എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Tuesday, April 13, 2010

വിഷു

കണ്ണു തുറക്കല്ലേ.. പറയുമ്പോള്‍ തുറന്നാല്‍ മതി .... മെല്ലെ .. അതാ അവിടെ കട്ലപ്പടിയുണ്ട്...മെല്ലെ നടന്നോ.. ഇനി ഇടത്തോട്ടു തിരിഞ്ഞോളൂ.. പടിഞ്ഞാറ്റിയിലേക്ക് കേറിക്കോളൂ...ങാ .. ഇനി മെല്ലെ കണ്ണ് തുറന്നു കണി കണ്ടോളൂ ... വച്ചിരിക്കുന്നതെല്ലാം കണ്‍ നിറയെ കാണണം...


അതാണ് കണി വെള്ളരി ... ആ വച്ചിരിക്കുന്ന കണ്ണാടിയിലൂടെ ചിരിച്ചു നില്‍ക്കുന്ന കണ്ണനെയും ഐശ്വര്യത്തിന്റെ പ്രതീകമായ കൊന്നപ്പൂവും കണ്ടൂലോ?.. അഷ്ടമംഗല്യം, വസ്ത്രം, സ്വര്‍ണം, പഴങ്ങള്‍, നിറദീപം, എല്ലാരും കണ്ടതിനു ശേഷം .. ഓരോരുത്തരായി വന്ന്‌ ഈ വച്ചിരിക്കുന്ന വെറ്റിലടക്ക എടുത്തു വന്ന്‌ കൈനീട്ടം വാങ്ങിക്കോളൂ....


എല്ലാ വര്‍ഷവും എത്ര തിരക്കാണെങ്കിലും ഓണവും വിഷുവും ദിവസങ്ങളില്‍ എല്ലാവരും തറവാട്ടില്‍ എത്തിയിരിക്കണം .. അതായിരുന്നു അച്ഛമ്മയുടെ നിയമം. എല്ലാവരും വരുന്നത് പ്രമാണിച്ച് കെട്ടി വച്ചിരിക്കുന്ന കോസടികളൊക്കെ തട്ടി കുടഞ്ഞു വെയിലത്തിട്ടു ഉണക്കി വയ്ക്കും..പടി മുതല്‍ വീട് വരെയുള്ള നടവഴിയുടെ രണ്ടു വശവും മാക്കു അമ്മായി വന്ന്‌ മണ്ണ് കൊണ്ട് മെഴുകി തരും.. ഉണങ്ങിയ ശേഷം.. ചാണകം മെഴുകും... വീട്ടിനുള്ളിലെ നിലമൊക്കെ കാവി പൂശും .. അതും മാക്കു അമ്മായിയാണ് ചെയ്യുക.. കാവിയില്‍ നനച്ച തുണി കൊണ്ട് പൂശും .. പിന്നീട് ഉണങ്ങിയ ശേഷം മിനുസമുള്ള വെള്ളാരം കല്ല്‌ കൊണ്ട് അമര്‍ത്തി തേച്ചു മിനുമിനുപ്പിക്കും.... മേശകളും കസേരകളും സോപ്പ് ഇട്ടു കഴുകി പാറോത്തിന്റെ ഇല കൊണ്ട് ഉരച്ചു വെളുപ്പിക്കും...വിളക്കും കിണ്ടിയും ഉരുളിയും പുളി കൊണ്ട് തേച്ചു കഴുകി ഉണക്കി വയ്ക്കും ... പച്ചക്കറികളൊക്കെ പെരിന്തല്‍മണ്ണയില്‍ നിന്നു കൊണ്ടുവരണം .. എപ്പോഴെങ്കിലും പാലക്കാടന്‍ പച്ചക്കറിക്കാര്‍ ജമാല്‍ അങ്കിള്‍ടെ കടയ്ക്കു മുന്‍പില്‍ ചാക്കില്‍ നിരത്തി വില്‍ക്കും ...അപ്പോള്‍ അവിടെ നിന്നു വാങ്ങി വയ്ക്കും .. വിഷു ദിവസത്തേയ്ക്ക് ആവശ്യമുള്ള നാളികേരം ഇട്ടു വയ്ക്കും... ഒപ്പം കുറെ ഇളനീരും .. അതൊന്നും കിട്ടാത്ത നാട്ടില്‍ നിന്നല്ലേ എല്ലാരും വരുന്നത്!

