എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Sunday, August 22, 2010

ആനേങ്ങാട്ടെ ഓണം!

കുട്ട്യേ.. ആ രേവി വന്നാല്‍ ..ദാ ഇവിടെ തറ ണ്ടാക്കാന്‍ പറയണം.. ഇത്രയും ഉയരം വച്ചാ മതി.. പറയ്ണ കേക്കുണുണ്ടോ യ്യ്..  അച്ചമ്മ ചെങ്കല്ല് കൊണ്ട് മുറ്റത്ത് ഒരു വട്ടം വരച്ചു..
മണ്ണ് ഒണങ്ങണേന്റെ മുന്നെ നടൂല് ഒരു ചെറിയ കുഴി വെരലോണ്ട് ണ്ടാക്കണം... ന്നാ പൂവിടുമ്പോള്‍ നടു തെറ്റില്ല...
ഞാനിത്തിരി ചാണകം കിട്ട്വോ നോക്കട്ടേ.. തറ മെഴുകാനുള്ളതെങ്കിലും കിട്ട്യാ മതിയായിരുന്നു...
അത്തം പടിക്കലെത്തി... ഒരു പണ്യൂം ആയിട്ടില്ല... ഇനിപ്പൊ ഓരോരുത്തര് വരാനും തൊടങ്ങ്വല്ലൊ... അച്ചമ്മ ഒരു കൊട്ടയുമെടുത്ത് പടി കടന്ന് പോയി...

ഓണത്തിന് എല്ലാവരും വരും.. അച്ഛമ്മയുടെ എല്ലാ മക്കളും... പേരക്കുട്ടികളും... എല്ലാരും കൂടെ നല്ല രസമായിരിക്കും.. ഒച്ചയും ബഹളവും... കളികളും....
അത്തത്തിന് അച്ചമ്മയാണ് പൂവിടുക... തറയില്‍ നല്ലോണം ചാണകം മെഴുകി... ആ കറുത്ത തറയില്‍ .. തൂവെള്ള തുമ്പപ്പൂവിട്ടാല്‍ .. കാണാന്‍ തന്നെ എന്തു രസമാണ്..
പിറ്റെ ദിവസം മുതല്‍ പൂവിടല്‍ എന്റെ പണിയാണ്..

