എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Thursday, October 28, 2010

ഒരു പ്രതിജ്ഞ!!

എനിക്കും പോണം കുളത്തില്...
നിനക്ക് പനിയല്ലേ കുട്ടീ.. വാശി പിടിക്കരുത്... അമ്മ വേഗം വരാം.. വെയിലത്തൊന്നും കളിയ്ക്കാന്‍ പോകരുത്...

എനിക്ക് കുളത്തില്‍ പോകാന്‍ വലിയ ഇഷ്ടമാണ്... കിണറിലെ വെള്ളം കുറഞ്ഞു തുടങ്ങുമ്പോള്‍ ആനമങ്ങാട്ടുകാര്‍ കുളങ്ങള്‍ അന്വേഷിച്ചു പോകാന്‍ തുടങ്ങും.  ചേറങ്ങോട്ടിലെ കുളം, കളത്തില്‍ കുളം, പുത്തന്‍ കുളം, അമ്പലക്കുളം തായാട്ട് കുളം...

മുമ്പൊക്കെ തൂതപ്പുഴ വരെ പോയിരുന്നു.. പക്ഷെ റോട്ട് ക്കൂടി പോണോര്ക്കൊക്കെ കാണാം.. അതോണ്ട്‌ ഇപ്പൊ ആരും പോകലില്ല ... അച്ഛമ്മ പറഞ്ഞു..  ആരെങ്കിലും നോക്കാതിരിക്കാന്‍ വേണ്ടി "മനിയന്മാരെ, ഇബ്ടെ പെണ്ണ്ങ്ങള് കുളിക്ക്ണ്ണ്ട് ... ഇങ്ങ്ട്ടോക്കല്ലീം.." എന്ന് പറയുമ്പോള്‍ അതുവരെ നോക്കാതെ പോയിരുന്നവര്‍ വിളി കേട്ട് തിരിഞ്ഞു നോക്കി പിന്നെ പറഞ്ഞത് മുഴുവന്‍ കേട്ട് ചമ്മിപ്പോയ കഥകളും അച്ഛമ്മ പറഞ്ഞ് അറിഞ്ഞിട്ടുണ്ട്....

മഴക്കാലത്ത്‌ കുളങ്ങള്‍ കാണാന്‍ നല്ല രസമാണ്... ഇളം നീല നിറത്തില്‍ കരയ്ക്കൊപ്പവും കര കവിഞ്ഞും.. നിറവിന്റെ പ്രതീകമായി.. കുഞ്ഞു മീനുകളും, തവള പൊട്ടലുകളും, നീര്‍ക്കോലികളും, ആമ്പലും ചിലപ്പോള്‍ താമരയും, കുളത്തിന്റെ നീലയ്ക്ക് ചുറ്റും കരയുടെ പച്ചപ്പും... പക്ഷെ കുളത്തില്‍ ഇറങ്ങാനൊന്നും എന്നെ കിട്ടില്ല... അരയ്ക്കു മേലെ വെള്ളം പേടിയാണ്.. കാലുകള്‍ കൊണ്ട് വെള്ളം തെറിപ്പിച്ചു വെറുതെ കുളത്തിലേക്ക്‌ നോക്കിയിരിക്കും... അമ്മയൊ, ലൈല ചേച്ചിയോ, സുബു ചേച്ചിയോ ഒക്കെ തോര്‍ത്തില്‍ മീന്‍ പിടിച്ചു തരും അത് ഒരു ചേമ്പിലയിലെ വെള്ളത്തില്‍ നീന്തിക്കളിക്കുന്നത് എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം .. ചിലപ്പോള്‍ തവളപൊട്ടലും പെടും.. പച്ചചേമ്പിലക്ക് ആ വെള്ളത്തിലൂടെ നോക്കുമ്പോള്‍ വെള്ളി നിറമാണ്!

നല്ല നിറഞ്ഞ കുളങ്ങള്‍ക്കു ലൈഫ് ബോയിന്റെയും, രാധാസിന്റെയും, 501 ന്റെയും കൂടിക്കലര്‍ന്ന മണമാണ്... വെള്ളം കുറവാണെങ്കില്‍ വെറും 501 ബാര്‍ സോപ്പിന്റെ മണം..! കുളത്തിലെ വെള്ളത്തിനും ഏകദേശം 501 ന്‍റെ നിറമായിരിക്കും...