"അവഗ പപ്പഗം ഇഴ്ഹ (അവിടെ പപ്പടം ഇല്ല)!!"... ... പോക്കര്‍ അങ്കിളിന്റെ കടയില്‍ നിന്നു വാങ്ങിയ ബാക്കി സാധനങ്ങളുടെ സഞ്ചി ഇറക്കി വച്ച് ഇത്ത പറഞ്ഞു.

അയ്യോ പപ്പടം ഇല്ലാതെ പറ്റില്ലല്ലോ ... ഇനി ഇപ്പൊ ന്താ ചെയ്യാ...

ചിന്നമ്മ്വോ.. ജ്ജ് പ്പെങ്ങ് ട്ടാ പോണ് ഈ നട്ടുച്ചയ്ക്ക് .. മറിയത്താത്തയാണത്...

വിഷുവല്ലേ മറിയേ.. കുട്ട്യോള്‍ക്കൊക്കെ പപ്പടം ല്ലാണ്ട് പറ്റില്ല ... ആ പപ്പട ചെട്ടീടോടക്കാ...

ഓള് മുന്താസിന്റൊപ്പം പോയ്കോളും.. ഞങ്ങക്കും വേണം രണ്ടു കെട്ട്...

സല്യേ... ജ്ജും പോ ഓരൊപ്പരം ... പെങ്കുട്ട്യോളല്ലേ ..
അങ്ങനെ ഒരു വടി കൊണ്ട് ഒരു സൈക്കിള്‍ ടയര്‍ തട്ടി തട്ടി സലി മുന്നിലും .. കൈ കോര്‍ത്ത്‌ വര്‍ത്തമാനം പറഞ്ഞു കൊണ്ട് ഞാനും മുന്താസും പിന്നിലും നടന്നു...

പപ്പട വീട് കണ്ടു അമ്പരന്നു പോയി.. ഒരു വശത്ത് രണ്ടാളുകള്‍ പപ്പടം പരമ്പിലിട്ട് ഉണക്കുന്നു .. പപ്പടത്തിനുള്ള മാവ് ഒരു മഞ്ഞ പാമ്പ് പോലെ ഒരു മരപ്പലകയില്‍ .. പിന്നീട് അത് ചെറിയ കഷണങ്ങളാക്കി മുറിച്ചു പപ്പടം പോലെ പരത്തുന്നു.. പരക്കും തോറും അതിന്റെ മഞ്ഞ നിറം ഇല്ലാതാവുന്നു .. സലി ടയര്‍ മുറ്റത്ത്‌ ഒരു മൂലയില്‍ വച്ച് പപ്പട പാമ്പിനെ മുറിക്കുന്നിടത്തു പോയിരുന്നു ...


എന്താ വേണ്ട് കുട്ട്യോളെ?


 പപ്പടം വേണം.. ഇയ്ക്ക് നാല് കെട്ട്.. ഇവള്‍ക്ക് രണ്ടു കെട്ട്...


അതിലൊരാള്‍ ചിരിച്ചു കൊണ്ട് ചോദിച്ചു .. കാച്ചിയ പപ്പടം വേണോ .. കാച്ചാത്തത്‌ വേണോ..

ഞാന്‍ അന്തം വിട്ടു മുംതാസിനെ നോക്കി... അത് അച്ഛമ്മ പറഞ്ഞില്ല..

