എന്‍റെ ആനമങ്ങാട്

ഇത് എന്‍റെ ആനമങ്ങാട് .. എന്‍റെ ഓര്‍മകളിലെ ആനമങ്ങാട് .... എന്‍റെ മനസ്സിലെ ചിത്രത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് ... പക്ഷെ അതിന്റെ നിറപ്പകിട്ടിനു ഒരു കോട്ടവും വരുത്താന്‍ കാലത്തിനു കഴിഞ്ഞിട്ടില്ല ..

Tuesday, May 4, 2010

മുംതാസ്

മുംതാസ്
കാക്കടേം താത്തടേം എളേ മോള്..
കാവല്‍ പുരക്കാര്‍ എന്ന കാപ്പ്രക്കാര്‍ ... ഞങ്ങളുടെ അയല്‍പക്കം.. വീട്ടിലെ ഓരോ അംഗങ്ങളുടെയും പ്രായത്തിനനുസരിച്ച് ഈ വീട്ടിലൊരു കൂട്ടുണ്ട്.  അച്ഛമ്മക്ക്‌ വെല്ലിമ്മയും, കുഞായിച്ചുമ്മയും.. വെല്യാന്റിക്ക് മറിയത്താത്ത.. അമ്മയ്ക്കും ലീലാന്റിക്കും  മറിയാന്റി, സുബുചേച്ചി, റസിയാന്റി.. അച്ഛന് ഹംസാജി.. നിജൂന് ഷജീര്‍..  എന്തിനു.. സാബുവിന് കൂട്ട് അവിടെ മട്ട ... ഈ കുരയ്ക്കാന്‍ മാത്രം അറിയാവുന്ന വീരശൂരപരാക്രമികളെ ക്കുറിച്ച് പിന്നെ പറയാം...ഏതായാലും എന്‍റെ ഏറ്റവും വലിയ ചങ്ങാതി ഈ മുംതാസ് ആയിരുന്നു.  മുക്കാല്‍ പാവാടയും, ജമ്പറും, മക്കനയും വേഷം.  മദ്രസയില്‍ പോകുമ്പോള്‍ മാത്രം അവള്‍ മുഖം മക്കനയിടും... സുന്ദരി, വായാടി, ഒരു സ്ഥലത്തും അടങ്ങിയിരിക്കാതെ തുള്ളി തെറിച്ചു നടക്കുന്ന പ്രകൃതം... ലോകത്താരെയും പേടിയില്ല.. ഞങ്ങളെല്ലാവരും കാക്ക എന്ന് വിളിച്ചിരുന്ന അവളുടെ അച്ഛനെയൊഴിച്ച്...

മുത്തങ്ങപ്പുല്ലിന്റെ ചോട്ടിലെ കറുത്ത മുത്തങ്ങക്ക് രുചിയുണ്ടെന്ന് എനിക്ക് പറഞ്ഞു തന്നവള്‍, കുഴികളുള്ള വെട്ടുകല്ലില്‍ ഉരച്ചെടുത്താല്‍ പലനിറത്തിലുള്ള ചാന്ത് കിട്ടുമെന്ന് കാട്ടി തന്നവള്‍, ഉണങ്ങികിടക്കുന്ന കണ്മഷി കൂട്ടില്‍ വെളിച്ചെണ്ണയൊറ്റിച്ച് വെയിലത്ത് വച്ചു ഉപയോഗിക്കാന്‍ പഠിപ്പിച്ചവള്‍, ജീവിതത്തിലാദ്യമായി ടേപ്പ് റിക്കോര്‍ഡര്‍ എന്തെന്നും ലിപ്സ്ടിക് എന്തെന്നും ആരും കാണാതെ ഹംസകാക്കയുടെ റൂമില്‍ കൊണ്ട് പോയി കാണിച്ചു തന്നവള്‍, അടുപ്പിലെ കനലില്‍ ചക്കക്കുരു ഇട്ടു ചുട്ടു തിന്നാന്‍ പഠിപ്പിച്ചവള്‍, പനംപട്ടക്കുള്ളില്‍ ഒളിഞ്ഞിരുന്നു ഓന്തിന്റെ നിറം മാറുന്നത് കാത്ത്‌ എന്നോടോപ്പമിരുന്നവള്‍,  തേക്കിന്‍റെ തളിരില ഞെരടിയാല്‍ ചുമക്കുമെന്നു അറിയുന്നവള്‍, വാഴപ്പൂവിന്റെ തേന്‍ എടുക്കാന്‍ പഠിപ്പിച്ചവള്‍... പറഞ്ഞു തുടങ്ങിയാല്‍ ഇവിടെയൊന്നും നില്‍ക്കില്ല... എന്‍റെ മൂന്നു കൊല്ലത്തെ ആനമങ്ങാട് വാസത്തില്‍ ഇവളില്‍ നിന്നു ഞാന്‍ കുറെ പഠിച്ചു.. കുറെ അടിയും വാങ്ങിയിട്ടുണ്ട് കാക്കയുടെ കയ്യില്‍ നിന്ന്... കാക്ക അറിയാതെ പോയ എത്രയോ കുരുത്തക്കേടുകള്‍ ഇപ്പോള്‍ ഓര്‍ത്താല്‍ ചിരി വരും...