അവിടെയുള്ള കുട്ട്യോളൊക്കെ കൊട്ടയെടുത്ത് നടക്കും പൂ പറിക്കാന്‍.. പക്ഷെ അച്ചമ്മ എന്നെ വിടില്ല...
"നമ്മടെ തൊടീലെ പൂക്കള്‍ തന്നെ മതി ...അതെന്നെ കൊറേ ണ്ടല്ലൊ"
ശരിയാണ്.. പൂക്കളെയും ചെടികളെയും ഇഷ്ടപ്പെട്ടിരുന്ന വെല്യാന്റി.. ഓരോ പ്രാവശ്യം വരുമ്പോഴും.. ഓരോ ചെടി വയ്ക്കും... അതുകൊണ്ട് ഞങ്ങടെ മുറ്റത്തും തൊടിയിലും തന്നെ ധാരാളം പൂക്കള്‍ ഉണ്ടായിരുന്നു..
നടൂല് വക്കാന്‍ എപ്പൊഴും അടുക്ക് ചെമ്പരുത്തി.. അല്ലെങ്കില്‍ കുമ്പളപ്പൂ.. പിന്നെ അതിനു ചുറ്റും ഓരോ പൂക്കളൊ ഇതളുകളോ വട്ടത്തില്‍ ഇട്ട് വരും തറ നിറയും വരെ.. പല നിറത്തിലുള്ള കാശിത്തുമ്പകള്‍.. മുല്ല.. തുമ്പപ്പൂ.. കോളാമ്പിപ്പൂ..പല നിറത്തിലുള്ള ചെമ്പരുത്തിപ്പൂ, അരിപ്പൂ..കാക്കപ്പൂ.. മഞ്ഞയും വെള്ളയും മന്ദാരം, കോഴിപ്പൂ, പൂച്ചവാലന്‍, മുക്കുറ്റി, മാര്‍ഗഴിപ്പൂ, ഡിസംബര്‍ പൂ, ശംഖു പുഷ്പം, ജമന്തി, പിച്ചകം, ചെണ്ടുമല്ലി, കിങ്ങിണിപ്പൂ, പിന്നെ പേരറിയാത്ത കുറെ കാട്ടു പൂക്കള്‍... എല്ലാം തലേന്ന് തന്നെ പൂമൊട്ടായി പറിച്ച് ചേമ്പിലയില്‍ കുമ്പിള്‍ കുത്തി വയ്ക്കും .. രാത്രി അതെടുത്ത് മുല്ലത്തറയിലെ മുല്ലച്ചെടികള്‍ക്കിടയില്‍ വയ്ക്കും.. രാവിലെ പൂക്കള്‍ വിരിഞ്ഞിട്ടുണ്ടാവും.. രണ്ടു കുംബിള്‍ ഉണ്ടാവും.. ഒന്ന് വീട്ടിലേക്ക് ..ഒന്ന് സ്കൂളിലേക്ക്..  തലേ ദിവസത്തെ പൂക്കള്‍ മാറ്റി... ഒട്ടിപ്പിടിച്ചു കിടക്കുന്ന കാശിത്തുമ്പയൊക്കെ ചുരണ്ടിക്കളഞ്ഞു പുതുതായി ചാണകം മെഴുകി പുതിയ പൂക്കളം ദിവസവും തീര്‍ക്കും..
അവസാനത്തെ മൂന്നു ദിവസം പൂക്കളത്തിനെക്കാള്‍ പ്രാധാന്യം മാക്കോലത്തിനാണ്.. പച്ചരിയും കാവത്തിന്റെ വള്ളിയും ചേര്‍ത്ത് അരച്ചാണ് ഈ മാവുണ്‍ടാക്കുക.. അത് ഒരു നേര്‍ത്ത തുണിയില്‍ കിഴി കെട്ടി ഒറ്റ ഒഴുക്കിന് തറയ്ക്ക് ചുറ്റും കോലം വരയ്ക്കണം.. തറയ്ക്ക് നടുവില്‍ ഓര്‍ പീഠം വയ്ച്ച് അതിനു മുകളില്‍ ഒരു നാക്കില കഷണം വയ്ക്കും.. പിന്നെ അതിനു മുകളില്‍ മാതേര് വയ്ക്കും.. പശിമയുള്ള കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന മൂന്നു രൂപങ്ങള്‍ .. നടുവിലത്തേത്തിനു കുറച്ചു നീളം കൂടുതല്‍.. വെല്യാന്റി ബാക്കിയുള്ള കളിമണ്ണ് ഞങ്ങള്‍ക്കൊക്കെ തരും.. ഞങ്ങളത് കൊണ്ട് ചെറിയ കലങ്ങളും, പച്ചക്കറികളും, പാവകളും, അപ്പോള്‍ തോന്നുന്നതൊക്കെ ഉണ്ടാക്കി മാതേരിനു ചുറ്റും വയ്ക്കും .. ചെറിയ ഈര്‍ക്കിലി കഷണങ്ങളില്‍ പൂക്കള്‍ കോര്‍ത്തു മാതേരില്‍ കുത്തി വയ്ക്കും .. മാവ് കൊണ്ടു അലങ്കരിക്കും .. ഒരു കാലുള്ള ഓലക്കുട മാതേരിനു മറയായി വയ്ക്കും...  
ഉത്രാടം കുട്ട്യോള്‍ടെ ഓണമാണ്.. അന്നാണ് ഞങ്ങളൊക്കെ ആദ്യത്തെ കോടിയുടുക്കുക...  അന്ന് വൈകുന്നേരമാണ് വീട്ടിലേക്ക് "ഉത്രാടം പാടിക്കോ.. തിരുവോണം തെണ്ടിക്കോ" എന്ന പാട്ടൊക്കെ പാടി ആളുകള്‍ വരുന്നതും .. പാട്ട് പോലെ ഉത്രാടത്തിന് പാടും .. ദക്ഷിണ വാങ്ങില്ല .. തിരുവോണത്തിന്‍ നാള്‍ രാവിലെ വന്നു ദക്ഷിണ വാങ്ങും..