ഇന്നിപ്പോള്‍ തായാട്ട് കുളത്തിലേക്കാണ് എല്ലാരും പോണത്.. ഇന്നലെ മുംതാസ് പോയിരുന്നു.. നിറഞ്ഞു നില്‍ക്കുന്നുണ്ടത്രേ.. ആമ്പല്‍ പൂവുണ്ട് .. പടവുകള്‍ ഒന്നുമില്ലെങ്കിലും കാണാന്‍ നല്ല ചന്താത്രേ! ..

എനിക്കിപ്പോ പനിയില്ല.. ഞാനും വര്ണൂ..

കുറെ ദൂരംണ്ട്.. വെയിലത്ത് നടക്കൂം വേണം.. ഇന്ന് അച്ഛമ്മയ്ക്കു തുണയായിട്ടു ഇവിടെയിരുന്നോ..
അമ്മയും വിടുന്ന മട്ടില്ല.

നിനക്കറിയോ മുംതാസേ.. തായാട്ട് കുളത്തിലേക്കുള്ള വഴി? അമ്മ ന്നെ കൊണ്ടോയില്ല!

തെന്നെ?  യ്യ് പോര് .. മ്മക്ക് പുവ്വാ...

ഞങ്ങളെ ദൂരത്ത്‌ നിന്നും കണ്ടപ്പഴേ ചുള്ളി പൊട്ടിക്കാന്‍ നോക്കിയ അമ്മയെ സുബു ചേച്ചി തടഞ്ഞു ..
അവളാ കല്ല്‌ മ്മല് ഇരുന്നോട്ടെ സുമേ.. അവ്ടെ തണല് ണ്ട്...
കുളത്തിലെ വെള്ളത്തില്‍ കാലിട്ടടിച്ചു...വെള്ളത്തില്‍ പൊങ്ങി ക്കിടക്കുന്ന തവളമുട്ടയെക്കാളും വലുപ്പത്തില്‍ പതയുണ്ടാക്കി കൊണ്ടിരുന്ന എന്‍റെ കയ്യില്‍ നിന്നും സോപ്പ് ..ബ്ലും .. വെള്ളത്തില്‍!
അതെടുക്കാന്‍ കുനിഞ്ഞതെ ഓര്‍മ്മയുള്ളൂ .. പിന്നെ കണ്ണ് പതുക്കെ തുറന്നപ്പോള്‍ ചുറ്റും ആളുകള്‍ ... ഞാനൊരു തെങ്ങോല പിടിച്ചു കിടക്കുന്നു .. മുട്ടില്‍ കൈ വച്ചു കുനിഞ്ഞു എന്‍റെ കണ്ണിലേക്കു തുറിച്ചു നോക്കുന്ന മുംതാസ്.. പിന്നെ ഏതൊക്കെയോ മുഖങ്ങള്‍ പരിചയമുള്ളത് പോലെ ... "ഓള് കണ്ണ് തൊറന്ന്.." മുംതാസ് ഉറക്കെ പ്രഖ്യാപിച്ചു!
അതിനു മുന്‍പ് നടന്ന കഥ പിന്നീട് തിരിച്ചു വരുന്ന വഴിയില്‍ മുംതാസ് ഉവാച:
"യ്യ് .. വെള്ളത്തില് വീണ്... അന്‍റെ തലേം കയ്യും മാത്രം മോളില്ക്ക്.. പോന്തൂം താവൂം ചെയ്ത്...   ന്‍റെ മോളേ.. ച്ച് ട്ട് അന്‍റെ അമ്മ കൊളത്തില്‍ക്ക് ചാടി.. ന്‍റെ ബദരീങ്ങളേ.. രണ്ടാള്‍ക്കും നീന്താറിയൂലലോ.. ച്ച് ട്ട്.. സുബൂം ചാടി ... ഇങ്ങള് രേണ്ടാളേം രെക്ഷിച്.."

