എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Saturday, April 24, 2010

ഇന്നമ്മ

 സ്കൂള് വിട്ടു വന്ന്‌ പടി കടക്കുമ്പോഴാണ് ശ്രദ്ധിച്ചത് ....ആരോ തിണ്ണയിലിരിക്കുന്നു.. അവര്‍ എന്നെ നോക്കി ചിരിച്ചു കൊണ്ട് കൈ മാടി വിളിച്ചു... ആരായിരിക്കും ... ഇവിടെ ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ... ഏതായാലും ഞാന്‍ വേഗം അവരുടെ അടുത്തെത്തി .. അപ്പോഴാണ് ശ്രദ്ധിച്ചത് .. അവര്‍ അപ്പോഴും പടിക്കലേക്കു നോക്കിയാണ് ചിരിക്കുന്നത്...അപ്പോള്‍ അത് എന്നോടായിരുന്നില്ല!!

ഞാന്‍ അവരെ സൂക്ഷിച്ചു നോക്കി...അച്ഛമ്മയുടെ പ്രായം തോന്നിക്കും... വെളുത്ത മുണ്ടും വെളുത്ത ബ്ലൌസും ...

പെട്ടെന്ന് ആ മുഖത്തെ ചിരി മാഞ്ഞു... തിണ്ണയില്‍ നിന്നിറങ്ങി ആരെയോ ചീത്ത പറയുന്ന പോലെ പിറുപിറുത്തു ... പിന്നെ ശബ്ദം ഉറക്കെയാവാന്‍ തുടങ്ങി ... "ഓളാ... ആ കുരുപ്പാ എല്ലേറ്റിനും കാരണം..കൊല്ലും ഞാന്‍ അയിനെ!"

അച്ചമ്മേ ....ഉറക്കെ വിളിച്ചു കൊണ്ട് ഓടിയെന്നായിരുന്നു വിചാരിച്ചത് .. പക്ഷെ ഒച്ച പുറത്തു വന്നില്ലെന്ന് മാത്രമല്ല .. ഒരിഞ്ചു പോലും നീങ്ങാന്‍ പറ്റാതെ അവിടെ ഉറഞ്ഞു പോയതായിരുന്നു ഞാനെന്നു പിന്നെയാണ് മനസ്സിലായത്‌... അവര്‍ എന്നെ ശ്രദ്ധിക്കാതെ അകത്തേക്ക് പോയി ... ഞാന്‍ പിന്നീട് പതുക്കെ അകത്തു വന്നപ്പോള്‍ അവര്‍ കസേരയിലിരുന്നു കരയുകയായിരുന്നു ...

ങ്ഹാ.. മോളേ നീ വന്നോ.. ഇതാണ് ഇന്നമ്മ ...

അയ്യോ അച്ചമ്മേ .... ഇവര്‍ക്ക് ഭ്രാന്തല്ലേ !!  എനിക്കറിയാം .. എന്നോട് ലതയും സ്മിതയും വിജയേട്ടനുമൊക്കെ പറഞ്ഞിട്ടുണ്ട് .. അവരുടെ കൂടെ കാറല്‍മണ്ണയിലാണ് ഇവര്‍ താമസിക്കുന്നത് .. അച്ചമ്മക്കറിയ്വോ .. ഇന്നമ്മയ്ക്ക്‌ രാത്രിയില്‍ ഭൂതങ്ങളോട് വര്‍ത്താനം പറയ്ണ  പണിയൊക്കെണ്ട്... വിജയേട്ടനോട് ഒരൂസം പറഞ്ഞൂത്രേ നിലത്തു കാതു വച്ച് കേള്‍ക്കാന്‍ ...ഭൂതങ്ങള്‍ സംസാരിക്ക്ണത് കേള്‍ക്കും ത്രെ!!   പിന്നെ അവര് ഒടിയന്മാരെപ്പറ്റിയൊക്കെ പറഞ്ഞു തന്നു.... ഇന്നമ്മക്കവരെപ്പറ്റിയൊക്കെ അറിയും... അച്ചമ്മക്കറിയ്വോ?

