കുന്ന വള്ളിപൊട്ടിയ ട്രൌസർ ധാരിയായ കുട്ടികളൂം, എല്ലാം എല്ലാം മനസ്സിന്റെ നൊമ്പരമായി നിലകൊള്ളൂന്നു.. എന്റൂഹം ശെരിയാണങ്കിൽ താങ്കളും മനസ്സിൽ ഇന്നും നന്മകളുറങ്ങുന്ന ഒരു പ്രവാസിയോ മറുനാടൻ മലയാളിയോ ആവാനാണ് സാധ്യത..അങ്ങനെയുള്ളവർക്കെ നാടിന്റെ അന്തസത്ത ഇന്നും മനസ്സിൽ സൂക്ഷിക്കുവാൻ കഴിയൂ.അതിനെ ഉൾക്കൊള്ളാൻ കഴിയൂ..
...... എല്ലാ വിധ ആശംസകളും മനസ്സാ നേരുന്നു..

raj said...

ഇങ്ങനെയൊരു ബ്ലോഗ് വായിക്കാൻ ഇടയായതിനു താങ്കളോടൊപ്പം മാണിക്യാമ്മക്കും നന്ദി... രണ്ടാൾക്കും എന്റെ എല്ലാ വിധ ആശംസകളും നന്മകളും..

രവി ചെമ്മേരി said...

Anmangad-nte puthiya lakkam vayichu...purogathiyundennu parayathe vayya. Ormakal ithra thelichamayi thechu minukkiyedukkan enthu sadhanamanu upayogikkunnathu? Past period-il pokan pattiyal koodi ithra suukshama mayi ezhuthan pattumo ennu samsayamanu...congratulations... waiting for next episode or adhyayam..

Sranj said...

ഇതൊക്കെ മറന്നാലല്ലേ തേച്ചും മിനുക്കിയും എടുക്കേണ്ടുള്ളൂ?... ഈ നാട് വിട്ടിട്ടു കൊല്ലങ്ങള്‍ ആയെങ്കിലും മനസ്സ് അവിടം വിട്ടു വന്നിട്ടില്ല.. എല്ലാം ഇന്നലെ പോലെയേ തോന്നുന്നുള്ളൂ ... ഇപ്പോഴും സ്വപ്നങ്ങളില്‍ എന്‍റെ വീടായി കാണുന്നത് ഈ വീടാണ് .. ഇനി വല്ല സൂക്കേടുമാണോന്നറിയില്ല ... ഇനി ഞാന്‍ വല്ല നാഗവല്ലിയുമായിപ്പോവുമോ... ദൈവമേ ....

രവി ചെമ്മേരി said...

കാത്തിരിക്കുന്നു.....അടുത്ത ലക്കത്തിനായി.....

രവി ചെമ്മേരി said...

പിന്നെ "നാഗവല്ലി"..... അത്ര വേണോ ?

jayanEvoor said...

അല്ല .... ഇതിൽ ഞാൻ കമന്റിട്ടില്ലേ!?

ഇട്ടെന്നായിരുന്നു ഓർമ്മ!

- കുരിയാടി വീട് ആനമങ്ങാട്ട് ഒന്നേയുള്ളൂ എന്നു ധരിച്ചിരുന്ന ഒരു മണ്ടൻ!