നന്ദിപൂര്‍വ്വം ഒന്ന് തിരിഞ്ഞു നോക്കി സുബു ചേച്ചിയെ.. പിന്നെ ഒളി കണ്ണിട്ടു അമ്മയെയും...

അച്ഛമ്മ ഒരു വലിയ ഇരുമ്പു ചട്ടുകമെടുത്ത് അടുപ്പിലെ കനലിലേക്ക് ഇറക്കി വച്ചു...

ഹോ!!! .. എപ്പഴും പറയാറുണ്ട് .. പക്ഷെ ചെയ്യും ന്ന് വിചാരിച്ചില്ല..!! ഞാന്‍ വിറച്ചിരുന്നു ...

നല്ലോണം പഴുത്ത ചട്ടുകം ഒരു കിണ്ണത്തിലെ വെള്ളത്തിലിറക്കി തണുപ്പിച്ചപ്പോഴാണ് എന്‍റെ ഉള്ളും തണുത്തത്.. എന്നിട്ടാ വെള്ളം കുടിക്കാന്‍ പറഞ്ഞു... എന്‍റെ വിളര്‍ച്ചയ്ക്ക് അച്ഛമ്മയുടെ അയണ്‍ ടോണിക്ക്!

എല്ലാം കഴിഞ്ഞ് എല്ലാവരും പോയപ്പോള്‍ അമ്മ അടുത്ത് വന്നു എന്‍റെ പുസ്തകമെടുത്ത് മുന്നില്‍ വച്ചു ... പ്രതിജ്ഞ! വായിക്ക്! ഉറക്കെ വായിക്ക്...
ഇന്ത്യ എന്റെ രാജ്യമാണ്‌.  എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.
ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.  സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു. ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.

മതി .. ആ  അവസാനത്തെ വാചകം നൂറ് പ്രാവശ്യം വായിച്ചിട്ട് അവിടെ നിന്നു എണീച്ചാ മതി!... എനിക്ക് പുറത്തേയ്ക്ക് കേള്‍ക്കണം... അമ്മ തുണി ഉണങ്ങാനിടാന്‍ പോയി.. ഞാന്‍ പ്രതിജ്ഞ തുടര്‍ന്നു..       

ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
...................................................

29 comments:

Sranj said...

ഇന്നും ലൈഫ് ബോയ് സോപ്പിന്റെ മണം പിടിച്ച് മനസ്സു കൊണ്ട് ഞാന്‍ നാട്ടിലെ കുളക്കടവുകളില്‍ എത്താറുണ്ട്..!

പകല്‍കിനാവന്‍ | daYdreaMer said...

നോക്കല്ല് നോക്കല്ല് ഇങ്ങോട്ട് നോക്കല്ലേ :D

hameed pattasseri said...

njan Hameed enthanu santhosham kondu parayuka ennariyilla enkilum ethrakkum sundaramayi annathe sambavam ezhuthanum orkkanum ninakku GOD nalkiya kazhivine abhinandikkunnu eniyum ezhuthan EEswaran ninne anugrahikkatte oru kaaryam koodi nee ezhuthiya ella kulangalum eppozhum nammude anamangad undu onnu polum nikathiyittilla chilappol nee enganeyokke ezhuthum ennum aa divasam kulangal evide poyi ennarenkilum chodichaalo ennu karuthi GOD nila nirthiyathaavum nammude makkalkku vendi

Aisibi said...

sundaram, athi sundaram. Pandu vellathilirangiyaal shwassam kittilla ennu ariyaathey njan eduththu chaadiyath ormma vannu! :) Manoharam. oru umma!

BASHEER PATTAMBI said...

ഞാന്‍ ആനമങ്ങാട് ഇതുവരെ കണ്ടിട്ടില്ല ,ആനമാങ്ങാടിനെ കുറിച്ചുള്ള എന്റെ മനസുകൊണ്ടുള്ള വര്‍ണനകള്‍ക്ക് തികയാതെ വന്ന ചായം നിങ്ങളുടെ അക്ഷരക്കൂട്ടുകള്‍ നികത്തി,,,,,ഇനിയും ഇതുപോലെ സന്ദേശങ്ങളോട് കൂടിയ രചനകള്‍ പ്രതീക്ഷിക്കുന്നു,,,,,,,

Jishad Cronic said...

