എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Friday, March 11, 2011

ഒരു വട്ടം കൂടിയെന്‍...

അതിര്‍ത്തിയില്‍ നിന്നും വിരമിച്ച പട്ടാളക്കാരനെപ്പോലെ "പണ്ട് ആനമങ്ങാട്ട് ഒരു ദൂസം ...." എന്ന് തുടങ്ങുന്ന എന്റെ ഓര്‍മ്മപുരാണങ്ങള്‍ കേട്ടു മടുത്ത വീട്ടുകാരും കൂട്ടുകാരും, "ഇതെവിടെങ്കിലും എഴുതി വയ്ക്ക്.. ഞങ്ങള്‍ക്കൊരു മനസ്സമാധാനം കിട്ടുമല്ലോ" എന്ന് അരുളി ച്ചെയ്തതിന്റെ ഫലമായാണ് ഈ ബ്ലോഗ്‌ ഉത്ഭവിച്ചത്.  എന്നിട്ടും വിട്ടില്ല വീണ്ടും അതേ കൂട്ടുകാരെയും വീട്ടുകാരെയും നിര്‍ബ്ബന്ധിച്ച് വായിപ്പിച്ചു (അതിനു പുറത്തുള്ളവരെ അറിയിക്കാന്‍ മാത്രം ആത്മവിശ്വാസം ഇല്ലായിരുന്നു).  പക്ഷെ എങ്ങനെയോ മണത്തറിഞ്ഞു കമന്റ്‌ ബോക്സില്‍ എത്തിയ ഒരു മാണിക്യ കല്ലില്‍ നിന്നും ബൂലോകത്തെ ചിലര്‍ അറിഞ്ഞു ഉപദേശങ്ങളും, അനുമോദനങ്ങളും, കുറവുകളും ഓരോ പോസ്റ്റിലും അറിയിച്ചു വന്നു.  എല്ലാവര്ക്കും ഹൃദയം നിറഞ്ഞ നന്ദി.

ഇത് വരെ എഴുതിയതെല്ലാം (ഈ പോസ്റ്റ്‌ ഒഴികെ) 25-27 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആനമങ്ങാട് നടന്ന, ഉണ്ടായിരുന്ന കാര്യങ്ങളാണ്.  ഒരു കഥയുടെയോ, ലേഖനത്തിന്റെയോ ചട്ടക്കൂടിനുള്ളില്‍ ഒതുക്കാന്‍ പറ്റാത്തവ.  അതുകൊണ്ടു തന്നെ പലപ്പോഴും "കഥ ഇങ്ങനെ അവസാനിച്ചത്‌ ശരിയായില്ല" എന്ന പരാതികള്‍ കമന്റിലും മെയിലിലും കിട്ടിത്തുടങ്ങി.

ആയിടെയാണ് ഒരു ദിവസം എന്റെ കസിന്റെ ഫോണ്‍.  "ചേച്ചി ആനമങ്ങാട് ഓര്‍മ്മക്കൊട്ടാരം പണിതോളൂ.. ഞാന്‍ ശരിക്കും ഒരു വീട് വയ്ക്കാന്‍ പോണൂ!  ഓര്‍മ്മകളും, ചിന്തകളും വച്ചല്ല.. സിമന്റും ഇഷ്ടികയും കൊണ്ട്!"

ശരിക്കും???

പിന്നല്ലാതെ? അടുത്താഴ്ച കുറ്റിയടിക്കാന്‍ പോണൂ!

നീ കുറ്റിയടി.. ഞാന്‍ റിബ്ബണ്‍ മുറിക്കാം...  എന്ന് പറയുമ്പോഴും വിശ്വസിക്കാന്‍ കഴിഞ്ഞില്ല.  അവന്‍ ചിലപ്പോള്‍ എന്നെ ആക്കീതാവും എന്ന് സ്വയം പറഞ്ഞു.