കുട്ടീ.. നീ കയ്യും കാലും കഴുകി ചായ കുടിക്ക്... അവരെ പെടിക്ക്യോന്നും വെണ്ട. അവര്‍ പാവമാണ്... ഇത് കര്‍ക്കിടകമല്ലേ ..ഉലുവക്കഞ്ഞി കുടിക്കാന്‍ എനിക്ക് കൂട്ടിനു വന്നതാണ്‌... നീ നിനക്ക് പഠിക്കാനുള്ളത് പഠിക്കാന്‍ നോക്ക്..

ചുട്ട പപ്പടം കൂട്ടി തേങ്ങ ചിരകിയിട്ട കഞ്ഞി കുടിച്ച്..  ഞാന്‍ വടക്കേ അറയില്‍ കിടന്നു .. ഇന്നമ്മയെ പേടിച്ച്..
അവര്‍ രണ്ടു പേരും വേറെന്തോ കഞ്ഞി കുടിച്ചു എന്തൊക്കെയോ വര്‍ത്തമാനം പറഞ്ഞു കോലായിലും കിടന്നു ...അപ്പോള്‍ ഇന്നമ്മയ്ക്ക്‌ എന്തെങ്കിലും പ്രശ്നമുണ്ടെന്നു ആരും പറയില്ല...

പെട്ടെന്നാണ് അച്ഛമ്മയുടെ കരച്ചിലും ഒച്ചപ്പാടും കേട്ടത്.. "കുട്ട്യേ...ഈ ലൈറ്റ് ഒന്നിടൂ....വേം വാ ..."

വെളിച്ചം വന്നപ്പോഴാണ് കണ്ടത് .. ഇന്നമ്മ അച്ഛമ്മയുടെ കവിളില്‍ കടിച്ചു നില്‍ക്കുന്നു .. അച്ഛമ്മ സര്‍വ ശക്തിയും വച്ച് ഇന്നമ്മയെ ഉന്തി നീക്കുന്നു .. പിന്നെ കടി വിട്ട് ഒന്നും സംഭവിക്കാത്ത മട്ടില്‍ ഇന്നമ്മ സോഫയില്‍ പോയി കിടന്നു ... എന്നോട് തിരിഞ്ഞു "പോവുമ്പോ ആ വിളക്കൊന്നു അണയ്ക്കണേ കുട്ട്യേ .." എന്ന് പറഞ്ഞു പുതപ്പു തലയില്‍ കൂടി ഇട്ടു...

ഞാമ്പറഞ്ഞില്ലേ ഇന്നമ്മക്ക്‌ ഭ്രാന്താണെന്ന്.. ഇപ്പഴോ?
അച്ഛമ്മ ഒന്നും മിണ്ടാതെ കോസടി ചുരുട്ടി വച്ച് .. എന്നോടൊപ്പം വടക്കേ അറയില്‍ വന്ന്‌ കിടന്നു..

രാവിലെ എണീറ്റപ്പോള്‍ ഇന്നമ്മ ഉഷാര്‍!.. കുളിച്ചു കുറിയൊക്കെ തൊട്ട്...
ഈ പ്ലാസ്റ്റിക്‌ കവറില്‍ ഇന്നലെ ബസ്സിലെ കീലായി ... വേറെ വല്ല ബാഗുമുണ്ടോ ഇവിടെ?... ചോദിച്ചു കൊണ്ട് ഇന്നമ്മ അവിടെയുണ്ടായിരുന്ന ചൂരല്‍ ബാഗ്‌ കയ്യിലെടുത്തു ..

ഇങ്ങള് അതവിടെ വയ്ക്കൂ ... അത് ന്‍റെ തങ്കമ്മ പനാജീന്നു കൊട്ന്നതാ .. വേറെ ഏതു വേണെങ്കിലും എടുത്തോ ..
കേട്ടാല്‍ തോന്നും അവിടെ വേറെ കൊറേ ബാഗ്‌ ഉണ്ടെന്നു .. ഇന്നമ്മയും വിചാരിച്ചു .. അവിടെയൊക്കെ തിരഞ്ഞു നടന്നു..അപ്പോഴേക്കും അച്ഛമ്മ അവരുടെ ബാഗിലെ കീലോക്കെ തുടച്ചു കുട്ടപ്പനാക്കി തിരിച്ചു കൊടുത്തു...