ഞാനൊന്നും കണ്ടില്ലേ....

Unknown said...

ente naattilum undu valiyoru kulam ...laifeboy soppum chandirikayum radhasum manakkunna kulam . paTavukalil patippidicha spoppu kai kondu maanthi eduthu kai kazhukarundu njan ippozhum nattil chennal

രവി ചെമ്മേരി said...

എവിടെയോ തുടങ്ങി, എവിടെയോ അവസാനിച്ചു. മക്കളുടെ ടെക്സ്റ്റ് ബുക്കില്‍ എന്താണുള്ളതെന്നു ഇന്നത്തെ എത്ര അമ്മമാര്‍ ക്കറിയാം ? ശിക്ഷിക്കാനാണെങ്കിലും ഒരു ഗുണപാഠം മകളെ കൊണ്ട് മനപാഠമാക്കിച്ച ആ അമ്മയെ എത്ര ശ്ലാഘിച്ചാലും മതിയാവില്ല. അതു കൊണ്ട് നിഷയ്ക്ക് തീര്‍ ച്ചയായും നന്മയേ വന്നിട്ടുണ്ടാവൂ. നാട്ടിലെ കുളങ്ങള്‍ ക്ക് സോപ്പിന്റെ മണവും നിറവുമാണെന്നു കുളം ​പരിചയമില്ലാത്ത എനിക്കു പുതിയ അറിവാണ്. അയേണ്‍ ടോണിക്ക് സം ​ഭവം ​ഉഗ്രനായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ .

Manoraj said...

ഹോ രാധാസ് സോപ്പിന്റെയും 501 ബാറിന്റെയും ഒക്കെ മണം.. തീര്‍ത്തും ഗൃഹാതുരത്വം ഉണര്‍ത്തുന്നു നിഷ.. ഈ മുംതാസിനെ കഴിഞ്ഞ ദിവസം വായിച്ചിരുന്നു.. തൊടി, കുളം, ഇതൊക്കെ ഇന്ന് ഓര്‍മകള്‍ മാത്രമാണ് കേട്ടോ.. നല്ല ഫീല്‍.. പക്ഷെ ആ എന്‍ഡിങ് അല്പം ക്രാഷായോ എന്നൊരു ഡൌട്ട്..

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് വായിച്ചപ്പോൾ ലൈഫ് ബോയ് സോപ്പിന്റെയും ,ചന്ദ്രികാ സോപ്പിന്റെയുമൊക്കെ മണം മൂക്കിൽ അടിച്ചുകയറുന്നൂ...കേട്ടൊ

മുകിൽ said...

മണം പിടിച്ച് ഞാനും കറങ്ങാറുണ്ട്..
നടക്കുന്ന വഴിയിലെ, ഉണങ്ങിക്കിടക്കുന്ന ഒരു പൊട്ടു ചാണകത്തിലൂടെ, നാട്ടിലെ വീട്ടിലെ പശുത്തൊഴുത്തിൽ പോയിവരും മനസ്സ്. ഒരു റോഡിന്റെ തിരിവ്,, വളവ് ഇതെല്ലാം മതിയാവും എവിടേക്കെങ്കിലുമൊക്കെ മനസ്സ് പായാൻ.
മനോഹരമാണ് ട്ടോ, ഈ എഴുത്ത്.

കുഞ്ഞൂസ് (Kunjuss) said...

മനസ്സില്‍ ഗൃഹാതുരതയുടെ നനുത്ത സ്പര്‍ശം,രാധാസ് സോപ്പിന്റെയും ചന്ദ്രിക സോപ്പിന്റെയും മണം ചുറ്റും പരക്കുന്ന പോലെ.... മനോഹരമായ എഴുത്തും മനസ്സില്‍ നിറയുന്നു....(ഞങ്ങള്‍ക്ക് കുളം അന്വേഷിച്ചു എങ്ങും പോകേണ്ടി വന്നിട്ടില്ല ട്ടോ... വീട്ടില്‍ തന്നെ നാല് കുളങ്ങള്‍ ഉണ്ടായിരുന്നു)

jayanEvoor said...