വിഭവ സമൃദ്ധമായ സദ്യ തുടങ്ങുന്നതും ഉത്രാടത്തിനാണ്... ആദ്യം എല്ലാ വിഭവങ്ങളും ഒരിലയില്‍ വിളമ്പി ഈ മാതേരിനു നിവേദിച്ചിട്ടേ.. എല്ലാവര്‍ക്കും സദ്യ വിളമ്ബൂ..  ആദ്യം ഉപ്പ്, പിന്നെ കായ വറുത്തത്, ശര്‍ക്കര ഉപ്പേരി, വടുകപ്പുളി നാരങ്ങ, പുളിയിഞ്ചി, ഓലന്‍, കാളന്‍, എരിശ്ശേരി, അവിയല്‍, മെഴുക്കു പുരട്ടി അല്ലെങ്കില്‍ ഉപ്പേരി,  ചേന വറുത്തത്, പഴം, പപ്പടം.. ഇത്രയും ഇലയുടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ.. പിന്നെ ചോറ്, സാമ്പാര്‍ ഒക്കെ കൂട്ടി ഒരു ഊണ് ... അപ്പോഴേയ്ക്കും പായസം വിളമ്പി തുടങ്ങും.. അരിയും, ശര്‍ക്കരയും, തേങ്ങാപ്പാലും ചേര്‍ത്തുണ്ടാക്കിയ  ചൂടുള്ള പായസം വാഴയിലയില്‍ വിളമ്പുമ്പോള്‍ തന്നെ ഒരു സുഖിപ്പിക്കുന്ന മണമാണ് ...അതില്‍ പഴവും പപ്പടവും കുഴച്ചു കൂട്ടി കഴിച്ചാലോ ..ഹോ!

സദ്യയൊക്കെ കഴിഞ്ഞ് എല്ലാവരും കോലായില്‍ ഒത്തു ചേരും .. ഓരോ നാട്ടിലെ വിശേഷങ്ങളും, പഴയ കഥകളും ... അധികവും ആ സമയത്താണ് പടിക്കലില്‍ ഒരു കൂക്കിവിളിയുണ്ടാവുക.. നായടിയാണ് ... അച്ഛമ്മ ഒരിലയില്‍ എല്ലാ വിഭവങ്ങളും വിളമ്പി പടിക്കല്‍ വയ്ക്കും ... കുറച്ചു കഴിഞ്ഞ് അവിടെ ചെന്ന് നോക്കിയാല്‍ ഇല വച്ചിടത്ത്‌ ഒരു ഉറി ഉണ്ടാവും.. വീട്ടുകാര്‍ വീണ്ടും നാട്ടു വര്‍ത്തമാന ങ്ങളിലേക്ക് ..
ഞങ്ങള്‍ കുട്ടികള്‍ പടിഞ്ഞാറെ പുളിയില്‍ കെട്ടിയ ഊഞ്ഞാലിലേക്കും ...