പക്ഷെ അല്ലായിരുന്നു.  ആനമങ്ങാട്ടെ തൊടിയില്‍ വീട് വച്ചെന്നു മാത്രമല്ല.  ഇന്ന് മറ്റൊരാളുടെ ഉടമസ്ഥതയില്‍ ഉള്ള തറവാട് കുറച്ചു ദിവസങ്ങള്‍ക്കെങ്കിലും വാടകയ്ക്കെടുത്തു.  ഗൃഹപൂജയ്ക്ക് പോകുമ്പോള്‍ ഒരു ദിവസം കൂടി ആ തറവാട്ടില്‍ അന്തിയുറങ്ങാനുള്ള ഭാഗ്യത്തെക്കുറിച്ച്ചായിരുന്നു സന്തോഷം.  അറിയുന്ന എല്ലാരോടും പറഞ്ഞു നടന്നു.
"ഈ ആനമങ്ങാട് യു പീ സ്കൂളിലേക്കുള്ള വഴിയേതാ?" ഓട്ടോയില്‍ നിന്നും തല പുറത്തേയ്ക്കിട്ട് ഒരു ആനമങ്ങാട്ടുകാരനോടു ചോദിക്കുമ്പോള്‍ മകന്‍ ഉള്ളിലിരുന്നു ഊറിച്ചിരിച്ചു.

"എന്റെ ആനമങ്ങാട്! എന്റെ നാട്!.... ഇപ്പൊ വഴി അറിയില്ലാത്രേ!"

"എന്റെ ആനമങ്ങാടിനും" അവന്‍ കാണുന്ന ഇന്നത്തെ ആനമങ്ങാടിനും ഉള്ള അജഗജാന്തരം അവനു മറുപടിയായി പറഞ്ഞു കൊടുക്കാന്‍ നന്നേ ബുദ്ധിമുട്ടി.  അവന്‍ വീടെത്തുന്നത് വരെ ചിരിച്ചു.  വീട്ടിലെത്തിയ ഉടനെ വീട്ടുകാരെയും ചിരിപ്പിച്ചു.

വീടെത്തുമ്പോള്‍ രാത്രിയായിരുന്നു.  പുതിയ വീട്ടില്‍ പിറ്റേ ദിവസം പൂജയായത് കൊണ്ട് നേരെ തറവാട്ടിലേക്ക് വിട്ടു. 

"നിന്നേം കാത്ത് ഇത്രേം നേരം മുംതാസ് ഇവിടെയുണ്ടായിരുന്നു.  ഇപ്പൊ അങ്ങട്ട് പോയേള്ളൂ!" അമ്മയും എന്റെ കൂടെ തറവാട്ടിലേക്ക് വന്നു.
ഞാന്‍ അങ്ങോട്ട്‌ പോട്ടെ? 

"ഈ ഇരുട്ടത്തോ?" അല്ലെങ്കില്‍ "വന്നു കേറിയല്ലേ ഉള്ളൂ?" എന്നൊക്കെയാണ് പ്രതീക്ഷിച്ചതെങ്കിലും പതിദേവന്‍ പതിവ് തെറ്റിച്ച്‌ ഒരു ചിരിയില്‍ സമ്മതം തന്നു.