രസകരം!
നീന്തൽ വശമില്ലാതെ കുട്ടിക്കാലത്ത് ഞാനും നടന്നിട്ടുണ്ട്,ആനമങ്ങട്ടെ കുളങ്ങൾക്കു ചുറ്റും!
കൂട്ടുകാരെ ഒന്നും കിട്ടാഞ്ഞതുകൊണ്ട്, സോപ്പുവെള്ളം കുടിക്കാൻ കഴിഞ്ഞില്ല!

Basheer Vallikkunnu said...

മെയില്‍ കിട്ടി. ഇവിടെ വന്നു. വന്നത് വെറുതെയായില്ല. അതിമനോഹരമായ ശൈലി..
"നല്ലോണം പഴുത്ത ചട്ടുകം ഒരു കിണ്ണത്തിലെ വെള്ളത്തിലിറക്കി തണുപ്പിച്ചപ്പോഴാണ് എന്‍റെ ഉള്ളും തണുത്തത്.."
എഴുത്തിന്റെ പഴുത്ത ചട്ടുകം കയ്യിലുണ്ട് എന്നതുറപ്പ് .. ഓര്‍മകളിലേക്കുള്ള യാത്ര തുടരുക.. ആശംസകള്‍..

മാണിക്യം said...

അച്ഛമ്മ ഒരു വലിയ ഇരുമ്പു ചട്ടുകമെടുത്ത്
അടുപ്പിലെ കനലിലേക്ക് ഇറക്കി വച്ചു...
ഹോ!!! ..
എപ്പഴും പറയാറുണ്ട്..പക്ഷെ ചെയ്യും ന്ന് വിചാരിച്ചില്ല..!!

ഹ ഹ ഹ പേടിച്ചുല്ലേ?

അന്നുമിന്നും കുളമെനിക്ക് ഒത്തിരിയൊത്തിരി ഇഷ്ടമാണ് വീട്ടില്‍ രണ്ട് കുളങ്ങളുണ്ടായിരുന്നു പണ്ടൊക്കെ സങ്കടമോ ദ്വേഷ്യമോ വന്നാല്‍ കുളത്തിന്റെ പടവില്‍ പോയിരിക്കും. എന്നിട്ട് കല്ല് വലിച്ചെറിയും കുളത്തിലേയ്ക്ക്...ഒരൊ കല്ലും വീഴുമ്പോള്‍ കരയിലേയ്ക്ക് ഓളങ്ങള്‍ വന്നു നില്ക്കും... മനസ്സിലും...
അതെ"എനിക്കും പോണം കുളത്തില്..."

Anil cheleri kumaran said...

nostalgic

Unknown said...

ente naadu manalaya , anamangadinte ella sthalavum enikkariyam- pazhaya ormakal ellam manassil ninnu mayathe blogiloode pakarthiyathinu ella vidha ashamsakalum nerunnu? entho! manassinu vallatha oru sukham.

എന്‍.പി മുനീര്‍ said...

“ഒരു പ്രതിജ്ഞ വായിച്ചു..“
ഗൃഹാതുരത്വം തുളുമ്പുന്ന വരികള്‍..
ആനമങ്ങാട്ടുന്നാണല്ലേ..ഞാന്‍ തൂതപ്പുഴയോരത്തു നിന്നാണേ..എല്ലാ ഭാവുകങ്ങളും

Sranj said...

ആനമങ്ങാട്ടെത്തി അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും നന്ദി... സന്തോഷം...

sids said...

അപ്പൊ രണ്ടാം ജന്മമാണല്ലെ.......

naseem said...

ippolaano onnu ivide ethi nokkiyathu

Unknown said...