Monday, August 2, 2010

അച്ഛമ്മയുടെ ചൂരല്‍പ്പഴം

നല്ല പെട വച്ച് തരും ...
ചൂരല്‍ പഴത്തിന്‍റെ കുറവുണ്ട്...
പുളി വാറലോണ്ട് വരിയും...
എന്നൊക്കെ ഇടയ്ക്കിടയ്ക്ക് അച്ഛമ്മ ഭീഷണി പ്പെടുത്തും.. പക്ഷെ അന്നന് വരെ ഒന്ന് കൈ വീശുക പോലും ചെയ്തിട്ടില്ല ... അന്ന് വരെ..
അന്ന് ഞാനും അച്ഛമ്മയും ഇത്തയും പുളി കുരു കളഞ്ഞ് ഉണക്കാനിടുകയായിരുന്നു... അപ്പോഴാണ് ഒരു ഗ്രാമ സേവിക അത് വഴി വന്നത്...
കുട്ടീ .. കുടിക്കാനിത്തിരി വെള്ളം തര്വോ...
അവര്‍ പരമ്പില്‍ കിടന്ന ഒരു പുളിയെടുത്തു വായിലിട്ടു കൊണ്ട് എന്നോട് പറഞ്ഞു ...
അകത്തേക്ക് പോകുന്ന എന്നെ തിരിഞ്ഞു നോക്കി അവര്‍ ചോദിച്ചു .. "അല്ല.. ഇതേതാ ഈ കുട്ടി?"
അച്ഛമ്മയുടെ മറുപടിയൊന്നും ഞാന്‍ കേട്ടില്ല..
വെള്ളമെടുത്തു വന്ന എന്നോട് അവര്‍ ചോദിച്ചു .. "കുട്ടിക്ക് അമ്മേക്കാണാന്‍ തോന്നില്ലേ?"
"തോന്നും" എന്ന് പറഞ്ഞ് ഞാന്‍ വീണ്ടും എന്‍റെ ചിരട്ടയില്‍ പുളിങ്കുരു പെറുക്കിയിടാന്‍ തുടങ്ങി..
അവര്‍ നിര്‍ത്തിയില്ല ... "കണ്ടോ.. കുട്ടിക്ക് സങ്കടണ്ട് ... പറയ്ണ് ല്ലാന്നേള്ളൂ ... ഈ പ്രായത്തിലെ കുട്ട്യോള് അമ്മടെ കൂടെത്തന്നെ വളരണം .. ഇങ്ങക്ക് ഒറ്റയ്ക്ക് പറ്റില്ലെങ്കില്‍ മക്കളെ കൂടെ പോയിക്കൂടെ?"
ഈ പറയുന്നതൊന്നും കേട്ട ഭാവം അച്ഛമ്മ കാണിച്ചില്ല .. പക്ഷെ ഈ കഥ കേട്ടു പുളിയുടെ കാര്യം മറന്നു വായും പൊളിച്ചിരുന്ന  ഇത്തയെ കണ്ടിട്ട് അച്ഛമ്മയ്ക്ക് കലി കേറി.. "ഇത്തനേ.. അണക്കെന്താ പണിയൊന്നൂല്ലേ?.. ആ ചെമ്പിലേക്ക് രണ്ട് കൊടം വെള്ളം കോരി പാര്‍ന്നൂടെ?"
കേട്ട പാതി കേള്‍ക്കാത്ത പാതി ഇത്ത കുടമെടുത്ത് കിണറ്റിന്‍ കരയിലേക്കോടി..
പന്തികേട്‌ മണത്തറിഞ്ഞ സേവികയും സ്ഥലം വിട്ടു...
നെനക്ക് പഠിക്കാനൊന്നുമില്ലേ മോളേ.. നീ പോയി പഠിക്ക്.. അരക്കൊല്ല പരീക്ഷയല്ലേ നാളെ തൊടങ്ങ്ണത് ... ജയ പറഞ്ഞല്ലോ...
ഞാന്‍ ഒക്കെ പഠിച്ചു..