എന്നും രാവിലെ തന്നെ ഇല്ലിവേലിയുടെ അടുത്തു നിന്ന് ഒരു വിളി കേള്‍ക്കാം... എന്തെങ്കിലും പറയാനുണ്ടാവും അവള്‍ക്ക്.. ചിലപ്പോള്‍ എവിടെയെങ്കിലും വെള്ളത്തണ്ടു കണ്ടു വച്ചിട്ടുണ്ടാവും .. അത് പറിക്കാന്‍ വിളിക്കും... അല്ലെങ്കില്‍ അവരുടെ വീട്ടിലാരെങ്കിലും വിരുന്നുകാര്‍ വന്ന വിശേഷം പറയാനുണ്ടാവും ... 

അണക്ക് ചപ്പല്‍ ന്ന് പറഞ്ഞാ എന്താന്നറിയ്വോ?
ചെരുപ്പല്ലേ?
ഓ .. അപ്പ അണക്ക് അറിയും ല്ലേ? ഇന്‍റെ ബോംബേന്നു വന്ന ചേച്ചിമാര് ചപ്പല്‍ ന്നാ പറയണത്..!

ഇന്ന് ചോറും കൂട്ടാനും ണ്ടാക്കി കളിക്കാം.. യ്യ്  ഇങ്ങ് ട്ട് പോര്..

അസീസും സലിയും വീട് വച്ചു തരും.  മതിലിനോടടുത്ത് രണ്ട് നീളമുള്ള വടി കുത്തി വച്ച് അതിനു മുകളില്‍ പനമ്പട്ട വച്ചാല്‍ വീടായി... ഒരു കുഴിയുണ്ടാക്കി മൂന്നു കല്ല്‌ വച്ച് അടുപ്പുണ്ടാക്കും.. ഒരു വക്കു പൊട്ടിയ അലുമിനിയപ്പാത്രം  ഞങ്ങള്‍ക്ക് കളിക്കാന്‍ മറിയത്താത്ത തന്നിരുന്നു .. അത് വെണ്ണീറൊക്കെയിട്ട് തേച്ചുമോറി.. വെള്ളമൊഴിച്ച് അടുപ്പത്തു വയ്ക്കും .. അതിലേക്കു തൊടിയില്‍ നിന്ന് പെറുക്കിയ പുളി, പഴുത്ത ചെറിയ ചുണ്ടങ്ങ, ചീനാപ്പറങ്കി, ഉപ്പ്.. ഒക്കെയിട്ട് തിളപ്പിക്കും.. പിന്നെ ചൂടാറിയ ശേഷം പ്ലാവില കുമ്പിള്‍ കൊണ്ട് അത് ഓരി വയ്ക്കും..ഉപ്പും പുളിയും എരിയും...അതിനു വല്ലാത്ത രുചിയായിരുന്നു.. എല്ലാത്തിനേക്കാളും അത് ഞങ്ങള്‍ ഒറ്റയ്ക്ക് ഉണ്ടാക്കിയതാണെന്ന അഭിമാനവും..

വേറൊരു ദിവസം അവള്‍ എന്നോട് തൊടിയില്‍ നിന്ന് മഞ്ഞള്‍ മാന്തി വരാന്‍ പറഞ്ഞു...
എന്തിനാന്നൊക്കെ യ്യ് ബടെ വരുമ്പോ പറയാം.. കൊണ്ടോര്..
രണ്ട് കഷണം പച്ച മഞ്ഞള്‍ അച്ഛമ്മ കാണാതെ പറിച്ച്‌ .. ഇല്ലി വേലിയില്‍ ഞങ്ങള്‍ ഉണ്ടാക്കിയ ഓട്ടയിലൂടെ നൂന്നു കേറി.. അവള്‍ രണ്ട് പച്ച ഈര്‍ക്കിലി കഷണങ്ങളുമായി കാത്തു നില്‍ക്കുന്നുന്ണ്ടായിരുന്നു..
ഒരു സാധനോം കൂടി വേണം .. യ്യ് വെല്ലിമ്മാടെ മുറുക്കാന്‍ പെട്ടീന്ന് ചുണ്ണാമ്പ് ചോയ്ക്ക്യോ? ഞാന്‍ ചോയിച്ചാ തരില്ല..

വെല്ലിമ്മയോട് ചുണ്ണാമ്പ് ചോദിച്ചപ്പോള്‍ ലത്തീഫ് കാക്ക കളിയാക്കി .. നീയാരെടി.. കള്ളിയങ്കാട്ട് നീലിയോ? ചുണ്ണാമ്പ് ചോയിച്ചെറങ്ങീരിക്ക്‌ണ്..