ആനമങ്ങാട് വന്നിട്ടുണ്ട് , കൂട്ടുകാരുമുണ്ട്. പക്ഷെ ഈ കുളത്തിനെ കുറിച്ച് കേട്ടിട്ടില്ല. ഇപ്പോഴാണ്‌ ബ്ലോഗ്‌ കണ്ടത്. വായനക്ക് സുഖം നല്‍കുന്ന ഗ്രാമീണത നിറഞ്ഞു നില്‍ക്കുന്നു എല്ലാത്തിലും. ആശംസകള്‍.. അഭിന്ദങ്ങള്‍ ....
ഒഴിവു ലഭിക്കുമ്പോള്‍ പ്രതീക്ഷയില്‍ ഒന്ന് പ്രതീക്ഷയോടെ വരിക. അഭിപ്രായം കുറിക്കുക.

http://ishaqkunnakkavu.blogspot.com/


ഇസ് ഹാഖ് കുന്നക്കാവ്‌

ആളവന്‍താന്‍ said...

ആള്‍ക്കാര്‍ക്ക് ഗൃഹാതുരത്ത്വം ഉണ്ടാക്കി വച്ചിട്ട് മുങ്ങി നടക്കുവാ? വേഗം പോരട്ടെ അടുത്ത പോസ്റ്റ്‌... മാസം കുറെയായി.

ഗുല്‍മോഹര്‍... said...

nice work

keep going

Anonymous said...

നന്നായിരിയ്ക്കുന്നു. എനിയ്ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത് അവസാനിപ്പിക്കലാണ്‌. പുതുമയാര്‍ന്ന ശിക്ഷാരീതി. ഞാന്‍ വളര്‍ന്നു വലുതായി കല്ല്യാണമൊക്കെ കഴിച്ച് കുട്ടികളുണ്ടായി, അവര്‍ വികൃതി കാണിയ്ക്കുമ്പോള്‍ ഈ ശിക്ഷ നല്കും. അന്നൊക്കെ മലയാളപുസ്തകം ഉണ്ടാവുമോ എന്ന് മാത്രമേ സംശയമുള്ളൂ. തുടര്‍ന്നും എഴുതുക.

naseem said...

eppolaanu postunnathu kaathirikkayaanu

മണ്ടൂസന്‍ said...

നല്ല പോസ്റ്റ് ട്ടോ. ഞാൻ നേരത്തെ പറഞ്ഞതൊക്കെ തന്നെ ഇപ്പോഴും പറയുന്നു. പിന്നെ രസകരമായ ഒരു സംഗതി ഞാൻ ചൂണ്ടിക്കാട്ടട്ടെ.
'സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു. ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.ഇങ്ങനേയല്ല ആ വരികൾ ട്ടോ. സമ്പുർണ്ണവും വിവിധവുമായ പരമ്പരാഗത സമ്പത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു. അങ്ങിനേയാ അത്.
നല്ല എഴുത്താ ട്ടോ, ആശംസകൾ.

Mohiyudheen MP said...

ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും

ബഹുമാനിക്കണം..:)

തൂതപ്പുഴയെ പറ്റിയുള്ള പരാമർശം കണ്ടു. അതൊക്കെ ഇപ്പോൾ നിന്നുവെന്നേ, കാമറ മൊബൈൽ കൊണ്ട് ഒരുത്തൻ പുഴയിൽ കുളിക്കുന്ന പെണ്ണുങ്ങളുടെ പടം പിടിച്ചു. അവിടെ തുടങ്ങുന്നു ആ വിപ്ലവം. നന്നായിട്ടെഴുതി കെട്ടോ? ഒരു ഇരുത്തം വന്ന സാഹിത്യ കാരിക്ക് വേണ്ട ഗുണങ്ങളെല്ലാം എഴുത്തിൽ കാണുന്നു. ആശാംസകൾ

ഞൻ ഫോളോ ചെയ്യുന്നുണ്ട്, ഞാൻ ഇതിനു മുൻപും ഒരു പ്രാവശ്യം ഈ വഴി വനിരുന്നു. കൂട്ടുകാരൻ ഹംസ ലിങ്ക് തന്നത് വഴി

Mohiyudheen MP said...

എന്നെ അവിടെ കാണുന്നില്ലേ ലിസ്റ്റിൽ? :)

പുതിയ പോസ്റ്റുമായി വാ‍