എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Thursday, October 28, 2010

ഒരു പ്രതിജ്ഞ!!

എനിക്കും പോണം കുളത്തില്...
നിനക്ക് പനിയല്ലേ കുട്ടീ.. വാശി പിടിക്കരുത്... അമ്മ വേഗം വരാം.. വെയിലത്തൊന്നും കളിയ്ക്കാന്‍ പോകരുത്...

എനിക്ക് കുളത്തില്‍ പോകാന്‍ വലിയ ഇഷ്ടമാണ്... കിണറിലെ വെള്ളം കുറഞ്ഞു തുടങ്ങുമ്പോള്‍ ആനമങ്ങാട്ടുകാര്‍ കുളങ്ങള്‍ അന്വേഷിച്ചു പോകാന്‍ തുടങ്ങും.  ചേറങ്ങോട്ടിലെ കുളം, കളത്തില്‍ കുളം, പുത്തന്‍ കുളം, അമ്പലക്കുളം തായാട്ട് കുളം...

മുമ്പൊക്കെ തൂതപ്പുഴ വരെ പോയിരുന്നു.. പക്ഷെ റോട്ട് ക്കൂടി പോണോര്ക്കൊക്കെ കാണാം.. അതോണ്ട്‌ ഇപ്പൊ ആരും പോകലില്ല ... അച്ഛമ്മ പറഞ്ഞു..  ആരെങ്കിലും നോക്കാതിരിക്കാന്‍ വേണ്ടി "മനിയന്മാരെ, ഇബ്ടെ പെണ്ണ്ങ്ങള് കുളിക്ക്ണ്ണ്ട് ... ഇങ്ങ്ട്ടോക്കല്ലീം.." എന്ന് പറയുമ്പോള്‍ അതുവരെ നോക്കാതെ പോയിരുന്നവര്‍ വിളി കേട്ട് തിരിഞ്ഞു നോക്കി പിന്നെ പറഞ്ഞത് മുഴുവന്‍ കേട്ട് ചമ്മിപ്പോയ കഥകളും അച്ഛമ്മ പറഞ്ഞ് അറിഞ്ഞിട്ടുണ്ട്....

മഴക്കാലത്ത്‌ കുളങ്ങള്‍ കാണാന്‍ നല്ല രസമാണ്... ഇളം നീല നിറത്തില്‍ കരയ്ക്കൊപ്പവും കര കവിഞ്ഞും.. നിറവിന്റെ പ്രതീകമായി.. കുഞ്ഞു മീനുകളും, തവള പൊട്ടലുകളും, നീര്‍ക്കോലികളും, ആമ്പലും ചിലപ്പോള്‍ താമരയും, കുളത്തിന്റെ നീലയ്ക്ക് ചുറ്റും കരയുടെ പച്ചപ്പും... പക്ഷെ കുളത്തില്‍ ഇറങ്ങാനൊന്നും എന്നെ കിട്ടില്ല... അരയ്ക്കു മേലെ വെള്ളം പേടിയാണ്.. കാലുകള്‍ കൊണ്ട് വെള്ളം തെറിപ്പിച്ചു വെറുതെ കുളത്തിലേക്ക്‌ നോക്കിയിരിക്കും... അമ്മയൊ, ലൈല ചേച്ചിയോ, സുബു ചേച്ചിയോ ഒക്കെ തോര്‍ത്തില്‍ മീന്‍ പിടിച്ചു തരും അത് ഒരു ചേമ്പിലയിലെ വെള്ളത്തില്‍ നീന്തിക്കളിക്കുന്നത് എത്ര നേരം വേണമെങ്കിലും നോക്കിയിരിക്കാം .. ചിലപ്പോള്‍ തവളപൊട്ടലും പെടും.. പച്ചചേമ്പിലക്ക് ആ വെള്ളത്തിലൂടെ നോക്കുമ്പോള്‍ വെള്ളി നിറമാണ്!

നല്ല നിറഞ്ഞ കുളങ്ങള്‍ക്കു ലൈഫ് ബോയിന്റെയും, രാധാസിന്റെയും, 501 ന്റെയും കൂടിക്കലര്‍ന്ന മണമാണ്... വെള്ളം കുറവാണെങ്കില്‍ വെറും 501 ബാര്‍ സോപ്പിന്റെ മണം..! കുളത്തിലെ വെള്ളത്തിനും ഏകദേശം 501 ന്‍റെ നിറമായിരിക്കും...

ഇന്നിപ്പോള്‍ തായാട്ട് കുളത്തിലേക്കാണ് എല്ലാരും പോണത്.. ഇന്നലെ മുംതാസ് പോയിരുന്നു.. നിറഞ്ഞു നില്‍ക്കുന്നുണ്ടത്രേ.. ആമ്പല്‍ പൂവുണ്ട് .. പടവുകള്‍ ഒന്നുമില്ലെങ്കിലും കാണാന്‍ നല്ല ചന്താത്രേ! ..

എനിക്കിപ്പോ പനിയില്ല.. ഞാനും വര്ണൂ..

കുറെ ദൂരംണ്ട്.. വെയിലത്ത് നടക്കൂം വേണം.. ഇന്ന് അച്ഛമ്മയ്ക്കു തുണയായിട്ടു ഇവിടെയിരുന്നോ..
അമ്മയും വിടുന്ന മട്ടില്ല.