വൈകുന്നേരം സ്കൂള്‍ വിട്ട് വരുമ്പോള്‍ അവരുണ്ടായിരുന്നില്ല.. പക്ഷെ അച്ഛമ്മ വല്ലാതെ വിഷമിച്ചിരിക്കുന്നുണ്ടായിരുന്നു... ഇന്നമ്മയുടെ "നല്ലപ്പന്‍ കാലത്ത്" അവര്‍ ഒരു ഐശ്വര്യമുള്ള സ്ത്രീ ആയിരുന്നത്ത്രെ .. പിന്നെ എപ്പോഴോ മനസ്സിന്റെ താളം തെറ്റി...

കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ഇത് പോലൊരു ബാഗില്‍ കുറെ തുണിയുമെടുത്തു ഗുരുവായൂരേക്ക് പോയ ഇന്നമ്മയെ പിന്നീട് ആരും കണ്ടിട്ടില്ല.  എന്തെങ്കിലും സൂചന കിട്ടുന്ന സ്ഥലങ്ങളിലൊക്കെ ആളുകള്‍ പോയി അന്വേഷിച്ചു ... പക്ഷെ കണ്ടെത്താന്‍ കഴിഞ്ഞില്ല ...
പാവം ഇന്നമ്മ ...

30 comments:

മാണിക്യം said...

മനസ്സിന്റെ താളം തെറ്റിയാൽ അതൊരു പരിതാപകരമായ അവസ്ഥതന്നെ വാക്കുകളിലൂടെ ഇന്നമ്മയെ മുന്നിൽ കൊണ്ടീരുത്തി...ഒരു കണക്കിനു നന്നായി, അതെ സമയം അന്ത്യം ആരെന്നും എന്തെന്നും അറിയാത്ത ഏതോ ദിക്കിൽ- അതു സങ്കടം അല്ലെ?
ഗിമിക്കുകളില്ലാത്ത ഈ എഴുത്ത് മനസ്സിൽ തട്ടുന്നതാണ് വായിച്ചു പോയാലും ഇതിലെ വാക്കുകൾ മനസ്സിൽ താളം ചവുട്ടുന്നു...
ഐശ്വര്യമുള്ള ഇന്നമ്മ. അന്നും ഇന്നും എന്നും ....

മനോഹര്‍ കെവി said...

നന്നായിരുന്നു. ഓര്‍മകളിലെ ഇന്നമ്മ. എനിക്ക് ഈ ബ്ലോഗ്‌ അയച്ചു തന്ന ആളോട്, താങ്കള്‍ ഒരു ത്രുശൂര്‍ക്കാരിയാണോ എന്ന് ഞാന്‍ ചോദിച്ചിരുന്നു. എന്റെ തൃശൂരുള്ള ബന്ധുക്കളില്‍ ഒരു പയ്യന്‍ മാത്രം അവന്റെ അച്ഛമ്മയെ വിളിക്കുന്ന പേര് "ഇന്നമ്മ" എന്നാണ്. ആ പയ്യന്‍ വളര്‍ന്നു എഞ്ചിനീയര്‍ ആയി ജോലിയൊക്കെ ആയി. പക്ഷെ ഇപ്പോഴും അച്ഛമ്മയെ വിളിക്കുന്ന പേര് "ഇന്നമ്മ" തന്നെ. ആദ്യം കേട്ടപ്പോള്‍ വളരെ അരോചകം തോന്നി. ... ഇപ്പൊ തോനുന്നു ഈ പേര് കുറച്ചു പോപ്പുലര്‍ ആണെന്ന് - - - - - അത് പോട്ടെ, എന്റെ ബ്ലോഗും വായിക്കുമല്ലോ :-)

journeycalledlife said...