കാച്ചാത്തത്‌ മതി.. ഞങ്ങള് കാച്ചിക്കോളം... മുംതാസ് പറഞ്ഞു.. എന്നിട്ട് രഹസ്യമായി എന്നോട് പറഞ്ഞു .... കാച്ചുമ്പ പപ്പടം വലുതാവൂലെ... എങ്ങനെ കൊണ്ടൂവാനാണ്.. കാച്ചാത്തത്‌ കയ്യ്പ്പിടിക്കാലോ ..

ഹോ ഈ മുംതാസിനെന്തൊരു പുദ്ദി..!

തിരിച്ചു വരുമ്പോള്‍ ചേറങ്ങോട്ടില്‍ കയറി വെള്ളരി വാങ്ങാനും പറഞ്ഞിരുന്നു അച്ഛമ്മ..

ഏതാ വേണ്ട് ച്ചാ എടുത്തോ .. കുട്ടച്ച എന്നെ പത്തായ പുറത്തു കേറ്റി നിര്‍ത്തിയിട്ടു പറഞ്ഞു. ഒരു മുറി മുഴുവന്‍ വെള്ളരിക്കകള്‍ കയറില്‍ കെട്ടിത്തൂക്കിയിരിക്കുന്നു ... നല്ല നിറമുള്ള ഒരെണ്ണം ചൂണ്ടി കാണിച്ചു .. കുട്ടച്ച അത് ഒരു സഞ്ചിയിലാക്കി തന്നു ..

അങ്ങനെ എല്ലാം ആയി.. ഇനി എല്ലാരും ഒന്നെത്തിക്കിട്ടിയാല്‍ മതി ...

ഓരോരുത്തരായി വന്നെത്തികൊണ്ടിരുന്നു..

രാത്രി എല്ലാ കുട്ട്യോളും കോലായില്‍ കോസടികളില്‍ കിടക്കും... പുലര്‍ച്ചെ അടുക്കളയിലെ തട്ടും മുട്ടും കെട്ട് ഉണര്‍ന്നു കിടക്കും ...അച്ഛമ്മയുടെ നിര്‍ദ്ദേശങ്ങളും ..തങ്കാന്റിയുടെ കല്‍ക്കത്ത വിശേഷങ്ങളും... അമ്മടേം ലീലാന്റിടേം തമിഴ് വിശേഷങ്ങളും, താളിക്കലും, നാളികേരം പൊട്ടിക്കലും, ചിരകലും, അരക്കലും.... എട്ത്യേ കടുകെവിടെയാണ്? ചേന വെന്തൂന്നു തോന്നുന്നു മോര് ചേര്‍ത്താലോ? തങ്കേട്‌ത്തീടെ മുടിയൊക്കെ പോയീട്ടോ, സുമേച്ചി ഓണത്തിനു കണ്ടേനെക്കാളും തടിച്ചുട്ടോ, ലീലേ ഈ തേങ്ങ നല്ലോണം അരഞ്ഞോട്ടെ, ആദ്യം എടുത്തത് ഒന്ന് ഒതുക്കിയാല്‍ മതി, അമ്മേ പായസത്തില്‍ തമ്പാല്‍ ചേര്‍ക്കാനായീന്നു തോന്നുന്നു, ഏലക്ക ഇത് മതിയാവും ല്ലേ, അങ്ങനെ അടുക്കളയിലെ എല്ലാ ജഗപൊകകളും .. കോലായിലേക്ക് കേള്‍ക്കാം.. വെളിച്ചെണ്ണയിലേക്ക് പപ്പടം വീഴുമ്പോള്‍ വരുന്ന മണം മൂക്കില്‍ തുളക്കുമ്പോള്‍ അറിയാം.. കലാശക്കൊട്ടാണ്.. എല്ലാ പണിയും കഴിഞ്ഞിരിക്കുന്നു.. പുളിയിഞ്ചി, നാരങ്ങ, ചേന വറുത്തത്, അവിയല്‍, കാളന്‍, ഓലന്‍, സാമ്പാര്‍, പച്ചടി, ഉപ്പേരി, എരിശ്ശേരി, പപ്പടം, പായസം...