നിനക്കറിയോ മുംതാസേ.. തായാട്ട് കുളത്തിലേക്കുള്ള വഴി? അമ്മ ന്നെ കൊണ്ടോയില്ല!

തെന്നെ?  യ്യ് പോര് .. മ്മക്ക് പുവ്വാ...

ഞങ്ങളെ ദൂരത്ത്‌ നിന്നും കണ്ടപ്പഴേ ചുള്ളി പൊട്ടിക്കാന്‍ നോക്കിയ അമ്മയെ സുബു ചേച്ചി തടഞ്ഞു ..
അവളാ കല്ല്‌ മ്മല് ഇരുന്നോട്ടെ സുമേ.. അവ്ടെ തണല് ണ്ട്...
കുളത്തിലെ വെള്ളത്തില്‍ കാലിട്ടടിച്ചു...വെള്ളത്തില്‍ പൊങ്ങി ക്കിടക്കുന്ന തവളമുട്ടയെക്കാളും വലുപ്പത്തില്‍ പതയുണ്ടാക്കി കൊണ്ടിരുന്ന എന്‍റെ കയ്യില്‍ നിന്നും സോപ്പ് ..ബ്ലും .. വെള്ളത്തില്‍!
അതെടുക്കാന്‍ കുനിഞ്ഞതെ ഓര്‍മ്മയുള്ളൂ .. പിന്നെ കണ്ണ് പതുക്കെ തുറന്നപ്പോള്‍ ചുറ്റും ആളുകള്‍ ... ഞാനൊരു തെങ്ങോല പിടിച്ചു കിടക്കുന്നു .. മുട്ടില്‍ കൈ വച്ചു കുനിഞ്ഞു എന്‍റെ കണ്ണിലേക്കു തുറിച്ചു നോക്കുന്ന മുംതാസ്.. പിന്നെ ഏതൊക്കെയോ മുഖങ്ങള്‍ പരിചയമുള്ളത് പോലെ ... "ഓള് കണ്ണ് തൊറന്ന്.." മുംതാസ് ഉറക്കെ പ്രഖ്യാപിച്ചു!
അതിനു മുന്‍പ് നടന്ന കഥ പിന്നീട് തിരിച്ചു വരുന്ന വഴിയില്‍ മുംതാസ് ഉവാച:
"യ്യ് .. വെള്ളത്തില് വീണ്... അന്‍റെ തലേം കയ്യും മാത്രം മോളില്ക്ക്.. പോന്തൂം താവൂം ചെയ്ത്...   ന്‍റെ മോളേ.. ച്ച് ട്ട് അന്‍റെ അമ്മ കൊളത്തില്‍ക്ക് ചാടി.. ന്‍റെ ബദരീങ്ങളേ.. രണ്ടാള്‍ക്കും നീന്താറിയൂലലോ.. ച്ച് ട്ട്.. സുബൂം ചാടി ... ഇങ്ങള് രേണ്ടാളേം രെക്ഷിച്.."

നന്ദിപൂര്‍വ്വം ഒന്ന് തിരിഞ്ഞു നോക്കി സുബു ചേച്ചിയെ.. പിന്നെ ഒളി കണ്ണിട്ടു അമ്മയെയും...

അച്ഛമ്മ ഒരു വലിയ ഇരുമ്പു ചട്ടുകമെടുത്ത് അടുപ്പിലെ കനലിലേക്ക് ഇറക്കി വച്ചു...

ഹോ!!! .. എപ്പഴും പറയാറുണ്ട് .. പക്ഷെ ചെയ്യും ന്ന് വിചാരിച്ചില്ല..!! ഞാന്‍ വിറച്ചിരുന്നു ...

നല്ലോണം പഴുത്ത ചട്ടുകം ഒരു കിണ്ണത്തിലെ വെള്ളത്തിലിറക്കി തണുപ്പിച്ചപ്പോഴാണ് എന്‍റെ ഉള്ളും തണുത്തത്.. എന്നിട്ടാ വെള്ളം കുടിക്കാന്‍ പറഞ്ഞു... എന്‍റെ വിളര്‍ച്ചയ്ക്ക് അച്ഛമ്മയുടെ അയണ്‍ ടോണിക്ക്!

എല്ലാം കഴിഞ്ഞ് എല്ലാവരും പോയപ്പോള്‍ അമ്മ അടുത്ത് വന്നു എന്‍റെ പുസ്തകമെടുത്ത് മുന്നില്‍ വച്ചു ... പ്രതിജ്ഞ! വായിക്ക്! ഉറക്കെ വായിക്ക്...
ഇന്ത്യ എന്റെ രാജ്യമാണ്‌.  എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌.
ഞാന്‍ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു.  സമ്പൂര്‍ണവും വൈവിദ്ധ്യപൂര്‍ണവുമായ അതിന്റെ പാരമ്പര്യത്തില്‍ ഞാന്‍ അഭിമാനംകൊള്ളുന്നു. ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.

മതി .. ആ  അവസാനത്തെ വാചകം നൂറ് പ്രാവശ്യം വായിച്ചിട്ട് അവിടെ നിന്നു എണീച്ചാ മതി!... എനിക്ക് പുറത്തേയ്ക്ക് കേള്‍ക്കണം... അമ്മ തുണി ഉണങ്ങാനിടാന്‍ പോയി.. ഞാന്‍ പ്രതിജ്ഞ തുടര്‍ന്നു..       

ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
ഞാന്‍ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിര്‍ന്നവരെയും ബഹുമാനിക്കും.
...................................................