Good one... brought her to life with your words.. i have never seen her but have only the character-sketch from Vijayettan's vivid description.. my mom and vellyamma are also contributors to the story of Innamma..

raj said...

മനസ്സിന്റെ ചെപ്പിൽ എവിടെയോ ഉറങ്ങിക്കിടന്നിരുന്ന് ഇന്നമ്മയെ പുറത്തെടുത്ത് വെളുത്ത മുണ്ടും വെളുത്ത ബ്ലൌസും ഒക്കെ ധരിപ്പിച്ഛ് ഞങ്ങളുടെ മുൻപിൽ അവതരിപ്പിച്ഛതിനു നന്ദി പറയുന്നതോടൊപ്പം, ഇന്നലെകളിൽ കണ്ടുമറന്ന ഇന്നമ്മമാർ നമ്മുടെ ഓരോരുത്തരുടേയും മനസ്സിൽ ഇപ്പോഴും ചൂരൽബാഗുമായി നടന്നുപോകുന്നുണ്ട്.. വല്ലപ്പോഴുമുള്ള നാടു സന്ദർശനത്തിൽ വഴിയിൽ മോനെ സുഖാണോ എന്ന് അന്വേഷിക്കുന്ന ഇന്നമ്മ, അതാരാണെന്ന് ചോദിക്കുന്ന മക്കൾ.പലപ്പോഴും കൊടുക്കുന്ന മറുപടിയിൽ സംതൃപതരാവാതെ മുഖത്തേക്കു നോക്കുന്ന 8 വയസ്സുകാരി മകൾ കുഞ്ഞാലി.. ഹാ.. എല്ല്ല്ലാം മനസ്സിൽ കൂടി ഒരു വട്ടം കൂടി കടന്നു പോയി..
നന്മകൾ നേരുന്നു..
രാജ്

കൂതറHashimܓ said...

പാവം

പട്ടേപ്പാടം റാംജി said...

ഇന്നമ്മ ഒരു വേദന വിരിയിച്ച് കടന്ന് പോയി.
അവര്‍ പക്ഷെ മാനസിക വിഭ്രാന്തി കാണിക്കുന്നെങ്കിലും ഒരിക്കലും അവരോട് വെറുപ്പ്‌ തോന്നുന്നില്ല, പകരം ഒരു തരം അലിവ് ഉണ്ടാകുന്നുതാനും.

ശ്രീ said...

അപൂര്‍വ്വം ചില സ്ഥലങ്ങളിലേ ഈ 'ഇന്നമ്മ' എന്ന വിളി ഉള്ളൂ എന്ന് തോന്നുന്നു...

മനസ്സിന്റെ താളം തെറ്റിയാല്‍ എത്ര വലിയവരായാലും അവസ്ഥ ഇതൊക്കെ തന്നെ.

jayanEvoor said...

ഇന്നമ്മ മനസ്സിൽ തെളിഞ്ഞു.
നന്നായെഴുതി
ഇനിയും കൂടുതൽ ഉയരങ്ങളിലേക്കുയരട്ടെ ഈ എഴുത്ത്.
ആശംസകൾ!

ഏ.ആര്‍. നജീം said...

ഏതു മാനസികവസ്ഥയിലും ആരോഗ്യവസ്ഥയിലും ആയാലും ഇതുപോലെ ഒരിന്നമ്മ വീട്ടില്‍ ഉണ്ടാവണമെന്നഗ്രഹിക്കുന്ന ഒരു ചെരുവിഭാഗങ്ങലെങ്കിലും നമ്മുക്കിടയില്‍ ഇന്നും ഉണ്ടെന്നതാ സത്യം..


എത്ര ആധുനിക സദാചാരത്തെ കടമെടുത്താലും എത്ര വൃദ്ധസധനങ്ങള്‍ വന്നാലും..

അത് കൊണ്ട് തന്നെ ആ ഇന്നമ്മ ഒരു നോമ്പരമുനര്ത്തുന്ന ഓര്‍മ്മയായി അവശേഷിക്കുന്നു...