എപ്പ പഠിച്ചു .... പുസ്തകം കൈ കൊണ്ട് തോട്ണത് ഞാന്‍ കണ്ടിട്ടില്ല ... പോയി പഠിക്ക് കുട്ടീ ...
ഈ കൊട്ടയിലെ പുളി കഴിഞ്ഞിട്ട് പുവ്വാം...
ആങ്ഹാ ... അത്രയ്ക്കായോ അനുസരണക്കേട്‌ !... അച്ഛമ്മ ചെമ്പരത്തിയില്‍ നിന്നു ഒരു വടി പൊട്ടിക്കുന്നതേ കണ്ടുള്ളൂ ... പിന്നെ മുട്ടിനു താഴെ ഒരു നീറല്‍... പിന്നെ കരച്ചിലും ബഹളമൊന്നും അച്ഛമ്മയുടെ അടുത്തു വിലപ്പോവില്ലെന്ന നല്ല ബോധമുള്ളത് കൊണ്ട് പുസ്തകമെടുത്തു മുന്നില്‍ വച്ചു..
അരക്കൊല്ല പരീക്ഷയാണെന്ന് അച്ഛമ്മ പറഞ്ഞിട്ടാണ് അറിഞ്ഞത്.. നാളെ എന്താണാവോ പരീക്ഷ ... എന്തായാലും ഒരു നല്ല പദ്യമെടുത്തു നീട്ടി ചൊല്ലി...
ആരണ്യം തന്നില്‍ല്‍ല്‍ല്‍... പിടീ... പെട്ടിതൂ ...
അപ്പോഴാണ്‌ നീറുന്ന ഭാഗത്ത് രണ്ട് മൂന്നു ചെറിയ ചോരമുത്തുകള്‍ ശ്രദ്ധയില്‍ പെട്ടത്..
അച്ചമ്മേ... അച്ഛമ്മ അടിച്ചിട്ട് ചോര വന്നു...
പറയുന്നതിന് മുന്‍പ്... രണ്ട് ഭാഗവും അമര്‍ത്തി മുത്തുകളുടെ വലുപ്പം കൂട്ടാന്‍ നോക്കി.. പക്ഷെ ചെറിയ മുറിയായത് കൊണ്ട് പറ്റിയില്ല ..
ഓ ന്‍റെ കുട്ട്യേ .... അച്ഛമ്മ ഓടി വന്നു അവിടെ വെളിച്ചെണ്ണ പുരട്ടി...
പിറ്റേ ദിവസം സ്കൂളില്‍ പോയപ്പോഴാണ് അറിഞ്ഞത് കണക്കാണ് പരീക്ഷ! എന്തായാലും പരീക്ഷ എളുപ്പം മാര്‍ക്ക് നൂറില്‍ നൂറ്... എനിക്ക് മാത്രമല്ല ... സീനയ്ക്കും മായയ്ക്കും ..
സ്ലേറ്റിലെ നൂറ് മായാതെ വൈകുന്നേരം വരെ സൂക്ഷിച്ചു ... അച്ഛമ്മയെ കാണിക്കാന്‍ ...
കണ്ടോ.. അച്ഛമ്മ അടിച്ചാലെന്താ... കുട്ടി നല്ലോണം പഠിച്ചില്ലേ .. കണ്ടോ മാര്‍ക്ക്... അച്ഛമ്മയ്ക്ക് സന്തോഷമായി ..
എല്ലാവരും ഒത്തുകൂടുന്ന ദിവസങ്ങളിലൊക്കെ അച്ഛമ്മ ഈ അടിയെ പറ്റിയും മാര്‍ക്കിനെ പറ്റിയും എല്ലാരോടും പറയുമായിരുന്നു...
തലേ ദിവസം പദ്യമായിരുന്നു പഠിച്ചതെന്നും മാര്‍ക്ക് കിട്ടിയത് കണക്കിനാണ് എന്നും എല്ലാര്‍ക്കും അറിയുമായിരുന്നു ... അച്ഛമ്മയ്ക്കും!  പക്ഷെ ആരും അത് തിരുത്താന്‍ പോയില്ല!