അതിരാവിലെ കണിയും കൈനീട്ടവും കഴിഞ്ഞാല്‍.. പിന്നെ ശര്‍ക്കരയിട്ട് പുഴുങ്ങിയ നേന്ത്രപ്പഴവും പപ്പടവും... പിന്നെ പതിനൊന്നു മണിക്ക് തന്നെ സദ്യ..


ഈ കുടുംബത്തിലെല്ലാരും പപ്പട കൊതിയന്മാരാണ്.. സദ്യ വിളമ്പുമ്പോഴേക്കും പപ്പടക്കൊട്ട കാലിയായിരിക്കും.. വീണ്ടും കാച്ചും.. അതും ആ ദൊന്തി പപ്പടം.. അതും കയ്യില്‍ പിടിച്ചു വീടിനു ചുറ്റും മത്സരിച്ചോടുന്ന എന്‍റെയും സുമിയുടെയും അടിപിടി അധികവും അച്ഛമ്മ തന്നെ തീര്‍ത്തു തരലാണ് പതിവ് ... ഒറ്റയടിക്ക് അതങ്ങ് പൊട്ടിക്കും എന്നിട്ട് ആ പൊടി രണ്ടാള്‍ക്കും വീതം വച്ച് തരും ..... തൊടിയിലെ ഏതു മുക്കില്‍ ആണെങ്കിലും പപ്പടം കാച്ചുന്ന മണം എല്ലാരേയും വലിച്ചു അടുക്കളയിലേക്കു കൊണ്ടുവരും .... ഇന്നിപ്പോള്‍ ഏതെങ്കിലും ചിമ്മിനി ഫില്‍റ്റര്‍ ഉള്ള വീട് കാണുമ്പോള്‍ മനസ്സിലോര്‍ക്കും .. പാവം ഇവര്‍ക്ക് പപ്പടം കാച്ചുന്ന മണം കിട്ടണമെങ്കില്‍ തെറസ്സില്‍ പോയി നില്‍ക്കണ്ടേ??
(ഇത് ഞാന്‍ കഴിഞ്ഞ കൊല്ലം ഇവിടെ പോണ്ടിച്ചേരിയില്‍ വച്ച കണിയാണ്...)

എല്ലാവര്‍ക്കും നന്‍മ നിറഞ്ഞ വിഷു ആശംസകള്‍ ......

20 comments:

മാണിക്യം said...

ആനമാങ്ങട്ടെ വിഷു ഉഗ്രന്‍ പപ്പടത്തിന്റെ മണം ഇതാ ഇവിടെ എത്തി.....:)
സമ്പന്നവും സന്തുഷ്ടവും സമാധാനപൂര്ണവും
സര്‍വ്വഐശ്വര്യവും നിറഞ്ഞതാവട്ടെ വിഷു
എല്ലാവിധ സന്തോഷവും ആരോഗ്യവും ദീര്ഘായുസും തന്നു ഈശ്വരന് അനുഗ്രഹിക്കട്ടെ
എന്നാ പ്രാര്‍ഥനയോടെ ഒത്തിരി സ്നേഹത്തോടെ
“ഐശ്വര്യസമൃദ്ധമായ നല്ലൊരു വിഷു ആശംസിക്കുന്നു!!" ..
മാണിക്യം

Sranj said...

മാണിക്യം ചേച്ചീ ... ആദ്യത്തെ കൈനീട്ടം സ്വീകരിച്ചിരിക്കുന്നു .. ഇതാ എന്റെ വെറ്റിലടക്കയും നമസ്കാരവും കൂടി സ്വീകരിച്ചോളൂ ...

raj said...