അങ്ങോട്ട്‌ പോകാനൊരുങ്ങി നിന്ന എന്റെ നേര്‍ക്ക്‌ കയ്യിലൊരു ടോര്‍ച്ചുമായി മുംതാസ് പറന്നെത്തി.  പഴയ പവാടക്കാരിയല്ല... ഒരു നീളന്‍ കുപ്പായവും മക്കനയും.. "എടീ ഇവളേ.. അണക്ക് ഒക്കേം ഓര്‍മ്മണ്ട് ല്ലേ?  യ്യതൊക്കെ മറന്ന്ട്ട് ണ്ടാവും ന്ന് വിചാരിച്ച് ഞാന്‍! എട്ത്തു അന്റെ കെട്ട്യോന്‍? ഇത് അന്റെ കുട്ട്യാ? ഇബളെ പേരെന്താ?"  ചോദ്യങ്ങള്‍ ഒന്നിന് പിറകെ ഒന്നായി.  ഓരോന്നിനും ഞാന്‍ പറയുന്ന ഉത്തരങ്ങള്‍ മുഴുവനാകുന്നതിനു മുന്‍പ് അടുത്തത്... മോളുടെ പേര് അന്ന് തിരിച്ചു വരുന്നതിനുള്ളില്‍ അവള്‍ നാല് പ്രാവശ്യം ചോദിച്ചു... നാല് പ്രാവശ്യവും ഞാന്‍ പറഞ്ഞു... പക്ഷെ ഇപ്പോഴും അവള്‍ക്കു എന്റെ മോളുടെ പേര് അറിയുകയുണ്ടാവില്ല.  അതിനു കേട്ടിട്ട് വേണ്ടേ? എന്തെങ്കിലും ചോദിക്കും, പിന്നെ ചിരിക്കും, കയ്യില്‍ മുറുകെ പിടിക്കും, പിന്നേം ചിരിക്കും, വേറൊരു വശത്തേക്ക് വലിച്ചു കൊണ്ടോവും, പിന്നേം എന്തെങ്കിലും ചോദിക്കും, അതോര്‍മ്മയുണ്ടോ, ഇതോര്‍മ്മയുണ്ടോ എന്നൊക്കെ ചോദിക്കും പിന്നേം ചിരിക്കും.  ആ സന്തോഷ പ്രകടനങ്ങളില്‍ ഞാനും അവള്‍ പറഞ്ഞതൊക്കെ മറന്നു (അവളുടെ മോളുടെ പേര് ഓര്‍മ്മയില്ല.. പക്ഷെ അവളുടെ ചെറുപ്പത്തിലെ പോലെ ഒരു മൊഞ്ചത്തിക്കുട്ടിയാണ്.  അവള്‍ ഫോട്ടോ കാണിച്ചു തന്നു).  ആദ്യമായി അവളുടെ കെട്ട്യോനെയും കണ്ടു.  അന്നത്തെ കുട്ട്യോളൊക്കെ മണവാളന്‍മാരായും, മണവാട്ടികളായും നില്‍ക്കുന്ന ചിത്രങ്ങള്‍ സലീമിന്റെ മകന്‍ എനിക്ക് കമ്പ്യൂട്ടറില്‍ കാണിച്ചു തന്നു.

 തിരിച്ചു വരുമ്പോള്‍ കുഞ്ഞ്ഞ്ഞൂട്ടന്‍ മാഷെയും നളിനി ടീച്ചറെയും കണ്ടു.  "വേം ജയിച്ചു വരൂട്ടോ ... യു. പി. യിലേക്ക്.. ഞാന്‍ നിന്നെ പഠിപ്പിക്കാം .." എന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടോ എന്ന് നളിനി ടീച്ചറോട് ചോദിച്ചു.  പണ്ടത്തെ അതെ ചിരിയില്‍ ഇല്ലെന്നു പറഞ്ഞു.. പക്ഷെ നിന്നെ നല്ല ഓര്‍മ്മയുണ്ട്... സുഖമാണോ? എന്ന് ചോദിച്ചു.  കുഞ്ഞൂട്ടന്‍ മാഷ്‌... ആദ്യമായി കണ്ടത് ഒരിക്കല്‍ ആനമങ്ങാട്ടെ സമര പന്തലില്‍.... "രക്ത പതാക സിന്ദാബാദ്!" എന്ന് ഉറക്കെ വിളിക്കുന്ന ആ മുഖത്തെ തീക്ഷ്ണതയൊക്കെ പോയിരിക്കുന്നു... രൂപത്തിലും താടിയിലും വലിയ മാറ്റമില്ല, അവിടെയും ഇവിടെയും നിറഞ്ഞു നില്‍ക്കുന്ന വെള്ളിയുടെ രാജകീയത മാത്രം വ്യത്യാസം.  ആദ്യമായിട്ടാണ് മാഷുടെ മക്കളെ കാണുന്നത്.

ആനമങ്ങാടിനു മാറ്റം ഉണ്ടോ ചേച്ചി? സന്തോഷിന്റെ ഭാര്യ.  ആദ്യമായിട്ടാണ് കാണുന്നതെന്ന് രണ്ടു പേര്‍ക്കും ബോധമില്ലായിരുന്നു.. കുറച്ചു നേരം അവിടെയും സംസാരിച്ചു നിന്നു.  സന്തോഷും സിന്ധുവും... ഞാന്‍ ആനമങ്ങാട് നിന്നും പോകുമ്പോള്‍ അവിടെയൊക്കെ ഓടിക്കളിച്ചിരുന്ന കുട്ടികള്‍... കുഞ്ഞുപാവാടയില്‍ അന്ന് കണ്ട സിന്ധുവിന് ഇന്ന് രണ്ടു പാവാടക്കുട്ടികള്‍...കുറുപ്പങ്കിളും.. കുറുപ്പാന്റിയും...കാണാന്‍ പറ്റുമെന്ന് തീരെ വിചാരിച്ചിരുന്നില്ല വല്ലാത്ത സന്തോഷം തോന്നി.