ആദ്യമായാ ഈ വഴി.. ലളിതമായ രചന ഇഷ്ടായി..

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ആര്‍ക്കാണു ഭ്രാന്ത്?നമുക്കെല്ലാം തന്നെയല്ലേ?നമ്മെക്കാളേറേ സ്നേഹം നിറഞ്ഞ മന്‍സ്സുള്ളവര്‍ക്കല്ലേ ഭ്രാന്ത് എന്നു പറഞ്ഞു നാം തള്ളിക്കളയുന്നത്...മനസ്സിന്റെ ഏറ്റവും നിഷ്കളങ്കമായ ഉന്മാദവസ്ഥയല്ലേ ഭ്രാന്ത്? അവര്‍ ഭാഗ്യവാന്മാര്‍.കള്ളവും ചതിയും നിറഞ്ഞ ഒരു ലോകം അവരുടെ ഉള്ളില്‍ ഇല്ല.എല്ലാറ്റിനേയും അവര്‍ ഇഷ്ടപ്പെടുന്നു..നമ്മുടെ ക്രൂരതയാല്‍ അവരെ നാം കൂടുതല്‍ കൂടുതല്‍ ഭ്രാന്തന്മാരും ഭ്രാന്തികളുമാക്കി മാറ്റുന്നു..

സ്നേഹത്തിന്റെ വറ്റാത്ത ഒരു ഉറവ അവര്‍ക്കായി സമ്മാനിക്കാന്‍ നമുക്കാകുമോ?

ഇന്നമ്മയുടെ കഥ വായിച്ചപ്പോള്‍ ഇതൊക്കെയാണു എന്റെ മനസ്സില്‍ തോന്നിയത്...

നന്നായി അവതരിപ്പിച്ചിരിക്കുന്നു....കൂടുതല്‍ എഴുതുക ആശംസകള്‍!

ജിജ സുബ്രഹ്മണ്യൻ said...

ഇന്നമ്മ മനസ്സിൽ വേദന വിരിയിച്ചു.മാനസിക വിഭ്രാന്തി എന്നത് ആർക്കും എപ്പോളും വരാവുന്ന ഒരു രോഗാവസ്ഥ ആണു.അതു മനസ്സിലാക്കി അവരെ ചികിത്സിക്കാൻ ആരും ഇല്ലാതിരുന്നതാണു പ്രശ്നം.വളരെക്കാലങ്ങൾക്ക് ശേഷം നല്ലൊരു ബ്ലോഗ് വായിച്ചു.എന്റെ ഒരു സുഹൃത്തു തന്ന ലിങ്ക് വഴിയാണു ഈ പോസ്റ്റിൽ എത്തിപ്പെട്ടത്.അഭിനന്ദനങ്ങൾ

OAB/ഒഎബി said...

ഇന്നല്ലെങ്കില്‍ നാളെ എല്ലാ മലയാളികുഞ്ഞുങ്ങളെയും ഈ ലോകത്തേക്ക് എത്തി നോക്കാന്‍ ഈ വരികള്‍ സഹായിക്കട്ടെ ...

ഗീത said...

ഐശ്വര്യമുള്ള സ്ത്രീ ഇന്നമ്മയായി മാറി. ഒരു നൊംബരം ബാക്കിയാക്കി കടന്നു പോയി.
എഴുത്ത് നന്നായിട്ടുണ്ട്.
മാണിക്യത്തിന്റെ പോസ്റ്റില്‍ നിന്നാണിവിടെ എത്തിയത്.

the man to walk with said...

post ishataayi

എറക്കാടൻ / Erakkadan said...

റിയലി ടച്ചിംഗ്‌

കുഞ്ഞന്‍ said...

ആദ്യമായിട്ടാണിവിടെ, ഈ ഇന്നമ്മ ചിലപ്പോൾ നാളെ ഞാനാകാം എന്റെ അമ്മയാകാം ഇതു വായിക്കുന്നവരാകാം. എന്തായാലും താങ്കളുടെ അച്ഛമ്മ നല്ല മനസ്സിനുടമയാണ് അല്ലായിരുന്നെങ്കിൽ കവിളിൽ കടിച്ച ഇന്നമ്മയെ അപ്പോഴെ പ്രാകിയിരുന്നേനെ..