എന്താ ഇപ്പൊ പറയുക.വാക്കുകൾ പുറത്തേക്കു വരാത്ത അവസ്ഥ. ഒരു മറുനാടൻ മലയാളിയായിട്ട് പോലും വിഷുക്കൈന്നിട്ടത്തിന്റെ വെള്ളിനാണയം പോലെ തിളങ്ങുന്ന വാക്കുകൾ.മലയാളക്കരയെ സ്നേഹിക്കുന്ന ആർക്കും കണ്ണിനെ ഈറനണിയിക്കാതെ ഇതു വായിക്കാൻ പറ്റുമോ എന്ന് എനിക്ക് തോന്നുന്നില്ല. താങ്കളുടെ മുമ്പത്തെ പോസ്റ്റുപോലെ ഇതും എന്നെ... ഗൃഹാതുരത്വം നിറഞ്ഞു നിൽക്കുന്ന വരികൾ ഒരു കൈനീട്ടമായി സ്വീകരിക്കുന്നു. ഒപ്പം മാണിക്യാമ്മ പറഞ്ഞതുപോലെ“പപ്പടത്തിന്റെ മണം ഇതാ ഇവിടെ എത്തി.....:)
സമ്പന്നവും സന്തുഷ്ടവും സമാധാനപൂര്ണവും
സര്‍വ്വഐശ്വര്യവും നിറഞ്ഞതാവട്ടെ വിഷു
എല്ലാവിധ സന്തോഷവും ആരോഗ്യവും ദീര്ഘായുസും തന്നു ഈശ്വരന് അനുഗ്രഹിക്കട്ടെ
എന്നാ പ്രാര്‍ഥനയോടെ ഒത്തിരി സ്നേഹത്തോടെ
“ഐശ്വര്യസമൃദ്ധമായ നല്ലൊരു വിഷു ആശംസിക്കുന്നു!!" ..

journeycalledlife said...

I loved reading this blog (as usual)... had a lovely walk down the memory lane.. i remember washing the chairs (now the chairs are with unnimama all polished up, not the old version) with that "parrakathinte ila"... and all the small talks, my mom wud be doing a lot of "vudals" of her calcutta days, he he he... and the "queen" would of course be "vellyamma" sharply ordering around everyone.. the menfolk sitting in the hall.. in their own world, with vellimama of course giving the ladies company in the kitchen now and then... great read.. keep 'em coming gal... loving it

jayanEvoor said...

ഐശ്വര്യമുള്ള കുറിപ്പ്!

ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!

ജയൻ ‘കുട്ട്യച്ഛൻ’
ലക്ഷ്മി കുഞ്ഞമ്മ
കുഞ്ഞാറ്റ
കുഞ്ഞുണ്ണി

Anonymous said...

Hey forgot to mention... my childhood sweetheart again!!

ഒരു നുറുങ്ങ് said...

നൊസ്താള്‍ജിക്..! ആനമങ്ങാട്ടെ വിശു ജോറായി..!
ആശമസകള്‍.

Sranj said...

and jounrney... be it appalam or pappadam... your vellimama still comes to kitchen to steal them!!!

Sranj said...

അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി..
@raj - അപ്പൊ പപ്പടക്കൊതിയന്മാരുടെ കൂട്ടത്തില്‍ പെടുത്താം അല്ലെ?

പക്ഷെ നുറുങ്ങു ജീ, ഇത് പോലെ ഒരു വിഷു ഇപ്പോള്‍ ഓര്‍മകളില്‍ മാത്രം ... എന്തൊക്കെയോ നേടിയെടുക്കുമ്പോള്‍.. എന്തൊക്കെയോ നഷ്ടപ്പെടുന്നു..

raj said...

പപ്പടക്കൊതിയന്മാരുടെ ഒരു തലതൊട്ടപ്പനായി വരും ഞാൻ. പപ്പടം മാത്രമല്ല, പ്രഥമൻ, അതും അടപ്രഥമൻ. പിന്നെ ഇലയിൽ സദ്യ വിളമ്പി കൈ കൊണ്ട് വാരി വലിച്ഛ് തിന്നൽ. എന്റ്മ്മോ.. എനിക്കിപ്പോ നാട്ടിൽ പോകണം..ഈയ്യാൾ എപ്പോഴും വന്നു എന്റെ കണ്ണു നിറച്ഛ് പോകാറാ പതിവ്. ഇത്തവണ എന്റെ വായിൽ വെള്ളം നിറച്ഛു.