എനിക്കത് മനസ്സിലായില്ലെങ്കിലും ചുണ്ണാമ്പ് കിട്ടിയ സന്തോഷത്തില്‍ അതിനു മറുപടി പറയാതെ ഞാന്‍ ഓടി..
അപ്പോഴേക്കും മുംതാസ് മഞ്ഞളിന്റെ ഒരു ഭാഗം ചെത്തി അതില്‍ ഈര്‍ക്കില്‍ കൊണ്ട് കുത്തി ഒരു ചെറിയ കുഴിയുണ്ടാക്കിയിരുന്നു .. 
ഇനി ഇതില്‍ ചുണ്ണാമ്പ് ഇട്ടു കുത്തിയാല്‍ ചോന്ന് ചോന്ന് വരും.. ന്ന് ട്ട് ..മ്മക്ക് ഇതോണ്ട് മൈലാഞ്ചി ഇടാം..
അവള്‍ പറഞ്ഞത് സത്യം! അത് ചുമപ്പു നിറമായി മാറി..അത് അതേ ഈര്‍ക്കില്‍ കൊണ്ട് കയ്യില്‍ വരഞ്ഞ് ഞങ്ങള്‍ മൈലാഞ്ചി ഇട്ടു..

അന്ന് ഇല്ലി വേലിക്കല്‍ അവള്‍ പ്രത്യക്ഷപ്പെട്ടത് ഒരു കോഴിയേയും കൊണ്ടായിരുന്നു ... അവളുടെ പുള്ളിപ്പെട്ടക്കോഴി ..
ഈനെ ചെതല് തീറ്റിക്കാന്‍ പോകാം .. യ്യും പോര്..  മാഷെ വീടിന്റെ മുന്നിലെ പോസ്റ്റുംമ്മല് ചെതല്ണ്ട്..
പോസ്റ്റിലെ ചിതല്‍ കുറേശ്ശെ ഇളക്കി കൊടുത്താല്‍ കോഴി ചിതലൊക്കെ കൊത്തി തിന്നോളും.... ഒരു പോസ്റ്റ്‌ കഴിഞ്ഞപ്പോ.. അടുത്ത പോസ്റ്റ്‌ .. അങ്ങനെ കുറച്ചു ദൂരം പോയി.. 
ഇതാ ചിന്നമ്മൂന്‍റെ പെരക്കുട്ടിയല്ലേ.. ഇയ്യെന്താ കുട്ടീ ഇവ്‌ടെ?.. എന്തോ തലച്ചുമടായി പോകുകയായിരുന്നു ചക്കി അത് വഴി.. ഞങ്ങള്‍ കോഴീനെ ചെതല് തീറ്റിക്കാന്‍ വന്നതാ..
ചക്കി പോയ വഴിയിലേക്ക് തുറിച്ചു നോക്കിയിരുന്ന മുംതാസ് പെട്ടെന്ന് ഞെട്ടി ചാടിയെണീറ്റു...
പടച്ചോനേ.. ഇക്ക് അപ്പളേ തോന്നി ചക്കി കൊളുത്തീട്ട്ണ്ടാവുംന്ന്.. ചിന്നമ്മു അതാ വര്ണൂ ...
അച്ഛമ്മ വളരെ വേഗത്തില്‍ അവിടേക്ക് വരുന്നുണ്ടായിരുന്നു .. വഴിയില്‍ നിന്ന ശീമകൊന്നയില്‍ നിന്ന് ഒരു വടിയുണ്ടാക്കി .. അതിലെ ഇലയൊക്കെ വലിച്ചു പറിച്ച്‌..
നീ പേടിക്കണ്ട അച്ഛമ്മ അടിക്കും ന്നൊക്കെ പറയും അടിക്കില്ല... എന്ന് പറഞ്ഞു തിരിഞ്ഞു നോക്കിയപ്പോള്‍ മുംതാസിനെ കാണാനില്ല ... അവള്‍ ഇടവഴിയിലേക്ക് ചാടി, ഒരു കൈ കൊണ്ട് കോഴിയും മറ്റേ കൈ കൊണ്ട് മക്കനയും പിടിച്ചു ഓടുകയായിരുന്നു ...!!!!


നടക്ക് കുട്ട്യേ വീട്ടിലേക്ക്.. യ്യ് എനിക്കിങ്ങനെ എടങ്ങേരുണ്ടാക്കല്ലേ... അന്നേ കാണാണ്ട് ഞാന്‍ പേടിച്ച് പോയി.. അച്ഛമ്മ വടി വഴിയിലേക്കെറിഞ്ഞു കൊണ്ട് പറഞ്ഞു..

ഞാന്‍ പറഞ്ഞില്ലേ അച്ഛമ്മ അടിക്കുംന്നൊക്കെ പറയും.. പക്ഷെ അടിക്കില്ല.. പക്ഷെ കിട്ടി ഒരു ദിവസം.. ആ കഥ ഞാന്‍ പിന്നെ പറയാം...