മനസ്സിലെവിടെയൊ കീറലുണ്ടാക്കുന്ന പോസ്റ്റ്.

Malayali Peringode said...

hmmmmmmmmmm!

ശരിക്കും മനസ് തൊട്ടു!!

Sreekumar B said...

ചിലപ്പോള്‍ ഓരോരോ ജീവിക്കുന്ന കഥാപാത്രങ്ങളോട് അനുകമ്പയും സ്നേഹവും തോന്നും. ചിലപ്പോ ചുറ്റും നോക്കുമ്പോള്‍ സ്വാര്‍ത്ഥതയും കുശുമ്പും അഹന്തയും നിറഞ്ഞ സ്ത്രീകളെ കാണുമ്പോള്‍ ഇത്തരം മൃദുവികാരങ്ങള്‍ മനസ്സില്‍ നിന്നും പറന്നു പോകും. എല്ലാരോടും ക്രൂരതയാണ് അപ്പോള്‍ തോന്നുക. ഇതുപോലെ ഉള്ള കഥകള്‍ വായിക്കുമ്പോള്‍ കുട്ടികാലത്ത് മറ്റുള്ളവരോട് തോന്നുന്ന അടുപ്പം തിരിച്ചു വരുന്നത് പോലെ തോന്നും. ഏതാ ശരി ഏതാ തെറ്റ് എന്നെനിക്ക് തന്നെ അറിയില്ല.

Sranj said...

@ മാണിക്യം ചേച്ചി ..
നന്ദി ഈ പ്രോത്സാഹനത്തിന്.. ഈ സ്നേഹത്തിന്.. എന്‍റെ ഇന്നമ്മയെ ലോകത്തിനു പരിചയപെടുത്തിയതിനു നന്ദി ..

@മനോ ..
നന്ദി... ഞാനും ഇപ്പോഴാണ്‌ അറിഞ്ഞത് ഇന്നമ്മമാര്‍ വേറെയും ഉണ്ടായിരുന്നെന്ന്..

@Sumi ...Thanks!

@raj നന്ദി..

@Hashim .. അതെ പാവം!

@റാംജി... അതെ എനിക്കറിയുന്ന എല്ലാവര്‍ക്കും അങ്ങിനെയായിരുന്നു..

@ശ്രീ .. സത്യം!.. വേദനിപ്പിക്കുന്ന സത്യം...

@ജയേട്ടന്‍ .. നന്ദി!

@നജീം .. ആനമങ്ങാട്ടെയ്ക്ക് സ്വാഗതം.. പ്രോത്സാഹനങ്ങള്‍ക്ക് നന്ദി ...

@സുനില്‍... നന്ദി ..ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും .. ഈ പ്രോത്സാഹനങ്ങള്‍ക്കും..

@കാ‍ന്താരിക്കുട്ടി .. നന്ദി.. വന്നതിനും .. ഈ നല്ല വാക്കുകള്‍ക്കും ... എന്നെപോലുള്ള ഒരു തുടക്കക്കാരിക്കു ഇതെത്ര വലുതാണ് എന്നൂഹിക്കാമല്ലോ?

@ OAB ..നന്ദി.. പക്ഷെ അവരെ ഇങ്ങനെയൊക്കെ പറഞ്ഞു കൊതിപ്പിക്കുകയും അവരില്‍ നിന്ന് ഈ കൌതുകങ്ങള്‍ മാറ്റി നിര്‍ത്തുന്നതും നിസ്സഹായരായ നമ്മള്‍ തന്നെയല്ലേ OAB ?

@ ഗീത ..നന്ദി..

@ the man ... thanks!

@ഏറക്കാടന്‍ ..നന്ദി..ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും കമന്റാന്‍ സന്മനസ്സു കാണിച്ചതിനും..

@കുഞ്ഞന്‍ ..നന്ദി.. അച്ഛമ്മ അവരുടെ സ്ഥിതി ഓര്‍ത്ത്‌ ഇപ്പോഴും സങ്കടപ്പെടുമായിരുന്നു..