Sranj said...

:-)

പട്ടേപ്പാടം റാംജി said...

ശരിക്കും വിഷുവിന്റെ എല്ലാ ഒരുക്കങ്ങളിലും ഓടിനടന്ന ഒരിത് ഉണ്ടായി വായിച്ചുകൊണ്ടിരുന്ന ഓരോ നിമിഷവും. അത്ര മനോഹരമായി പറഞ്ഞു.
ചെറിയ വിശേഷങ്ങള്‍ വരെ തനിമയോടെ. അടുക്കളയിലെ തിരക്കൊക്കെ അതേപടി അനുഭവിച്ച ഒരു ഫീല്‍ ആയിരുന്നു. പപ്പടം കാച്ചുന്ന മണം എത്ര സുന്ദരമാക്കിയിരിക്കുന്നു.അങ്ങിനെ എല്ലാം...
പറയാന്‍ മറന്നു. ചിത്രം വരച്ചപോലെ മനോഹരമായ കണി കഴിഞ്ഞ തവണ ഒരുക്കിയതാണെന്ന് വായിച്ചപ്പോള്‍ അത്ഭുതം തോന്നി. അത്ര രസം.

വൈകിയെങ്കിലും വിഷു ആശംസകള്‍.

Unknown said...

NISHA, PUTHIYA POSTS NU WAIT CHEYYUNNU

Mohamedkutty മുഹമ്മദുകുട്ടി said...

പപ്പടം കാച്ചുന്ന ഒരു പടം കൂടി കൊടുക്കാമായിരുന്നു. കാച്ചുന്നിടത്തു നിന്ന് പപ്പടം എടുത്തു തിന്നാന്‍ ഒരു പ്രത്യേക രുചിയാണ്. വിഷു അസ്സലായി.അഭിനന്ദനങ്ങള്‍!

Sranj said...

... പിന്നെ എല്ലാ പപ്പട കൊതി യന്‍/ച്ചി മാരും അത് നോക്കി വെള്ളമിറക്കി പോകും.. ഞാനീ എഴുതിയതൊന്നും വായിക്കാനാരുമുണ്ടാവില്ല...

Anoop said...

ഒരു കണി കണ്ടപോലുണ്ട് ..

ശ്രീ said...

നല്ല ഓര്‍മ്മകള്‍... നന്നായി പങ്കു വച്ചു.

പോണ്ടിച്ചേരിയിലെ കണിയും മോശമായിട്ടില്ല ട്ടോ.

Unknown said...

ഹൃദയം നിറഞ്ഞ വിഷു ആശംസകൾ!

കൂതറHashimܓ said...

നല്ല വിഷു, നല്ല പപ്പടം.
അച്ഛമ്മ പപ്പടം കയ്യിലിട്ട് പോടിച്ചു എന്നൊക്കെ കേട്ടപ്പോ... അത്രക്ക് ശക്തിയാണോ അച്ഛമ്മക്ക്... ഹ ഹ ഹ ഹാ (ചുമ്മാ)

Sranj said...

നന്ദി അനൂപ്‌..ശ്രീ.. റ്റോംസ് .. ഹാഷിം ..

ഹാഷിം... പപ്പടം കയ്യിലിട്ടു പോട്ടിക്കുകയല്ല... പപ്പടം പിടിച്ചു ഓടുന്ന ഞങ്ങടെ കയ്യിലെ പപ്പടം അടിച്ചു പൊട്ടിച്ചൂന്ന്... മത്സരം അവിടെ കഴിഞ്ഞല്ലോ ...പിന്നെ ഓരോ പൊട്ടിക്കല് വീതം ഓട്ടക്കാര്‍ക്കും കിട്ടി ....