തറവാട്ടില്‍ കുറേ മാറ്റങ്ങള്‍... പടിഞ്ഞാറെ പുളിയുടെ ഭാഗത്താണ് ജിജിയുടെ പുതിയ വീട്.  പടിക്കലെക്കുള്ള വഴിതന്നെ കാണാനില്ല.  അവിടെയൊക്കെ പുതിയ വീടുകള്‍.  വീട്ടിനുള്ളിലും കുറെ മാറ്റങ്ങള്‍.  പടിഞ്ഞാറ്റിയില്‍ കിടക്കുമ്പോള്‍ ഉറക്കം വന്നില്ല..പഴയ ഓര്‍മ്മകള്‍.. നാളെ എല്‍. പി. സ്കൂളില്‍ ഒന്ന് പോണം.  പറ്റിയാല്‍ അപ്പൂട്ടന്‍ മാഷെയും ഒന്ന് കാണണം.  അച്ചനും അങ്കിളും വരാം എന്ന്.. അവരെയും പഠിപ്പിച്ചിട്ടുണ്ട് മാഷ്‌.

രാവിലെ പൂജാ പ്രസാദം കഴിക്കുമ്പോള്‍ ഇത്ത വന്നു.  പഴയ കുന്തക്കാലന്‍ കുട ഇപ്പോഴുമുണ്ട്.  നേരിയ കസവുള്ള മുണ്ടും വേഷ്ടിയും.  ഇത്തവണയും അവര്‍ക്ക് നെയ്യൂട്ടനെയും അവന്റെ പെണ്ണിനേയും കാണാനായിരുന്നു ധൃതി.  ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷവും എല്ലാവരെയും ഓര്‍മ്മയുണ്ട്.

എല്‍. പി. സ്കൂള് വരെ ഒന്ന് പോയാലോ?

അതിനു നിന്നെ ഓര്‍മ്മയുള്ള ആരും അവിടെ ഉണ്ടാവില്ലല്ലോ ..
സുമ ടീച്ചര്‍ക്ക് എന്നെ ഓര്‍മ്മയുണ്ട്... നമ്മടെ പീതാംബരന്‍ മാമടെ മോന്‍ അജിത്തിന്റെ കയ്യില്‍ നിന്ന് നമ്പര്‍ സംഘടിപ്പിച്ച് കഴിഞ്ഞ വിഷുവിനു ഞാന്‍ ടീച്ചറെ വിളിച്ചിരുന്നു.. "നീയിവിടെ വന്നാല്‍ അന്ന് നീ ഇരുന്ന സ്ഥലം കാണിച്ചു തരാം" എന്നാ എന്നോട് പറഞ്ഞത്.

നീ അത്രയ്ക്ക് ഭീകരിയായിരുന്നോ?

അല്ലല്ല ... എന്റെ എല്ലാ കൂട്ടുകാരുടെയും പേര് ഇങ്ങോട്ട് പറഞ്ഞു.. സീന, മായ, റഹ്മത്ത്, രജനി, ശ്രീവിദ്യ, ലക്ഷ്മിപ്രിയ...

അതാണ്‌ .. അന്നത്തെ അധ്യാപകര്‍ക്കെ അത് പറ്റൂ ...

കൂടെ അനിയന്മാരുടെ ഭാര്യമാരെയും കൂട്ടി.  ഗ്രൌണ്ട് കടന്നു ഇടവഴിയിലൂടെ നടന്നു, റോഡു മുറിച്ചു കടന്നാല്‍ സ്കൂള്‍.