@മലയാളി .. hmmmmm ... നന്ദി!
@Sree .. ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി..
എല്ലാവരും എല്ലായ്പ്പോഴും ഒരു പോലെയല്ലല്ലോ... നന്മയും സ്നേഹവും തരുന്ന സന്തോഷം മാത്രം സ്വീകരിക്കുന്നതും ... മറ്റുള്ളവയെ കുറിച്ചാലോചിച്ചു സ്വന്തം മനസ്സമാധാനം കളയാതിരിക്കുന്നതും... "ശരി"... കുശുമ്പുകാര്‍ തന്ന വേദനയില്‍ എല്ലാരേയും ആ കണ്ണ് കൊണ്ട് കാണുന്നത് "തെറ്റ്".. എന്താ ശരിയല്ലേ?

(കൊലുസ്) said...

ആശംസകള്‍. നല്ല അവതരണം. ഇന്നമ്മ ഒരു നൊമ്പരമായി..

Sranj said...

നന്ദി SHEBBU...

നിരക്ഷരൻ said...

സുനില്‍ കൃഷ്ണന്റെ വരികള്‍ക്ക് താഴെ ഒപ്പ്. ആനമങ്ങാടിന് ആശംസകള്‍ . മാണിക്യേച്ചിയുടെ ബ്ലോഗ് വഴിയാണ് ഇങ്ങെത്തിയത്.

Sranj said...

കിളിക്കൂട്‌ വഴി ആനമങ്ങാട്ടെത്തിയ യാത്രക്കാരന് സുസ്വാഗതം...!

ഉസ്മാന്‍ പള്ളിക്കരയില്‍ said...
This comment has been removed by the author.
ഉസ്മാന്‍ പള്ളിക്കരയില്‍ said...

ഇന്നമ്മയുടെ ചിത്രം സദൃശമായ കുറെ കഥാപാത്രങ്ങളെ മനസ്സിലെയ്ക്ക് കൊണ്ടുവന്നു.
രചന നന്നായി.
ആശംസകള്‍

Sranj said...

പള്ളിക്കരയില്‍ ...നന്ദി ..

Unknown said...

മഞ്ഞു പോലെ തണുത്ത ഒരു പിടി ഗൃഹാതുരത്വം മനസ്സിലേക്ക് വിതറിയിടുന്ന, നിറമുള്ള വരികൾ. ഇന്നലെകളുടെ പിന്നാമ്പുറങ്ങളിൽ ഒരു ദീർഘനിശ്വാസമായി, സമസ്യയായി അവശേഷിക്കുന്ന ആത്മാക്കൾ ഇവിടെ പുനർജ്ജനിക്കട്ടെ.

നാടകക്കാരന്‍ said...

ഇന്നമ്മ ഇറങ്ങിചെന്നത് എവിടെക്കാണ് ,,,? ഈ ചോദ്യം ഒരു ഭീതിയോടെയാണ് നാടകക്കാരൻ കാണുന്നത് ..ഇനി നമുക്ക് ഇന്നമയെ തിരയാൻ കഴിയില്ല കാരണം നമുക്കു ചുറ്റും ഇന്നമ്മമാരുടെ ഒരു വലിയ നിര നിരന്നിരിക്കുന്നു തിരിച്ചറിയാനാകാത്ത വിധം .

Sranj said...

നന്ദി നാടകക്കാരന്‍ ...
ആനമങ്ങാട്ടെയ്ക്ക് സ്വാഗതം ..

Cartoonist said...

ഭ്രാന്ത് അനുഭവിച്ചിട്ടുണ്ടോ?
അത്രത്തോളം എത്തി തിരിച്ചുവന്നിട്ടുണ്ടോ?
ഉണ്ടെങ്കില്‍, ജീവിതത്തില്‍ അയാള്‍ അധികം പരാതി പറയില്ല.....

ഇത്രമാത്രം :)

അസ്സല്‍ പോസ്റ്റ് !