ഇത് കണ്ടോ.. ഇത് ടൈരോസ് ക്ലബ്ബിന്റെ തറയാണ്‌.. ഇവിടെയാണ്‌ വാര്‍ഷികത്തിന് നാടകവും കലാപരിപാടികളൊക്കെ നടക്കുക, ഈ ഗ്രൌണ്ടിലാണ് ഫുട്ബോള്‍ കളി നടക്കുക, നമ്മുടെ പടിക്കലിരുന്നാല്‍ കളി കാണാം, അതാ ആ ആരായാലും പേരാലും എനിക്കോര്‍മ്മ വച്ചത് മുതലിവിടെയുണ്ട്, ഈ വഴീക്കൂടെ പോയാല്‍ ഭാനു ചേച്ചിയുടേം മാളു ചേച്ചിയുടേം വീട്.  ഇതാണ് മാഷ്‌ടെ വീട്, ഇവിടത്തെ അച്ഛമ്മ നാരകത്തിന്റെ ഇലയിട്ട മോര് തരാറുണ്ടായിരുന്നു... എന്റെ നടത്തത്തിനു വേഗത കൂടിയോ... തിരിഞ്ഞു നോക്കുമ്പോള്‍ രണ്ടു പേരും ചിരിക്കുന്നു...

ചേച്ചീ പുറപ്പെടുമ്പോള്‍ തന്നെ നിജുവേട്ടന്‍ പറഞ്ഞിരുന്നു റണ്ണിംഗ് കമന്ററി ഉണ്ടാവും എന്ന്...
ഹ ഹ കൂടപ്പിറപ്പല്ലേ .. അവനറിയാം..

എന്നിട്ടും വിട്ടില്ല, പഴയ കരുവാന്റെ ആലയും, പോസ്റ്റ്‌ ഓഫീസും, ജമാല്‍ അങ്കിളിന്റെ കടയും, കൃഷ്ണ തീയറ്ററില്‍ പടം മാറിയാല്‍ പോസ്ടറിട്ടിരുന്ന സ്ഥലവും, മീന്‍കാരുണ്ടായിരുന്ന സ്ഥലവും, അബുക്കാന്റെ കടയും ഒക്കെ കണ്ടു കണ്ട് സ്കൂളിലെത്തി.  ഒരു മാറ്റവുമില്ല!.. ഉപ്പുമാവ് പെര ക്ലാസുമുറിയാക്കിയിരിക്കുന്നു, പിന്നെയൊക്കെ അതേപോലെ!

എല്ലാ ടീച്ചര്‍മാരെയും കണ്ടു .. പലരും എന്നെ ഓര്‍ത്തിരിക്കുന്നു എന്ന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല..  അതെങ്ങനെയെന്നു ചോദിച്ചപ്പോള്‍ എല്ലാവര്ക്കും ഒരുത്തരം.. നിന്റെ "ഉണ്ടക്കണ്ണ്!!"  സ്കൂള്‍ വിടാനായിരുന്നു... ഒരു കുട്ടി കയറി വന്നു ഓഫീസ് റൂമില്‍ നിന്നും ബെല്ലെടുത്ത് കൊണ്ട് പോയി നീട്ടിയടിച്ചു, തിരിച്ചു കൊണ്ടു വന്നു വച്ചു.
ഇതിനു പോലും ഒരു മാറ്റമില്ല ... എല്ലാം അതേ പോലെ.. ആനമങ്ങാട്ട് ഒരു വ്യത്യാസവുമില്ലാതെ നില്‍ക്കുന്നത് ഈ സ്കൂള്‍ മാത്രം!
ഗവണ്മെന്റ്  എയ്ഡഡ് സ്കൂളല്ലേ എന്ത് മാറ്റം വരാനാ കുട്ടീ?
എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഒരു ഫോട്ടോ എടുക്കാന്‍ അനുവാദം വാങ്ങി.  എല്ലാവരോടുമൊപ്പം ആ പഴയ ബോര്‍ഡിനു മുന്നില്‍ നില്‍ക്കുമ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദം തോന്നി.  എന്തൊക്കെയോ പറയാന്‍ മറന്നത് പോലെയും.



ആനമങ്ങാടിനു വളരെയേറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു.  നല്ലതായിരിക്കാം.  പക്ഷെ "എന്റെ ആനമങ്ങാട്" ഇതല്ല!  ഇതായിരുന്നില്ല! അതുകൊണ്ട് ഞാന്‍ വീണ്ടും എന്റെ ഓര്‍മ്മചെപ്പിലേക്ക് മടങ്ങുന്നു. വീണ്ടും വരാം... ക്ലാവ് പിടിക്കാത്ത ഓര്‍മ്മച്ചിത്രങ്ങളുമായി.